Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ്യാൻമറിൽ വിസ്മയമായി ഭീമൻ മാണിക്യം! 11,000 കാരറ്റ് ഭാരമുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ മാണിക്യം

text_fields
bookmark_border
മ്യാൻമറിൽ വിസ്മയമായി ഭീമൻ മാണിക്യം! 11,000 കാരറ്റ് ഭാരമുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ മാണിക്യം
cancel

മ്യാൻമറിലെ രത്ന വ്യാപാരത്തിന്റെ ഹൃദയഭൂമിയായ മൊഗോക്കിലെ ഖനികളിൽനിന്ന് 11,000 കാരറ്റ് ഭാരമുള്ള (ഏകദേശം 2.2 കിലോഗ്രാം) അപൂർവമായ ഒരു ഭീമൻ മാണിക്യം കണ്ടെത്തി. രാജ്യത്ത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് രണ്ടാമത്തെ വലിയ മാണിക്യമായി കണക്കാക്കപ്പെടുന്ന ഈ രത്നം സംഘർഷബാധിതമായ അപ്പർ മണ്ടാലെ മേഖലയിൽനിന്നാണ് കുഴിച്ചെടുത്തതെന്ന് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മ്യാൻമറിന്റെ പാരമ്പര്യ പുതുവത്സരാഘോഷങ്ങൾക്ക് തൊട്ടുപിന്നാലെ ഏപ്രിൽ പകുതിയോടെയാണ് ഈ പരുക്കൻ കല്ല് ഖനിത്തൊഴിലാളികൾക്ക് ലഭിച്ചത്.

1996ൽ കണ്ടെത്തിയ 21,450 കാരറ്റ് ഭാരമുള്ള റെക്കോഡ് മാണിക്യത്തിന്റെ പകുതിയോളം വലിപ്പമേ ഇതിനുള്ളൂ എങ്കിലും നിറത്തിലും ഗുണനിലവാരത്തിലും പുതിയ കണ്ടെത്തൽ അതിനെ മറികടക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. മഞ്ഞ കലർന്ന പർപ്പിൾ-ചുവപ്പ് നിറവും, ഉയർന്ന സുതാര്യതയും, തിളക്കമേറിയ ഉപരിതലവും ഈ മാണിക്യത്തിന് സമാനതകളില്ലാത്ത മൂല്യം നൽകുന്നു. ലോകത്തെ മാണിക്യ ഉൽപാദനത്തിന്റെ 90 ശതമാനവും മൊഗോക്ക്, മോങ് സു മേഖലകളിൽനിന്നായതിനാൽ മ്യാൻമറിന്റെ രത്ന സമ്പത്തിന് ഈ കണ്ടെത്തൽ വൻ മുതൽക്കൂട്ടാകും.

ഈ കണ്ടെത്തൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും മനുഷ്യാവകാശ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. മ്യാൻമറിലെ രത്നവ്യാപാരം വർഷങ്ങളായി സൈനിക ഭരണകൂടത്തിന് വൻതോതിൽ സാമ്പത്തിക നേട്ടം നൽകുന്നുണ്ടെന്ന് ഗ്ലോബൽ വിറ്റ്‌നസ് പോലുള്ള അന്താരാഷ്ട്ര സംഘടനകൾ ആരോപിക്കുന്നു. സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ മിൻ ഓങ് ഹ്ലൈംഗും അദ്ദേഹത്തിന്റെ മന്ത്രിസഭയും അടുത്തിടെ ഈ ഭീമൻ മാണിക്യം നേരിട്ട് പരിശോധിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയെ വിമർശിക്കുന്ന പ്രതിപക്ഷവും മനുഷ്യാവകാശ ഗ്രൂപ്പുകളും ഇത്തരം വിഭവങ്ങൾ സൈനിക അടിച്ചമർത്തലുകൾക്ക് വളമാകുമെന്ന് ഭയപ്പെടുന്നു. രത്നഖനന മേഖലകളിൽ നിന്നുള്ള വരുമാനം സ്വയംഭരണം തേടുന്ന വംശീയ സായുധ ഗ്രൂപ്പുകൾക്കും സൈന്യത്തിനുമിടയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ആഭ്യന്തര സംഘർഷങ്ങളുടെ പ്രധാന സ്രോതസ്സാണ്.

2024 ജൂലൈയിൽ ടാങ് നാഷണൽ ലിബറേഷൻ ആർമി എന്ന ഗറില്ലാ ഗ്രൂപ്പ് മൊഗോക്ക് പ്രവിശ്യയും രത്നഖനികളും പിടിച്ചെടുത്തിരുന്നെങ്കിലും പിന്നീട് ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിൽ വെടിനിർത്തൽ കരാർ പ്രകാരം അധികാരം സൈന്യത്തിന് തിരികെ നൽകുകയായിരുന്നു. ഇത്തരം സംഘർഷഭരിതമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ മ്യാൻമറിൽ നിന്നുള്ള രത്നക്കല്ലുകൾ വാങ്ങുന്നത് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആഗോള ജ്വല്ലറികളോട് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Giant ruby discovered in Myanmar! Country's second-largest ruby weighing 11,000 carats
Next Story