ഐൻസ്റ്റൈൻ പ്രേമ ലേഖനമെഴുതിയപ്പോൾ അതിലും ശാസ്ത്രം
text_fieldsആൽബർട്ട് ഐൻസ്റ്റൈനും
മിലേവ മാരികും
ലോകം കണ്ട എക്കാലത്തെയും മഹാനായ ശാസ്ത്രകാരൻ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ: ആൽബർട്ട് ഐൻസ്റ്റൈൻ. പ്രപഞ്ച വിജ്ഞാനീയത്തെ മാറ്റിമറിച്ച വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം 26. അതിന് മുന്നേ, നൊബേലിന് അർഹമായ കണ്ടുപിടുത്തവും അദ്ദേഹം നടത്തിയിട്ടുണ്ടായിരുന്നു.
ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ ഒരു സ്ത്രീയുണ്ടായിരുന്നുവെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും അങ്ങനെയൊരാൾ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്നു. പേര്: മിലേവ മാരിക്. ഐൻസ്റ്റൈന്റെ ആദ്യ ഭാര്യ.
വിവാഹത്തിന് മുമ്പ് ഇരുവരും തമ്മിൽ കൈമാറിയ പ്രണയലേഖനങ്ങൾ ഇപ്പോൾ പുസ്തകമായിരിക്കുകയാണ്. പ്രമുഖ ശാസ്ത്ര ചരിത്രകാരനായ യുർഗൻ റെൻ ആണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. 1897-1903 കാലത്ത് ഇരുവരും തമ്മിൽ കൈമാറിയ പ്രണയ ലേഖനങ്ങളുടെ സമാഹാരമാണിത്. അന്ന് ഐൻസ്റ്റൈന് പ്രായം 17; മിലേവക്ക് 20ഉം. ഐൻസ്റ്റൈന്റെ എഴുത്തുകൾ നേരത്തേ റെൻ സമാഹരിച്ചിരുന്നു. അതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഈ കത്തുകൾ കണ്ടെത്തിയത്.
കേവലമായ പ്രണയ ലേഖനങ്ങളായിരുന്നില്ല അതെന്ന് റെൻ സാക്ഷ്യപ്പെടുത്തുന്നു. ഐൻസ്റ്റൈന്റെ ശാസ്ത്രാന്വേഷണങ്ങളുടെ വിശദാംശങ്ങളും കത്തിലടങ്ങിയിട്ടുണ്ടായിരുന്നു. വിശിഷ്ടാപേക്ഷികതാ സിദ്ധാന്തം, ഫോട്ടോ ഇലക്ട്രിക് പ്രഭാവം തുടങ്ങിയവയെക്കുറിച്ചെല്ലാം പ്രണയഭാഷണത്തിനിടയിൽ ചർച്ച ചെയ്യുന്നുണ്ട്. ഈ ഗവേഷണങ്ങളിലെല്ലാം മിലേവയുടെ ശക്തമായ അക്കാദമിക പിന്തുണ ഐൻസ്റ്റൈന് ലഭിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് കത്തുകൾ.
ഐൻസ്റ്റൈനെപ്പോലെത്തന്നെ മിലേവയും ശാസ്ത്രജ്ഞയായിരുന്നു. ഗണിതത്തിലും ഭൗതികത്തിലും അവഗാഹമുള്ളയാൾ. 1896ലാണ് ഇരുവരും പരിചയപ്പെടുന്നത്. സൂറിച് പോളിടെക്നിക്കിലെ ഗവേഷണകാലമായിരുന്നു അത്. 1903ൽ ഇരുവരും വിവാഹിതരായി. 1919ൽ ഇരുവരും വിവാഹമോചിതരായി. 1921ലാണ് ഐൻസ്റ്റൈന് നൊബേൽ ലഭിക്കുന്നത്.
തൊട്ടടുത്തവർഷം ആപേക്ഷികതാ സിദ്ധാന്തം പ്രപഞ്ച വിജ്ഞാനീയത്തിൽ സ്ഥിരപ്പെടുകയും ചെയ്തതോടെ ഐൻസ്റ്റൈൻ നൂറ്റാണ്ടിന്റെ ശാസ്ത്രകാരനായി മാറി. ഇതിനിടെ, ഗവേഷണ പ്രബന്ധം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന മിലേവ ചരിത്രത്തിൽനിന്ന് പതിയെ അപ്രത്യക്ഷയാവുകയും ചെയ്തു. 1948ൽ മിലേവ പക്ഷാഘാതം വന്ന് മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

