ഡോക്കിങ് ചുവടുവെപ്പ് ബഹിരാകാശ നിലയമെന്ന സ്വപ്നത്തിലേക്ക്
text_fieldsഡോക്കിങ്ങിനായി വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ മാതൃക
ബംഗളൂരു: ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്ന പേരിൽ ഐ.എസ്.ആർ.ഒ വിഭാവനംചെയ്യുന്ന ബഹിരാകാശ നിലയം എന്ന സ്വപ്നത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ് സ്പെഡക്സ് എന്ന ഡോക്കിങ് പരീക്ഷണം. വിവിധ ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച് ഇത്തരത്തിൽ ഒരുമിപ്പിച്ചാവും ബഹിരാകാശ നിലയം സ്ഥാപിക്കുക. വ്യാഴാഴ്ച നടന്ന ഡോക്കിങ് പ്രക്രിയക്കുശേഷം അൺഡോക്കിങ് പ്രക്രിയ കൂടി വിജയം കാണുമെന്ന പ്രതീക്ഷയിലാണ് ഐ.എസ്.ആർ.ഒ. അൺഡോക്കിങ്ങിന്റെ തീയതി അറിയിച്ചിട്ടില്ലെങ്കിലും ഡോക്കിങ്ങിന് ശേഷമുള്ള സിഗ്നലുകൾ വിശകലന വിധേയമാക്കിയ ശേഷം അടുത്ത ദിവസം തന്നെ നടക്കുമെന്നാണ് സൂചന.
സ്പെഡക്സ് പ്രെജക്ട് ഡയറക്ടർ എൻ. സുരേന്ദ്രൻ
പേടകങ്ങളെ ആവശ്യത്തിനനുസരിച്ച് കൂട്ടിച്ചേർക്കാനും വിഘടിപ്പിക്കാനും കഴിയുന്നതോടെ ഭാവിയിൽ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഇത് മുതൽക്കൂട്ടാവും. ഇതിന് പുറമെ, സാറ്റലൈറ്റ് സർവിസിങ്, മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള രാജ്യത്തിന്റെ അഭിമാന ദൗത്യമായ ഗഗൻയാൻ, ചാന്ദ്ര പര്യവേക്ഷണത്തിനായുള്ള നാലാം ദൗത്യമായ ചന്ദ്രയാൻ -നാല് തുടങ്ങിയവ ഗ്രഹാന്തര ദൗത്യങ്ങളിലും ഡോക്കിങ് സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗപ്പെടുത്താനാവും. 220 കിലോ വീതമുള്ള രണ്ട് ചെറിയ സാറ്റലൈറ്റുകളാണ് ഡോക്കിങ് പരീക്ഷണത്തിന് ഐ.എസ്.ആർ.ഒ ഉപയോഗിച്ചത്. ഡോക്കിങ് പൂർത്തിയായ ശേഷം ഇരു ഉപഗ്രഹങ്ങളും തമ്മിലെ ഊർജ കൈമാറ്റം സംബന്ധിച്ചും നിരീക്ഷണ വിധേയമാക്കും. കൂട്ടിച്ചേർത്തശേഷം തടസ്സമില്ലാതെ ഇവ ഒറ്റ പേലോഡായി പ്രവർത്തിക്കുകയും അൺഡോക്കിങ്ങിന് ശേഷം ഇവ പൂർവ സ്ഥിതിയിൽ പ്രവർത്തിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്.
എസ്.ഡി.എക്സ് 01, എസ്.ഡി.എക്സ് 02 എന്നിവയെക്കൂടാതെ 24 പരീക്ഷണോപകരണങ്ങൾ കൂടി അടങ്ങുന്നതാണ് സ്പെഡെക്സ് ദൗത്യം. പി.എസ്.എൽ.വി സി 60 റോക്കറ്റിന്റെ മുകൾ ഭാഗത്ത് ഘടിപ്പിച്ച പി.എസ്.എൽ.വി ഓർബിറ്റൽ എക്സ്പിരിമെന്റ് മൊഡ്യൂളിലാണ് (പോയം 4) ചെറു സാറ്റലൈറ്റുകളുള്ളത്.
സോളാർ പാനലുകളിൽനിന്നുള്ള ഊർജമുപയോഗിച്ച് പ്രവർത്തിക്കുന്ന പോയത്തിൽ നിർണായകമായ മറ്റു പരീക്ഷണങ്ങൾ വിജയം കണ്ടിരുന്നു. ഗുരുത്വാകർഷണമില്ലാതെ ബഹിരാകാശത്ത് പയർ വിത്തുകൾ മുളപ്പിച്ചെടുത്തതാണ് ഒരു പരീക്ഷണം. ബഹിരാകാശത്ത് സസ്യങ്ങളുടെ വളർച്ച സംബന്ധിച്ച പഠനങ്ങൾക്ക് ഈ പരീക്ഷണ വിജയം വഴിതെളിക്കും. റീ ലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ ടെക്നോളജി ഡെമോൺസ്ട്രേറ്റർ, ഡെബ്രി കാപ്ചർ റോബോട്ടിക് മാനിപ്പുലേറ്റർ എന്നീ യന്ത്രക്കൈകളുടെ പ്രവർത്തന വിജയമാണ് മറ്റൊന്ന്.
ബഹിരാകാശ പേടകങ്ങൾക്കകത്ത് നടന്നുനീങ്ങി അറ്റകുറ്റപ്പണി നടത്താൻ ശേഷിയുള്ളതും ഉപഗ്രഹ അവശിഷ്ടങ്ങൾ പേടകങ്ങൾക്ക് സമീപത്തുനിന്ന് പിടിച്ചെടുക്കാൻ കഴിവുള്ളതുമായ രണ്ടുതരം യന്ത്രക്കൈകളാണിവ.
ശ്രീഹരിക്കോട്ടയിൽ മൂന്നാം വിക്ഷേപണത്തറക്ക് 3984 കോടി
ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ ഐ.എസ്.ആർ.ഒയുടെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ മൂന്നാം വിക്ഷേപണത്തറ സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. എൻ.ജി.എൽ.വി, എൽ.വി.എം-3 വിേക്ഷപണ വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് മൂന്നാം വിക്ഷേപണത്തറയുടെ രൂപകൽപന. 3984.86 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.
ഡോക്കിങ് പരീക്ഷണത്തിനുള്ള കൃത്രിമോപഗ്രഹങ്ങളെയും വഹിച്ച് പി.എസ്.എൽ.വി റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തട്ടിലേക്ക് (ഫയൽ ചിത്രം)
ഐ.എസ്.ആർ.ഒയുടെ അടുത്ത തലമുറ വിക്ഷേപണ വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറക്ക് പകരം ഉപയോഗിക്കാൻ സാധിക്കുന്നതുമായ സംവിധാനങ്ങൾ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. നാലുവർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഫസ്റ്റ് ലോഞ്ച് പാഡ് (എഫ്.എൽ.പി), സെക്കൻഡ് ലോഞ്ച് പാഡ് (എസ്.എൽ.പി) എന്നിങ്ങനെ രണ്ട് വിക്ഷേപണത്തറകളെയാണ് നിലവിൽ ആശ്രയിക്കുന്നത്. പി.എസ്.എൽ.വിക്കായി 30 വർഷം മുമ്പുണ്ടാക്കിയ ഒന്നാം വിക്ഷേപണത്തറ എഫ്.എൽ.പി, പി.എസ്.എൽ.വി, എസ്.എസ്.എൽ.വി എന്നിവയുടെ വിക്ഷേപണത്തിനുപയോഗിക്കുന്നുണ്ട്. ജി.എസ്.എൽ.വി, എൽ.വി.എം എന്നിവക്കായി 20 വർഷം മുമ്പ് സ്ഥാപിച്ച രണ്ടാം വിക്ഷേപണത്തറ പി.എസ്.എൽ.വിക്ക് സ്റ്റാൻഡ്ബൈ ആയും പ്രവർത്തിക്കുന്നു. പി.എസ്.എൽ.വി, എൽ.വി.എം-3 എന്നിവയുടെ ചില വാണിജ്യ ദൗത്യങ്ങൾക്കും ചാന്ദ്രയാൻ-3 ദൗത്യത്തിനും വേണ്ടി ഇതിന്റെ വിക്ഷേപണ ശേഷി വർധിപ്പു. ഗഗൻയാൻ ദൗത്യങ്ങൾക്കും രണ്ടാം വിക്ഷേപണത്തറ തയാറെടുക്കുന്നുണ്ട്.
വിജയം കണ്ടത് നാലാം ശ്രമത്തിൽ
ബംഗളൂരു: ഐ.എസ്.ആർ.ഒയുടെ സുപ്രധാന ദൗത്യമായ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയം കണ്ടത് നാലാം ശ്രമത്തിൽ. ചേസർ (എസ്.ഡി.എക്സ് 01) ഉപഗ്രഹത്തെ ടാർഗറ്റ് (എസ്.ഡി.എക്സ് 02) ഉപഗ്രഹത്തിലേക്ക് അടുപ്പിക്കാൻ മൂന്നു തവണ ശ്രമം നടത്തിയിരുന്നു. ജനുവരി ഏഴിന് രാവിലെ ദൗത്യം നടത്താനാണ് ആദ്യം ഐ.എസ്.ആർ.ഒ പദ്ധതിയിട്ടത്. എന്നാൽ, സാങ്കേതിക കാരണങ്ങളെ തുടർന്ന് തീയതി ഒമ്പതിലേക്ക് മാറ്റുന്നതായി ഐ.എസ്.ആർ.ഒ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ എട്ടിനും 8.45 നും ഇടയിലായി ഡോക്കിങ് നടത്താൻ നിശ്ചയിച്ചെങ്കിലും, ഉപഗ്രഹം പ്രതീക്ഷിച്ചതിലും വേഗത്തിൽ സഞ്ചരിച്ചതോടെ ലക്ഷ്യം പാളി. ഉപഗ്രഹങ്ങളുടെ വേഗം നിയന്ത്രിക്കുന്ന ത്രസ്റ്ററുകൾ പ്രതീക്ഷിച്ച രീതിയിൽ പ്രവർത്തിക്കാതിരുന്നതിനെ തുടർന്നായിരുന്നു ഇത്. പിന്നീട് ഞായറാഴ്ച പുലർച്ച നടത്തിയ ട്രയലിൽ 15 മീറ്ററിലേക്കും പിന്നീട് മൂന്നുമീറ്ററിലേക്കും ഉപഗ്രഹങ്ങളുടെ അകലം കുറച്ചു. ഇത് ട്രയൽ റണ്ണായി കണ്ട് പിന്നീട് ചേസറിനെ സുരക്ഷിതമായ അകലത്തിലേക്ക് മാറ്റി. ഒടുവിൽ വ്യാഴാഴ്ച രാവിലെ നടത്തിയ ശ്രമത്തിന് വിജയസമാപ്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

