അവിടെ ജീവനുണ്ടാകുമോ?
text_fieldsഭൂമിക്കുപുറത്ത് എവിടെയെങ്കിലും ജീവൻ നിലനിൽക്കുന്നുണ്ടാകുമോ എന്ന ചോദ്യം നൂറ്റാണ്ടുകൾക്കു മുമ്പേ ശാസ്ത്രലോകം ചോദിച്ചുതുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ, ആ പഠനങ്ങളിൽ നിർണായകമായൊരു വഴിത്തിരിവ്. ജീവൻ നിലനിൽക്കാൻ അനുയോജ്യമെന്ന് കരുതപ്പെടുന്ന ഒരു ‘സൂപ്പർ എർത്ത്’ ഗ്രഹത്തിന് അന്തരീക്ഷമുണ്ടെന്നതിന് തെളിവുകൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു.
ഭൂമിയിൽ നിന്ന് ഏകദേശം 48 പ്രകാശവർഷം അകലെയുള്ള എൽ.എച്ച്.എസ് 1140 ബി എന്ന ഗ്രഹത്തെക്കുറിച്ചുള്ള പുതിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ചുവന്ന കുള്ളൻ നക്ഷത്രത്തെ ചുറ്റുന്ന ഈ ഗ്രഹം, ദ്രാവകജലം നിലനിൽക്കാൻ സാധ്യതയുള്ള ‘ഹാബിറ്റബിൾ സോൺ’ എന്ന മേഖലയിൽ സ്ഥിതിചെയ്യുന്നു. ഇതുവരെ ഇത്തരം പാറഗ്രഹങ്ങളിൽ അന്തരീക്ഷമുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നില്ല. അതിനാൽ ഈ കണ്ടെത്തൽ ഗ്രഹശാസ്ത്ര പഠനങ്ങളിൽ പുതിയ അധ്യായമായി വിലയിരുത്തപ്പെടുന്നു.
ചിലിയിലെ മഗെല്ലൻ ടെലിസ്കോപ്പിലെ WINERED സ്പെക്ട്രോഗ്രാഫ് ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ നിന്ന് ബഹിരാകാശത്തേക്ക് ഒഴുകുന്ന ഹീലിയം വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഹീലിയം അതിവേഗം നഷ്ടപ്പെടുന്ന വാതകമായതിനാൽ, അതിന്റെ സാന്നിധ്യം ഗ്രഹത്തിന് കൂടുതൽ സാന്ദ്രമായ ഒരു അന്തരീക്ഷപാളിയുണ്ടാകാമെന്ന സൂചനയാണെന്ന് ഗവേഷകർ പറയുന്നു.
ഭൂമിയുടെ ഏകദേശം 5.6 മടങ്ങ് ഭാരവും 1.7 മടങ്ങ് വ്യാസവും ഉള്ള ഈ സൂപ്പർ എർത്ത്, ഭൂമിയേക്കാൾ കുറഞ്ഞ സൗരവികിരണമാണ് സ്വീകരിക്കുന്നത്. അതിനാൽ ദീർഘകാലം അന്തരീക്ഷം നിലനിർത്താൻ ഇതിന് കഴിഞ്ഞിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. അതേസമയം, ഈ കണ്ടെത്തൽ ഗ്രഹത്തിൽ ജീവൻ ഉണ്ടെന്നതിന് തെളിവല്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. എന്നാൽ, ജീവന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകാൻ ആവശ്യമായ പ്രധാന ഘടകങ്ങളിലൊന്നായ അന്തരീക്ഷത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടത് ഭാവിയിലെ പഠനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

