ആകാശത്തേക്ക് കണ്ണെറിഞ്ഞ് ഗൂഗിൾ; സൗരോർജ ഡാറ്റാ സെന്‍ററുകൾ ഇനി ബഹിരാകാശത്തോ?
text_fieldsഭൂമിയിൽ കറന്‍റ് ബില്ലും തണുപ്പിക്കാൻ എസിയും വേണ്ടിവരുന്ന ഡാറ്റാ സെന്‍ററുകൾക്ക് പകരം, ബഹിരാകാശത്ത് സൂര്യപ്രകാശം മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന കൂറ്റൻ കമ്പ്യൂട്ടർ കേന്ദ്രങ്ങൾ വന്നാലോ? വൈദ്യുതി മുടങ്ങുമെന്ന പേടിയില്ല, പകൽ സൂര്യപ്രകാശം കിട്ടാൻ കാത്തിരിക്കേണ്ടതുമില്ല! കേൾക്കുമ്പോൾ സിനിമാക്കഥ പോലെ തോന്നുന്നില്ലേ? എന്നാൽ ഗൂഗിൾ ഈ ആശയത്തെ വെറുമൊരു ഭാവനയായി കാണുന്നില്ല. എ.ഐയുടെ ഭാവി ഭൂമിക്ക് പുറത്തേക്ക് മാറ്റാനുള്ള പരീക്ഷണങ്ങളിലാണ് കമ്പനി. അതായത്, നാളെ നമ്മൾ ഉപയോഗിക്കുന്ന എ.ഐയുടെ ബുദ്ധികേന്ദ്രങ്ങൾ ഭൂമിയിൽ മാത്രമായിരിക്കണമെന്നില്ല.
എന്തുകൊണ്ട് ഡാറ്റാ സെന്‍ററുകൾ ബഹിരാകാശത്ത് സ്ഥാപിച്ചുകൂടാ?
കേൾക്കുമ്പോൾ ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ ആശയമായി തോന്നാം. എന്നാൽ ഗൂഗിൾ ഈ സാധ്യത ഗൗരവമായി പരിശോധിച്ചുതുടങ്ങിയിട്ടുണ്ട്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന എ.ഐ കമ്പ്യൂട്ടിങ് സംവിധാനങ്ങൾ ഉപഗ്രഹങ്ങളിൽ സ്ഥാപിച്ച് ഭാവിയിൽ ബഹിരാകാശത്ത് തന്നെ ഡാറ്റാ സെന്‍ററുകൾ ഒരുക്കുകയാണ് ലക്ഷ്യം. ഇതിനായി ഗൂഗിൾ ആരംഭിച്ച ഗവേഷണ പദ്ധതിയാണ് 'പ്രൊജക്റ്റ് സൺകാച്ചർ'.ഇതിന്‍റെ ആദ്യ പരീക്ഷണ ഉപഗ്രഹം ഇതിനകം ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞു. മാത്രമല്ല, ബഹിരാകാശത്തുനിന്ന് എ.ഐ ഉപയോഗിച്ച് ആദ്യ മറുപടിയും ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്.
എന്താണ് പ്രൊജക്റ്റ് സൺകാച്ചർ?
ലളിതമായി പറഞ്ഞാൽ, സൂര്യപ്രകാശത്തിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിച്ച് പ്രവർത്തിക്കുന്ന എ.ഐ കമ്പ്യൂട്ടറുകൾ ഉപഗ്രഹങ്ങളിൽ സ്ഥാപിക്കാനുള്ള ഗൂഗിളിന്‍റെ ദീർഘകാല ഗവേഷണ പദ്ധതിയാണിത്.
ഇന്ന് എ.ഐ സേവനങ്ങൾ പ്രവർത്തിപ്പിക്കാൻ വലിയ കമ്പ്യൂട്ടിങ് ശേഷി ആവശ്യമാണ്. ചാറ്റ്ബോട്ടുകൾക്ക് മറുപടി നൽകുന്നതുമുതൽ ചിത്രങ്ങളും വിഡിയോകളും സൃഷ്ടിക്കുന്നതുവരെ നിരവധി ജോലികൾക്കായി ശക്തിയേറിയ പ്രോസസറുകൾ പ്രവർത്തിക്കണം. ഇവയെല്ലാം പ്രവർത്തിക്കുന്നത് വലിയ ഡാറ്റാ സെന്‍ററുകളിലാണ്.ഇത്തരം കമ്പ്യൂട്ടിങ് സംവിധാനങ്ങൾ ഭൂമിയിൽ മാത്രം ഒതുക്കാതെ ബഹിരാകാശത്തേക്കും വ്യാപിപ്പിക്കാനാകുമോ എന്നാണ് ഗൂഗിൾ പരിശോധിക്കുന്നത്. ഇതിനായി ഉപഗ്രഹങ്ങളിൽ പ്രത്യേക എ.ഐ ചിപ്പുകൾ സ്ഥാപിക്കും. അവയ്ക്ക് ആവശ്യമായ വൈദ്യുതി സൗരോർജത്തിലൂടെ ലഭ്യമാക്കും. നിരവധി ഉപഗ്രഹങ്ങളെ ലേസർ ആശയവിനിമയ സംവിധാനത്തിലൂടെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യും. അങ്ങനെ ഒറ്റപ്പെട്ട ഉപഗ്രഹങ്ങളല്ല, ഒരുമിച്ച് പ്രവർത്തിക്കുന്ന വലിയൊരു കമ്പ്യൂട്ടിങ് ശൃംഖലയായിരിക്കും ലക്ഷ്യം.
എന്തിനാണ് ഡാറ്റാ സെന്‍ററുകൾ ബഹിരാകാശത്തേക്ക് മാറ്റുന്നത്?
ഇവിടെയാണ് പദ്ധതിയുടെ പ്രധാന കൗതുകം. ഭൂമിയിലെ ഡാറ്റാ സെന്‍ററുകൾ നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികളാണ് വൈദ്യുതിയുടെ ആവശ്യവും ചൂട് നിയന്ത്രിക്കലും.എ.ഐ ചിപ്പുകൾക്ക് വലിയ അളവിൽ വൈദ്യുതി ആവശ്യമാണ്. അവ പ്രവർത്തിക്കുമ്പോൾ ഗണ്യമായ ചൂടും ഉൽപ്പാദിപ്പിക്കുന്നു. ഈ ചൂട് നിയന്ത്രിക്കാൻ ഫാനുകൾ, എയർ കണ്ടീഷനിങ്, ചില സംവിധാനങ്ങളിൽ വെള്ളം ഉപയോഗിച്ചുള്ള കൂളിങ് എന്നിവ ആവശ്യമാണ്.
എന്നാൽ ബഹിരാകാശത്ത് സൂര്യപ്രകാശം കൂടുതൽ നേരം ലഭിക്കുന്ന പ്രത്യേക ഭ്രമണപഥങ്ങളിൽ സൗരോർജം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനാകും. ഗൂഗിളിന്‍റെ ഗവേഷണമനുസരിച്ച് അനുയോജ്യമായ ഭ്രമണപഥത്തിൽ സൗരപാനലുകൾക്ക് ഭൂമിയിലേതിനേക്കാൾ എട്ടിരട്ടി വരെ കൂടുതൽ ഊർജം ഉൽപ്പാദിപ്പിക്കാൻ സാധ്യതയുണ്ട്.മാത്രമല്ല, അത്തരം ഭ്രമണപഥങ്ങളിൽ ഏതാണ്ട് തുടർച്ചയായി സൂര്യപ്രകാശം ലഭിക്കുന്നതിനാൽ രാത്രിയും പകലും മാറിമാറി വരുന്നതുമൂലമുള്ള ഊർജലഭ്യതയിലെ കുറവ് ഒരു പരിധിവരെ ഒഴിവാക്കാം.അതായത്, വലിയ വൈദ്യുതി ആവശ്യങ്ങളുള്ള എ.ഐ സംവിധാനങ്ങൾക്ക് ബഹിരാകാശം ഒരു പുതിയ ഊർജസ്രോതസ്സാകുമെന്നാണ് ഗൂഗിളിന്‍റെ പ്രതീക്ഷ.
ആദ്യ പരീക്ഷണത്തിൽ എന്തൊക്കെ?
2026 ഒക്ടോബർ ഒന്നിനാണ് ഗൂഗിളും ഉപഗ്രഹ നിർമാണ കമ്പനിയായ പ്ലാനറ്റും ചേർന്ന് ആദ്യ പ്രോട്ടോടൈപ്പ് ഉപഗ്രഹം ബഹിരാകാശത്തേക്ക് അയച്ചത്. സ്പേസ് എക്സിന്‍റെഫാൽക്കൺ 9 റോക്കറ്റിൽ നടന്ന ട്രാൻസ്പോർട്ടർ-18 വിക്ഷേപണ ദൗത്യ ഭാഗമായിട്ടായിരുന്നു ഇത്.ഒരു ഫ്രിഡ്ജിനോളം വലിപ്പമുള്ള ഈ പരീക്ഷണ ഉപഗ്രഹത്തിൽ ഗൂഗിളിന്‍റെ നാല് ടെൻസർ പ്രോസസിങ് യൂനിറ്റുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
എന്താണ് ടി.പി.യു?
സാധാരണ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന പ്രോസസറുകളിൽനിന്ന് വ്യത്യസ്തമായി എ.ഐയുമായി ബന്ധപ്പെട്ട കണക്കുകൂട്ടലുകൾ വേഗത്തിൽ നിർവഹിക്കാൻ ഗൂഗിൾ പ്രത്യേകം വികസിപ്പിച്ച ചിപ്പുകളാണിവ. എ.ഐ മോഡലുകളെ പരിശീലിപ്പിക്കാനും അവ ഉപയോഗിച്ച് മറുപടികൾ സൃഷ്ടിക്കാനും ഇത്തരം ചിപ്പുകൾ സഹായിക്കുന്നു.ഈ ചിപ്പുകൾ ബഹിരാകാശത്ത് എങ്ങനെ പ്രവർത്തിക്കുമെന്നാണ് ആദ്യ പരീക്ഷണത്തിലൂടെ പരിശോധിക്കുന്നത്. റോക്കറ്റ് വിക്ഷേപണത്തിലെ ശക്തമായ പ്രകമ്പനങ്ങൾ, ബഹിരാകാശത്തെ റേഡിയേഷൻ, കടുത്ത താപനില വ്യതിയാനങ്ങൾ എന്നിവയെ അതിജീവിക്കാൻ അവയ്ക്ക് കഴിയുമോ എന്നറിയണം.
ബഹിരാകാശത്തുനിന്ന് കവിതയുമായി എ.ഐ മറുപടി!
ഈ പരീക്ഷണത്തിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടം 2026 ഒക്ടോബർ 30-നാണ് ഗൂഗിൾ പുറത്തുവിട്ടത്. ഉപഗ്രഹത്തിലെ ടി.പി.യു ചിപ്പുകൾ പ്രവർത്തിപ്പിച്ച് ഗൂഗിളിന്‍റെ ജെമ്മ 4 എ.ഐ മോഡൽ ഉപയോഗിച്ച് ആദ്യ മറുപടി സൃഷ്ടിക്കാൻ കഴിഞ്ഞതായി കമ്പനി അറിയിച്ചു. ബഹിരാകാശത്തെക്കുറിച്ച് ഒരു ചെറിയ കവിത എഴുതാനായിരുന്നു ആദ്യ നിർദേശം. ഉപഗ്രഹം സൃഷ്ടിച്ച മറുപടി ഭൂമിയിലെ ഗ്രൗണ്ട് സ്റ്റേഷനിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
തുടർന്ന് ബഹിരാകാശത്തെക്കുറിച്ചുള്ള മറ്റ് എഴുത്തുപരീക്ഷണങ്ങളും ഉപഗ്രഹ പ്രവർത്തനനില അറിയാനുള്ള നിർദേശങ്ങളും പരീക്ഷിച്ചു.ഇത് കേൾക്കുമ്പോൾ വലിയ നേട്ടമായി തോന്നുമെങ്കിലും, ഇപ്പോൾ നടന്നത് ചെറിയ തോതിലുള്ള പരീക്ഷണങ്ങളാണ്. ബഹിരാകാശത്ത് ഒരു എ.ഐ ചിപ്പ് പ്രവർത്തിപ്പിച്ച് ഭൂമിയിലേക്ക് മറുപടി അയക്കാൻ കഴിയുമെന്നതിന്‍റെ ആദ്യ തെളിവാണിത്. പൂർണതോതിലുള്ള ഡാറ്റാ സെന്റർ പ്രവർത്തനം തുടങ്ങാൻ സമയമെടുക്കും.
ബഹിരാകാശത്ത് കമ്പ്യൂട്ടറുകൾ എങ്ങനെ തണുപ്പിക്കും?
ഇതാണ് പ്രൊജക്റ്റ് സൺകാച്ചറിന്‍റെ ഏറ്റവും വലിയ സാങ്കേതിക വെല്ലുവിളികളിലൊന്ന്.ഭൂമിയിൽ കമ്പ്യൂട്ടറുകൾ ചൂടാകുമ്പോൾ ഫാനുകളും എയർ കണ്ടീഷനിങ് സംവിധാനങ്ങളും ഉപയോഗിച്ച് ചൂട് പുറത്തേക്ക് മാറ്റാം. എന്നാൽ ബഹിരാകാശത്ത് വായു തന്നെയില്ല. അതിനാൽ സാധാരണ രീതിയിലുള്ള കൂളിങ് അവിടെ സാധ്യമല്ല.ഇതിനായി ഹീറ്റ് പൈപ്പുകളും റേഡിയേറ്ററുകളും ഉപയോഗിക്കുന്ന രീതിയാണ് ഗൂഗിൾ പരീക്ഷിക്കുന്നത്. ചിപ്പുകളിൽ ഉണ്ടാകുന്ന ചൂട് പ്രത്യേക സംവിധാനങ്ങളിലൂടെ റേഡിയേറ്ററിലേക്ക് എത്തിക്കും. അവിടെനിന്ന് ഇൻഫ്രാറെഡ് വികിരണ രൂപത്തിൽ ചൂട് ബഹിരാകാശത്തേക്ക് പുറന്തള്ളും.എന്നാൽ ബഹിരാകാശം തണുപ്പുള്ള സ്ഥലമാണെന്നതുകൊണ്ട് മാത്രം കമ്പ്യൂട്ടറുകൾ ചൂടാകില്ലെന്ന് കരുതരുത്. വായുവില്ലാത്തതിനാൽ ഭൂമിയിലെന്നപോലെ ചൂട് കൈമാറാനും പുറത്തുകളയാനും കഴിയില്ല. അതുകൊണ്ടുതന്നെ പ്രത്യേക കൂളിങ് സംവിധാനം അനിവാര്യമാണ്.
നിലവിലെ പരീക്ഷണത്തിൽ ചിപ്പുകൾക്ക് തുടർച്ചയായി ദീർഘനേരം പ്രവർത്തിക്കാൻ കഴിയുന്നില്ല. ചൂട് നിയന്ത്രിക്കുന്നതിനുള്ള പരിമിതികൾ കാരണം ഏകദേശം 15 മുതൽ 20 മിനിറ്റ് വരെയുള്ള ചെറിയ പ്രവർത്തനഘട്ടങ്ങളിലാണ് പരീക്ഷണങ്ങൾ നടക്കുന്നത്. അതിനുശേഷം ചൂട് കുറയ്ക്കാൻ ഇടവേള ആവശ്യമാണ്.
ഉപഗ്രഹങ്ങൾ തമ്മിൽ എങ്ങനെ സംസാരിക്കും?
ഭാവിയിൽ ഒരു ഉപഗ്രഹം മാത്രമായിരിക്കില്ല ഈ പദ്ധതിയുടെ ഭാഗം. നിരവധി ഉപഗ്രഹങ്ങൾ പരസ്പരം ബന്ധിപ്പിച്ച് ഒരുമിച്ച് പ്രവർത്തിക്കുന്ന കമ്പ്യൂട്ടിങ് ശൃംഖലയാണ് ഗൂഗിളിന്‍റെ ലക്ഷ്യം.ഇവ തമ്മിൽ വിവരങ്ങൾ കൈമാറാൻ ഹൈസ്പീഡ് ലേസർ ആശയവിനിമയ സംവിധാനമാണ് പരിഗണിക്കുന്നത്.സാധാരണ റേഡിയോ തരംഗങ്ങൾക്കുപകരം ലേസർ പ്രകാശം ഉപയോഗിച്ച് വിവരങ്ങൾ കൈമാറുന്ന രീതിയാണിത്. എന്നാൽ ഉപഗ്രഹങ്ങൾ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നതിനാൽ അവയ്ക്കിടയിലെ കൃത്യമായ ബന്ധം നിലനിർത്തുക എളുപ്പമല്ല. ചെറിയ ദിശാവ്യതിയാനം പോലും ആശയവിനിമയത്തെ ബാധിക്കാം.ഇതിന്‍റെ പ്രായോഗികത പരിശോധിക്കാൻ 2027-ൽ പരസ്പരം ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കാവുന്ന രണ്ട് ഉപഗ്രഹങ്ങൾ കൂടി പരീക്ഷിക്കാനാണ് ഗൂഗിളും പ്ലാനറ്റും ലക്ഷ്യമിടുന്നത്.
81 ഉപഗ്രഹങ്ങൾ അടങ്ങിയ ശൃംഖലയോ?
ഗൂഗിൾ ഗവേഷണരേഖയിൽ കൂടുതൽ വലിയൊരു ആശയവും അവതരിപ്പിക്കുന്നുണ്ട്. ഏകദേശം ഒരു കിലോമീറ്റർ വിസ്തൃതിയുള്ള ശൃംഖലയിൽ 81 ഉപഗ്രഹങ്ങൾ പരസ്പരം ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന മാതൃകയും അതിൽ പഠിക്കുന്നുണ്ട്.ഓരോ ഉപഗ്രഹത്തിലും നിരവധി എ.ഐ ചിപ്പുകൾ സ്ഥാപിച്ച് അവയെല്ലാം ഒരുമിച്ച് പ്രവർത്തിപ്പിക്കുകയാണ് ലക്ഷ്യം.
ഇതിന് ചെലവ് എത്ര?
ഇത്രയും ഉപഗ്രഹങ്ങളും ചിപ്പുകളും ബഹിരാകാശത്തേക്ക് എത്തിക്കുക എന്നത് വലിയ സാമ്പത്തിക വെല്ലുവിളിയാണ്.ഒരു സാധാരണ ഡാറ്റാ സെന്‍റർ ഭൂമിയിൽ സ്ഥാപിക്കുമ്പോൾ നേരിടുന്ന ചെലവുകൾക്ക് പുറമേ, ബഹിരാകാശത്തേക്ക് ഉപകരണങ്ങൾ എത്തിക്കാനും അവയുടെ അറ്റകുറ്റപ്പണികൾക്കും വലിയ തുക വേണ്ടിവരും. ഭൂമിയിലെ ഡാറ്റാ സെന്‍ററുകളിൽ കേടായ ഒരു ചിപ്പ് മാറ്റിസ്ഥാപിക്കുന്നത് താരതമ്യേന എളുപ്പമാണ്. എന്നാൽ ബഹിരാകാശത്ത് അങ്ങനെ ചെയ്യാൻ കഴിയില്ല. അതിനാൽ ഉപകരണങ്ങളുടെ വിശ്വാസ്യതയും അധിക സംവിധാനങ്ങളും നിർണായകമാണ്. വിക്ഷേപണച്ചെലവ് ഭാവിയിൽ ഗണ്യമായി കുറഞ്ഞാൽ മാത്രമേ ഇത്തരം പദ്ധതികൾ സാമ്പത്തികമായി മത്സരക്ഷമമാകൂ എന്നാണ് ഗൂഗിളിന്‍റെ ഗവേഷണത്തിലെ വിലയിരുത്തൽ. സ്റ്റാർഷിപ്പ് പോലുള്ള പുനരുപയോഗിക്കാവുന്ന റോക്കറ്റുകളുടെ വികസനവും ഇതിൽ പ്രധാനമാണ്.
ഭൂമിയിലെ ഡാറ്റാ സെന്‍ററുകൾക്ക് പകരമാകുമോ?
ബഹിരാകാശത്ത് എ.ഐ ചിപ്പുകൾ പ്രവർത്തിപ്പിക്കാമെന്ന് തെളിയിക്കുന്നത് തന്നെ നിരവധി കടമ്പ നിറഞ്ഞതാണ്. ആയിരക്കണക്കിന് ചിപ്പുകളുള്ള വലിയൊരു ഡാറ്റാ സെന്‍റർ അവിടെ സ്ഥാപിച്ച് ചെലവുകുറഞ്ഞ രീതിയിൽ തുടർച്ചയായി പ്രവർത്തിപ്പിക്കാനാവുക എന്നത് ഹിമാലയൻ ടാസ്കുമാണ്.റേഡിയേഷൻ, ചൂട് നിയന്ത്രണം, ഉപഗ്രഹങ്ങൾ തമ്മിലുള്ള ആശയവിനിമയം, അറ്റകുറ്റപ്പണി, വിക്ഷേപണച്ചെലവ് തുടങ്ങി നിരവധി വെല്ലുവിളികൾ ഇനിയും പരിഹരിക്കേണ്ടതുണ്ട്.അതുകൊണ്ടുതന്നെ പ്രൊജക്റ്റ് സൺകാച്ചറിനെ ഇപ്പോൾ ഒരു പുതിയ വാണിജ്യ സേവനമായി കാണാനാവില്ല. ഭാവിയിൽ എ.ഐ കമ്പ്യൂട്ടിങ് സംവിധാനങ്ങൾ എവിടെയൊക്കെ സ്ഥാപിക്കാനാകുമെന്നതിനെക്കുറിച്ചുള്ള ഗൗരവമായ ഗവേഷണമാണ് ഇത്.
ഭൂമിയിലെ ഡാറ്റാ സെന്‍ററുകൾക്ക് പകരം നാളെ ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ നിരന്നുനിൽക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. പക്ഷേ, ഒരുകാലത്ത് സയൻസ് ഫിക്ഷൻ കഥകളിൽ മാത്രം കണ്ടിരുന്ന ആശയത്തെ യാഥാർഥ്യത്തിലേക്ക് അടുപ്പിക്കുന്ന പരീക്ഷണങ്ങളാണ് നടക്കുന്നത്. ആകാശത്തേക്ക് കണ്ണെറിഞ്ഞുള്ള ഗൂഗിളിന്റെ ഈ നീക്കം വിജയിച്ചാൽ, ഭാവിയിലെ എ.ഐ ലോകത്തിന്‍റെ പ്രവർത്തനരീതിയിൽ തന്നെ വലിയ മാറ്റമുണ്ടായേക്കാം.

