പ്ലാസ്റ്റിക്ക് തിന്നാൻ ഇനി മത്സ്യറോബോട്ടുകൾ
text_fieldsകടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ മത്സ്യറോബോട്ടുകളെ അവതരിപ്പിച്ച് ചൈനയിലെ സിചുവാങ് സർവകലാശാല. 1.3 സെന്‍റിമീറ്റർ മാത്രമുള്ള കുഞ്ഞൻ റോബോട്ടുകളെയാണ് വികസിപ്പിച്ചത്. കുമിഞ്ഞുകൂടുന്ന കടലിലെ മൈക്രൊ പ്ലാസ്റ്റിക് ആവാസ വ്യവസ്ഥക്ക് വലിയ അപകടമാണ് ഉണ്ടാക്കുന്നത്. ഇതിനെയാണ് മത്സ്യറോബോട്ടുകൾ കഴിക്കുകയും ആഗിരണം ചെയ്യുകയും ചെയ്യുന്നത്.
ജീവനുള്ള മത്സ്യങ്ങൾക്ക് ആവാസവ്യവസ്ഥയിൽ വ്യത്യാസം വന്നതായി തോന്നാതിരിക്കാനാണ് മത്സ്യത്തിന്‍റെ ആകൃതിയിൽ തന്നെ റോബോട്ടുകളെ നിർമിച്ചിരിക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു. റോബോട്ടുകളുടെ ഉള്ളിൽ മൈക്രൊ പ്ലാസ്റ്റിക് വലിച്ചെടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലാകും റോബോട്ടുകളെ കടലിൽ ഇറക്കുകയെന്നും ഗവേഷകർ അറിയിച്ചു.
ഇതിന് മുമ്പും മത്സ്യറോബോട്ടുകളെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഒരു ആവശ്യം മുൻനിർത്തിയായിരുന്നില്ല. ഇത്തരത്തിൽ പലവിധ റോബോട്ടുകളെ ഉണ്ടാക്കുന്ന പഠനത്തിലാണ് ഗവേഷകർ. ശസ്ത്രക്രിയകളിൽ ഉപയോഗിക്കുന്നതും ശരീരത്തിൽ ഘടിപ്പിച്ച് അസുഖം മാറ്റുന്നതുമായ റോബോട്ടുകളെ വികസിപ്പിക്കുമെന്ന് സംഘത്തിലെ വാങ് യുയാങ് പറയുന്നു.