Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightബഹിരാകാശത്ത്...

ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ വർധിക്കുന്നു; ഗുരുതര ഭീഷണിയെന്ന് മുന്നറിയിപ്പ്

text_fields
bookmark_border
space
cancel
camera_alt

പ്രതീകാത്മക ചിത്രം

ലണ്ടൻ: ആധുനിക സാങ്കേതികവിദ്യയുടെയും ആശയവിനിമയത്തിന്റെയും കുതിപ്പിനൊപ്പം ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന അമിത വർധനവ് വാനനിരീക്ഷണ മേഖലക്ക് കനത്ത ഭീഷണിയാകുന്നു. ഭൗമാന്തരീക്ഷത്തിന് പുറത്ത് മനുഷ്യൻ സൃഷ്ടിക്കുന്ന ഈ പ്രകാശ മലിനീകരണം ശാസ്ത്രത്തിന് തന്നെ വലിയൊരു ഭീഷണിയാണെന്ന് യൂറോപ്യൻ സതേൺ ഒബ്‌സർവേറ്ററി (ESO) നടത്തിയ പഠനം വ്യക്തമാക്കുന്നു.

നിലവിൽ ഭൂമിയെ വലംവെക്കുന്നത് ഏകദേശം 14,000 ഉപഗ്രഹങ്ങളാണ്. എന്നാൽ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ സംഖ്യ 1.7 ദശലക്ഷം (17 ലക്ഷം) ആയി ഉയരുമെന്നാണ് കണക്കുകൾ. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാർലിങ്ക്, സിന്നമൺ പ്രോജക്റ്റ്, ചൈനയുടെ സി.ടി.സി എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. എ.ഐയുടെ വിപുലീകരണത്തിനായി വൻതോതിൽ ഡാറ്റാ സെന്ററുകൾ ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് കമ്പനികൾ ഇത്രയധികം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഒരുങ്ങുന്നത്.

ഇതിൽ ഏറ്റവും വലിയ വിവാദം സൃഷ്ടിക്കുന്നത് റിലക്ട് ഓർബിറ്റൽ എന്ന അമേരിക്കൻ സ്റ്റാർട്ടപ്പിന്റെ പദ്ധതിയാണ്. രാത്രിയിൽ ഭൂമിയിലേക്ക് സൂര്യപ്രകാശം നേരിട്ട് പ്രതിഫലിപ്പിച്ച് ഇരുട്ടിനെ അകറ്റാനായി ഭീമാകാരമായ കണ്ണാടികളോട് കൂടിയ 50,000 ഉപഗ്രഹങ്ങളെയാണ് ഇവർ വിക്ഷേപിക്കാൻ പദ്ധതിയിടുന്നത്. ടെലിസ്കോപ്പുകളിലൂടെ പ്രപഞ്ചത്തെ നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞർക്ക് ഈ ഉപഗ്രഹങ്ങൾ വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.

ടെലിസ്കോപ്പുകൾ ആകാശത്തെ പകർത്തുന്ന ദീർഘനേര ചിത്രങ്ങളിൽ ഈ ഉപഗ്രഹങ്ങൾ കടന്നുപോകുമ്പോൾ വലിയ പ്രകാശരേഖകൾ പതിക്കുന്നു. ഇത് ചിത്രങ്ങളെ പൂർണ്ണമായും ഉപയോഗശൂന്യമാക്കുന്നു. ചിലിയിൽ നിർമിച്ചിട്ടുള്ള വെരാ സി. റൂബിൻ ഒബ്‌സർവേറ്ററിയിലെ അത്യാധുനിക കാമറകൾക്ക് പോലും ഇതിനെ അതിജീവിക്കാൻ കഴിയില്ലെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

രാത്രി ആകാശത്തിന്റെ സ്വാഭാവിക ഇരുട്ട് ഈ ഉപഗ്രഹങ്ങൾ നശിപ്പിക്കുന്നു. ആകാശത്തിന്റെ തെളിച്ചം നാല് മടങ്ങ് വർധിക്കുമെന്നും, നഗരപ്രാന്തങ്ങളിൽ താമസിക്കുന്നവർക്ക് അനുഭവപ്പെടുന്ന തരത്തിലുള്ള പ്രകാശ മലിനീകരണം ലോകമെമ്പാടും വ്യാപിപ്പിക്കുമെന്നും പഠനത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ഒലിവിയർ ഹെയ്‌നോട്ട് ചൂണ്ടിക്കാട്ടുന്നു.

ഉപഗ്രഹങ്ങളുടെ അമിതമായ സാന്നിധ്യം വാനനിരീക്ഷകർക്ക് മാത്രമുള്ള പ്രശ്നമല്ല. രാത്രിയിലെ അപ്രതീക്ഷിത വെളിച്ചം മനുഷ്യരുടെയും മൃഗങ്ങളുടെയും ജൈവഘടികാരത്തെ തകിടം മറിക്കും. ഇത് ആവാസവ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കും. കൂടാതെ, ബഹിരാകാശത്ത് ഇത്രയധികം ഉപഗ്രഹങ്ങൾ തിങ്ങിനിറയുന്നത് അവ തമ്മിൽ കൂട്ടിയിടിക്കാനും, അത് തുടർച്ചയായ സ്ഫോടനങ്ങൾക്ക് കാരണമാവാനും സാധ്യതയുണ്ട്.

ഭൂമിക്ക് ചുറ്റുമുള്ള ഉപഗ്രഹങ്ങളുടെ എണ്ണം പരമാവധി 1,00,000 ആയി പരിമിതപ്പെടുത്തണമെന്നും, അല്ലാത്തപക്ഷം വാനനിരീക്ഷണം അസാധ്യമാകുമെന്നും ശാസ്ത്രലോകം ആവശ്യപ്പെടുന്നു. അമേരിക്കൻ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) ആണ് ഈ പദ്ധതികൾക്ക് അനുമതി നൽകേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:satellitesScience NewsAstronomyspace explorationSpace Research Center
News Summary - Increase in satellites in space; Warning of serious threat
Next Story