ക്വാണ്ടം മെക്കാനിക്സിന്റെ കണ്ടെത്തലിന് മൂന്നുപേർക്ക് ഭൗതികശാസ്ത്ര നൊബേൽ
text_fieldsസ്റ്റോക്ഹോം: ക്വാണ്ടം മെക്കാനിക്സിൽ നിർണായക സംഭാവനകൾ നൽകിയ അലെയ്ൻ ആസ്പെക്ട്, ജോൺ എഫ്. ക്ലോസർ, ആന്റൺ സെയ്ലിംഗർ എന്നിവർക്ക് 2022ലെ ഭൗതികശാസ്ത്ര െനാബേൽ. വിഘടിച്ചശേഷവും സമാന സ്വഭാവം പ്രകടിപ്പിക്കുന്ന കെട്ടുപിണഞ്ഞ കണികകളെ ഉപയോഗിച്ചാണ് ഇവർ വഴിത്തിരിവായി വിലയിരുത്തപ്പെടുന്ന പരീക്ഷണങ്ങൾ നടത്തിയത്. ഒക്ടോബർ നാലിനായിരുന്നു റോയൽ സ്വീഡിഷ് അക്കാദമിയുടെ അവാർഡ് പ്രഖ്യാപനം.
ക്വാണ്ടം സാങ്കേതിക വിദ്യയുടെ പുതുയുഗത്തിന് അടിത്തറപാകിയ പരീക്ഷണ സംവിധാനങ്ങൾ വികസിപ്പിക്കാൻ ഇവർക്ക് സാധിച്ചു. ക്വാണ്ടം കമ്പ്യൂട്ടറുകൾ, ക്വാണ്ടം നെറ്റ്വർക്, ക്വാണ്ടം എൻക്രിപ്റ്റഡായ ആശയവിനിമയങ്ങൾ എന്നിവയിലാകും ഇവരുടെ കണ്ടുപിടിത്തം മാറ്റങ്ങൾ കൊണ്ടുവരുക. 75കാരനായ അലെയ്ൻ ആസ്പെക്ട് പാരിസിൽ സർവകലാശാല പ്രഫസർ ആണ്. ജോൺ എഫ്. ക്ലോസർ (79) അമേരിക്കയിലെ ജെ.എഫ് ക്ലോസർ ആൻഡ് അസോസിയേറ്റ്സിൽ ഗവേഷകനാണ്. ആന്റൺ സെല്ലിംഗർ (75) ആസ്ട്രിയയിലെ വിയന സർവകലാശാലയിൽ പ്രഫസറാണ്.