ഡൂംസ്ഡേ ക്ലോക്കിൽ അപായമണി!
text_fieldsമനുഷ്യരാശി നേരിടുന്ന ആഗോള ഭീഷണികളെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നൽകാൻ ഉപയോഗിക്കുന്ന പ്രതീകാത്മക ക്ലോക്കാണ് ഡൂംസ്ഡേ
ഡൂംസ്ഡേ ക്ലോക്കിൽ അർധരാത്രിയാകാൻ ഇനി സെക്കൻഡുകൾമാത്രം. മനുഷ്യരാശിയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് ഡൂംസ് ഡേ ക്ലോക്ക് നൽകുന്നത്. മനുഷ്യരാശി നേരിടുന്ന ആഗോള ഭീഷണികളെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നൽകാൻ ഉപയോഗിക്കുന്ന പ്രതീകാത്മക ക്ലോക്കാണ് ഡൂംസ്ഡേ ക്ലോക്ക്. ലോകം വലിയ മഹാവിപത്തിലേക്ക് അടുക്കുകയാണെന്ന സൂചന നൽകുകയാണ് ഇതിലൂടെ ശാസ്ത്രജ്ഞർ. ക്ലോക്കിലെ അർധരാത്രി മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ അപകടം വരുന്നുവെന്ന മുന്നറിയിപ്പാണ് നൽകുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നിലവിലെ ക്ലോക്ക് ക്രമീകരണമനുസരിച്ച് ഡൂംസ്ഡേ ക്ലോക്കിൽ അർധരാത്രിയാവാൻ 85 സെക്കൻഡ് മാത്രമാണ് ബാക്കി. ക്ലോക്ക് അർധരാത്രിയോട് ഇത്ര അടുക്കുന്നത് ചരിത്രത്തിൽതന്നെ ആദ്യമാണ്. വാഷിങ്ടൺ ഡി.സിയിൽവെച്ചാണ് ക്ലോക്കിന്റെ പുതിയ സമയ ക്രമീകരണം നടന്നത്.
എന്താണ് ഡൂംസ്ഡേ ക്ലോക്ക്?
ലോകം സ്വയം സൃഷ്ടിക്കുന്ന ഭീഷണികളിലൂടെ കടന്നുപോകുമ്പോൾ മനുഷ്യരാശിക്ക് മുന്നറിയിപ്പ് നൽകുന്ന ഒരു പ്രതീകാത്മക ഘടികാരമാണ് ഡൂംസ് ഡേ ക്ലോക്ക്. ആണവയുദ്ധങ്ങൾ, ക്രമാതീതമായ കാലാവസ്ഥാവ്യതിയാനം, മഹാമാരികൾ, സാങ്കേതിക വിദ്യയുടെ ദുരുപയോഗം തുടങ്ങി മനുഷ്യനിർമിത അപകടങ്ങൾ ഭൂമിയുടെ നിലനിൽപ്പിനെ എത്രത്തോളം ഭീഷണിയിലേക്ക് തള്ളിവിടുന്നുവെന്ന് ഈ ക്ലോക്ക് ലോകത്തോടു പറയുന്നു. അമേരിക്കയിലെ Bulletin of the Atomic Scientists എന്ന ശാസ്ത്രീയ പ്രസിദ്ധീകരണമാണ് 1947ൽ ഡൂംസ് ഡേ ക്ലോക്ക് എന്ന ഈ സംവിധാനം അവതരിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഹിരോഷിമയും നാഗസാക്കിയും കണ്ട ആണവനാശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ആശയത്തിന്റെ പിറവി.
സമയം നിശ്ചയിക്കുന്നത്
ഡൂംസ് ഡേ ക്ലോക്ക് സ്വയം ചലിക്കുന്ന ഒന്നല്ല. ആണവ ശാസ്ത്രജ്ഞർ, കാലാവസ്ഥ വിദഗ്ധർ, സുരക്ഷാ വിശകലന വിദഗ്ധർ, നയതന്ത്ര വിദഗ്ധർ എന്നിവരടങ്ങുന്ന സമിതി ഓരോ വർഷവും ആഗോള സാഹചര്യം വിലയിരുത്തിയാണ് ക്ലോക്കിലെ സമയത്തിൽ മാറ്റം വരുത്തുന്നത്. ആണവായുധങ്ങളുടെ വ്യാപനവും യുദ്ധഭീഷണിയും, കാലാവസ്ഥാ പ്രതിസന്ധി, മഹാമാരികൾ, കൃത്രിമ ബുദ്ധിപോലുള്ള പുതിയ സാങ്കേതികവിദ്യകളുടെ ദുരുപയോഗം, രാജ്യാന്തര സംഘർഷങ്ങൾ എന്നിവയെല്ലാമാണ് ഈ സമയമാറ്റത്തിന്റെ അടിസ്ഥാനമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. അതേസമയം, ഡൂംസ് ഡേ ക്ലോക്ക് ഭയം വിതയ്ക്കാനുള്ള ഉപകരണമല്ല എന്നും നമ്മുടെ മുന്നിലെ സമയം ഇനിയും തീർന്നിട്ടില്ല എന്ന ഓർമപ്പെടുത്തലാണെന്നും ശാസ്ത്രജ്ഞർ കൂട്ടിച്ചേർക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

