Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

55 ഭാഷകളിൽ 'ഹലോ', 27 ഗാനങ്ങളുടെ പ്ലേലിസ്റ്റ്: ഭൂമിയിൽ നിന്ന് നക്ഷത്രാന്തര ലോകത്തേക്ക് വോയേജർ 1 കൊണ്ടുപോകുന്നതെന്തെല്ലാം?

text_fields
bookmark_border
55 ഭാഷകളിൽ ഹലോ, 27 ഗാനങ്ങളുടെ പ്ലേലിസ്റ്റ്: ഭൂമിയിൽ നിന്ന് നക്ഷത്രാന്തര ലോകത്തേക്ക് വോയേജർ 1 കൊണ്ടുപോകുന്നതെന്തെല്ലാം?
cancel

വോയേജർ 1 ഭൂമിയിൽ നിന്ന് ഔദ്യോഗികമായി ഒരു പ്രകാശദിനം അകലെ എത്തിയിരിക്കുകയാണ്. അതായത്, പേടകത്തിലേക്ക് ഒരു സന്ദേശം അയക്കാനോ അവിടെ നിന്ന് തിരികെ ലഭിക്കാനോ ഇനി 24 മണിക്കൂർ എടുക്കും. നാസയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നാഴികക്കല്ലാണ്. ഇതോടെ, ഈ ബഹിരാകാശ പേടകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഗോൾഡൻ റെക്കോർഡിനെക്കുറിച്ചാണ് ആളുകൾക്ക് ഇപ്പോൾ ഏറെ കൗതുകം.

1977ൽ നാസ വോയേജർ 1 വിക്ഷേപിച്ചപ്പോൾ ഭാവിയിലെപ്പോഴെങ്കിലും ഈ പേടകം കണ്ടെത്താൻ സാധ്യതയുള്ള പ്രപഞ്ചത്തിലെ അന്യഗ്രഹജീവികൾക്കായി മനുഷ്യരാശിയുടെ ഒരു തുറന്ന കത്ത് പോലെ ഒരു ടൈം ക്യാപ്‌സ്യൂൾ ബഹിരാകാശത്തേക്ക് അയക്കാനാണ് അവർ ആഗ്രഹിച്ചത്. ഇതൊരു വെറും ഡിജിറ്റൽ ഫയലോ പ്രക്ഷേപണമോ അല്ല, മറിച്ച് ഭൂമിയിൽ നിന്നുള്ള വിവിധതരം ശബ്ദങ്ങളും ചിത്രങ്ങളും സംഗീതവും ഉൾക്കൊള്ളുന്ന ഒരു പഴയകാല ഫോണോഗ്രാഫ് റെക്കോർഡാണ്.

വോയേജർ 1, വോയേജർ 2 എന്നിവയിലെ ഗോൾഡൻ റെക്കോർഡ്

വോയേജർ 1ലും വോയേജർ 2ലും സ്വന്തമായി ഗോൾഡൻ റെക്കോർഡുകളുണ്ട്. ഏകദേശം ഒരടി വ്യാസമുള്ള, സ്വർണം പൂശിയ ചെമ്പ് ഡിസ്കുകളാണിവ. സംരക്ഷണത്തിനായി ഇവ അലുമിനിയം കവറുകൾക്കുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്. അന്യഗ്രഹജീവികൾക്ക് ഇത് എങ്ങനെ പ്രവർത്തിപ്പിക്കാമെന്ന് മനസിലാക്കാൻ, ഓരോ റെക്കോർഡിനൊപ്പവും ഒരു സൂചിയും കാർട്രിഡ്ജും കൂടാതെ ചിഹ്നങ്ങളിലുള്ള രഹസ്യ നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പേടകത്തിന്‍റെ ഉത്ഭവസ്ഥാനവും പ്രവർത്തന നിർദ്ദേശങ്ങളും കവറിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രശസ്ത ശാസ്ത്രജ്ഞൻ കാൾ സാഗനും തിരഞ്ഞെടുക്കപ്പെട്ട ശാസ്ത്രജ്ഞരും സംഗീതജ്ഞരും വിദഗ്ധരും അടങ്ങുന്ന സംഘവുമാണ് ഗോൾഡൻ റെക്കോർഡിന് പിന്നിൽ പ്രവർത്തിച്ചത്. ഇത് കണ്ടെത്തുന്ന ആർക്കും മനുഷ്യരാശിയെ കൃത്യമായി പരിചയപ്പെടുത്താൻ കഴിയുന്ന ഒന്ന് സൃഷ്ടിക്കാനാണ് അവർ ആഗ്രഹിച്ചത്.

വോയേജർ 1ലെ ഗോൾഡൻ റെക്കോർഡിൽ എന്തൊക്കെയുണ്ട്?

ചിത്രങ്ങൾ, സന്ദേശങ്ങൾ, പ്രകൃതിദത്ത ശബ്ദങ്ങൾ, സംഗീതം എന്നിവയുടെ അത്ഭുതകരമായ ഒരു മിശ്രിതമാണ് നാസ ഇതിനായി തിരഞ്ഞെടുത്തത്. ഗണിതം, രസതന്ത്രം മുതൽ ഭൂമിശാസ്ത്രം, ജീവശാസ്ത്രം വരെയുള്ള കാര്യങ്ങൾ ഇതിലെ ഫോട്ടോകളും ഡയഗ്രമുകളും ഉൾക്കൊള്ളുന്നു. ലോകമെമ്പാടുമുള്ള ആളുകളുടെ ചിത്രങ്ങൾ, ദൈനംദിന ജീവിതത്തിലെ രംഗങ്ങൾ, ഡി.എൻ.എ, ക്രോമസോമുകൾ, സൗരയൂഥം, നമ്മുടെ ഭൂമി എന്നിവയുടെ ചിത്രങ്ങളും ഇതിലുണ്ട്. ശരിയായ സാങ്കേതികവിദ്യയുള്ള അന്യഗ്രഹജീവികൾക്ക് ഇവ പുനർനിർമ്മിക്കാൻ കഴിയുന്ന തരത്തിൽ അനലോഗ് ഫോർമാറ്റിലാണ് എല്ലാ ചിത്രങ്ങളും എൻകോഡ് ചെയ്തിരിക്കുന്നത്.

പ്രകൃതിദത്ത ശബ്ദങ്ങളുടെ ശേഖരമാണ് ഈ റെക്കോർഡിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. ഇതിൽ കടൽ തിരമാലകൾ, കാറ്റ്, ഇടിമിന്നൽ, പക്ഷികൾ, തിമിംഗലങ്ങൾ എന്നിവയുടയെല്ലാം ശബ്ദം ഉണ്ട്. ഇവയെല്ലാം ഭൂമിയുടെ തന്നെ ഒരു നേർസാക്ഷ്യമാണ്. ജീവൻ ഉണ്ടാകുന്നതിന് മുമ്പുള്ള അന്തരീക്ഷത്തിൽ തുടങ്ങി മനുഷ്യ നാഗരികതയുടെ വളർച്ച വരെയുള്ള നമ്മുടെ ഗ്രഹത്തിന്‍റെ പരിണാമത്തെ പിന്തുടരുന്ന ഒരു 'ശബ്ദ ഉപന്യാസം' (Sound essay) എന്നാണ് നാസ ഇതിനെ വിശേഷിപ്പിക്കുന്നത്. പ്രകൃതി മുതൽ ജീവജാലങ്ങൾ വരെ ഭൂമി യഥാർഥത്തിൽ എങ്ങനെയാണെന്ന് സൗരയൂഥത്തിന് പുറത്തുള്ളവർക്ക് മനസിലാക്കിക്കൊടുക്കാനുള്ള ഒരു മാർഗമാണിത്.

55 ഭാഷകളിൽ 'ഹലോ'

1977ലെ നാസയുടെ പത്രക്കുറിപ്പ് പ്രകാരം ഏകദേശം 60 ഭാഷകളിലുള്ള ആശംസകൾ ഇതിലുണ്ട്. എന്നാൽ ഏറ്റവും പുതിയ നാസ റിപ്പോർട്ടുകൾ പ്രകാരം 55 ഭാഷകളിലാണ് 'ഹലോ' ഉൾപ്പെടുത്തിയിരിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മെസൊപ്പൊട്ടേമിയയിൽ സംസാരിച്ചിരുന്ന അക്കാഡിയൻ ഭാഷയിൽ ആരംഭിച്ച് ചൈനീസ് ഭാഷാഭേദമായ വു ഭാഷയിലാണ് ഈ ആശംസകൾ അവസാനിക്കുന്നത്.

അന്നത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ കുർട്ട് വാൾഡ്‌ഹൈമും ഇതിൽ ഒരു സന്ദേശം റെക്കോർഡ് ചെയ്തിട്ടുണ്ട്. ഇവയ്‌ക്കൊപ്പം, സമാധാനത്തിനായുള്ള പ്രത്യാശ പ്രകടിപ്പിക്കുന്നതും ഈ ചെറിയ റെക്കോർഡ് മനുഷ്യരാശിയുടെ പരിശ്രമങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് വിശദീകരിക്കുന്നതുമായ യു.എസ് പ്രസിഡന്റ് ജിമ്മി കാർട്ടറുടെയും വാൾഡ്‌ഹൈമിന്റെയും എഴുതിയ സന്ദേശങ്ങളും റെക്കോർഡിൽ സൂക്ഷിച്ചിട്ടുണ്ട്.

ചരിത്രത്തിലുടനീളമുള്ളതും വിവിധ സംസ്കാരങ്ങളിൽ നിന്നുള്ളതുമായ ഏകദേശം 90 മിനിറ്റ് ദൈർഘ്യമുള്ള സംഗീത ശകലങ്ങൾ ഗോൾഡൻ റെക്കോർഡിലുണ്ട്. ബാക്ക്, ബീഥോവൻ, മൊസാർട്ട്, സ്ട്രാവിൻസ്കി, ഇന്ത്യൻ രാഗം, ജാപ്പനീസ് ഷകുഹാച്ചി, ചൈനീസ് ചിൻ തുടങ്ങിയവ അടങ്ങുന്നതാണ് ഈ പ്ലേ ലിസ്റ്റ്.

അന്യഗ്രഹജീവികളിൽ നിന്ന് മറുപടി പ്രതീക്ഷിച്ചല്ല, മറിച്ച് മനുഷ്യരാശിയുടെയും നമ്മുടെ ഭൂമിയുടെയും ഒരു നേർചിത്രം അനന്തമായ പ്രപഞ്ചത്തിലേക്ക് സമർപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഗോൾഡൻ റെക്കോർഡ് രൂപകൽപ്പന ചെയ്തത്. വോയേജർ 1 സൗരയൂഥത്തിനപ്പുറത്തേക്ക് കൂടുതൽ ദൂരം സഞ്ചരിക്കുമ്പോൾ, നമ്മുടെ പ്രതീക്ഷകളും സംസ്കാരവും ഉൾക്കൊള്ളുന്ന ഈ ചെറിയ സ്വർണ ഡിസ്ക് നക്ഷത്രാന്തര ലോകത്തേക്ക് നിശബ്ദമായ യാത്ര തുടരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - golden record in voyager 1
Next Story