'ഓടും റോബോട്ട് ചാടും റോബോട്ട് വെള്ളം കണ്ടാൽ നിക്കും റോബോട്ട്'; നാല് കാലുള്ള റോബോട്ടിനെ നിർമിച്ച് ജപ്പാനിലെ ഒരു കമ്പനി
text_fieldsരണ്ട് കാലുമായി മനുഷ്യ സാമ്യമുള്ള റോബോട്ടുകൾക്ക് പിന്നാലെ നാല് കാലിൽ ഒരു മൃഗത്തിന്‍റെ രൂപത്തിലുള്ള റോബോട്ടിനെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ് ജപ്പാനിലെ ഒരു കമ്പനി. കവാസാക്കി ഹെവി ഇൻഡസ്ട്രീസ് ആണ് 'ബെക്സ്' എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.
റോബോട്ടിനെ ഉപയോഗിച്ച് രാജ്യത്തെ പ്രായമായ സമൂഹത്തെ സഹായിക്കാനാകുമെന്ന് കരുതുന്നതായി നിർമാതാക്കൾ പറഞ്ഞു. ബെക്സിന് തന്‍റെ നാല് കാലുകളും ഉപയോഗിച്ച് നടക്കാൻ സാധിക്കും. നിരപ്പായ സ്ഥലത്ത് കൂടെയല്ലാതെ ഏതൊരു വസ്തുവിന് മുകളിലൂടെയും ബെക്സിന് നടക്കാൻ സാധിക്കുമെന്ന് കവാസാക്കി ഹെവി ഇൻഡസ്ട്രീസിന്‍റെ ജനറൽ മാനേജർ നബോരു ടകാഗി പറഞ്ഞു.
നാല് കാലിൽ ചലിക്കാൻ കഴിയുന്ന ഈ റോബോട്ടിന് നിരവധി ഗുണങ്ങൾ ഉണ്ടെന്ന് നിർമാതാക്കൾ പറയുന്നു. നിരപ്പായ സ്ഥലത്ത് കൂടെ ഇതിന് വളരെ വേഗതയിൽ നീങ്ങാൻ സാധിക്കും. അതോടൊപ്പം തന്നെ കാൽ മുട്ടുകൾ മടക്കി നിലത്ത് ഇരിക്കാൻ സാധിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്. പ്രായമായവർക്കിടയിൽ ബെക്സിന് വലിയ സ്വാധീനം ചെലുത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. നടക്കാൻ പ്രയാസമുള്ളവർക്ക് ഇത് പ്രയോജനകരമായിരിക്കുമെന്നതിനാൽ പ്രായമായവരെയാണ് നിർമാതാക്കൾ മുഖ്യമായും ലക്ഷ്യമിടുന്നത്.
ഇതിനു പുറമേ ഭാരമേറിയ വസ്തുക്കൾ ചുമക്കാനും മറ്റ് പണികൾ എളുപ്പമാക്കുന്നതിനും ബെക്സ് മനുഷ്യനെ സാഹായിക്കും. കൃഷിയിടങ്ങളിലും മറ്റും ഇത് പ്രയോജനപ്പെടുമെന്നാണ് കവാസാക്കി ഹെവി ഇൻഡസ്ട്രീസ് പറയുന്നത്. 2023 ഓടെ റോബോട്ടിനെ വാണിജ്യവത്കരിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.