നൂറ്റാണ്ടിന്റെ ഗ്രഹണം നട്ടുച്ചക്ക് ഭൂമി ആറ് മിനിറ്റ് ഇരുട്ടിലാകും
text_fieldsഈ വർഷം രണ്ട് സൂര്യഗ്രഹണവും രണ്ട് ചന്ദ്ര ഗ്രഹണവുമാണ് ദൃശ്യമാവുക. ഫെബ്രുവരി 17നും ആഗസ്റ്റ് 12നുമാണ് സൂര്യഗ്രഹണം. രണ്ടും പൂർണ സൂര്യഗ്രഹണമാണെങ്കിലും മനുഷ്യവാസമുള്ള മേഖലകളിൽ കുറഞ്ഞ സമയത്ത് മാത്രമാകും അനുഭവപ്പെടുക. പരമാവധി രണ്ട് മിനിറ്റിൽ താഴെ മാത്രമാകും പലയിടത്തും അനുഭവപ്പെടുക. അതുതന്നെയും അന്റാർട്ടിക്കയിലും മറ്റും. എന്നാൽ, 2027ൽ, മറ്റൊരു സൂര്യഗ്രഹണം വരാനുണ്ട്. കൃത്യമായി പറഞ്ഞാൽ 2027 ആഗസ്റ്റ് രണ്ടിന്. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ സുര്യഗ്രഹണം. ഇനി അതുപോലൊന്ന് കാണണമെങ്കിൽ ഒരു നൂറ്റാണ്ട് കാത്തിരിക്കുകയും വേണം.
ഇന്ത്യക്കാർക്ക് നേരിട്ട് ഈ ഗ്രഹണം കാണാനാവില്ല. എന്നാൽ, സാധാരണ ഇന്ത്യക്കാർ വിനോദസഞ്ചാരത്തിനും മറ്റുമായി പോകുന്ന രാജ്യങ്ങളിൽ ഇത് ദൃശ്യമാണ്. സ്പെയിൻ, മൊറോക്കോ, അൾജീരിയ, തുണീഷ്യ, ലിബിയ, ഈജിപ്ത്, സൗദി അറേബ്യ, യെമൻ, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് ഗ്രഹണത്തിന്റെ പാത കടന്നുപോകുന്നത്. ഇതിൽതന്നെ ഈജിപ്തിൽ ആറ് മിനിറ്റിലധികം നേരം ഗ്രഹണം അനുഭവപ്പെടും. നട്ടുച്ചക്ക് ഭൂമി ഇരുട്ടിലേക്ക് മറയുന്ന അവസ്ഥ. ഈജിപ്തിലെ പിരമിഡുകൾക്ക് മുകളിൽ ഗ്രഹണം ദൃശ്യമാകുമെന്നതിനാൽ ഈ ദിവസം നോക്കി പല ട്രാവൽ ഏജൻസികളും ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. ‘എക്ലിപ്സ് ടൂറിസം’ പ്ലാനുകൾ ഇതിനകം തന്നെ പല ഏജൻസികളും തുടങ്ങിയിട്ടുണ്ട്. 2009ലാണ് ഇതിന് സമാനമായ രീതിയിൽ മറ്റൊരു ഗ്രഹണമുണ്ടായത്. അത് ഇന്ത്യയിലും ദൃശ്യമായിരുന്നു. ഇത്തവണ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഇതൊരു ഭാഗിക സൂര്യഗ്രഹണമായി ദൃശ്യമാകും. സൂര്യന്റെ ഒരു ചെറിയഭാഗം മാത്രം കറുത്ത വൃത്തം പോലെ മറയ്ക്കപ്പെടുന്ന കാഴ്ചയാകും നമുക്ക് കാണാൻ സാധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

