2030ൽ ചന്ദ്രനിൽ ആളെയിറക്കാൻ ചൈന; ലക്ഷ്യം റിസർച്ച് സ്റ്റേഷൻ സ്ഥാപിക്കൽ
text_fieldsബീജിങ്: നാസയുടെ ആർട്ടെമിസ് II നാല് യാത്രികരെയും വഹിച്ച് ചന്ദ്രനെ ചുറ്റുമ്പോൾ 2030ൽ ചന്ദ്രനിൽ ആളെയിറക്കാൻ പദ്ധതി തയാറാക്കുകയാണ് ചൈന. ഈ അറിയിപ്പുകുടി പുറത്തുവന്നതോടെ ബഹിരാകാശരംഗത്തെ മത്സരം വീണ്ടും ചൂടുപിടിക്കുകയാണ്. ബീജിങ്ങും വാഷിങ്ടണും തമ്മിലുള്ള ബഹിരാകാശ മത്സരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 2030 ആകുമ്പോഴേക്കും ക്രൂ അംഗങ്ങളെ ചന്ദ്രനിലിറക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഹാർഡ്‌വെയർ സ്യൂട്ട് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ചൈനയിപ്പോൾ. മെങ്‌ഷോ ബഹിരാകാശ പേടകത്തെ ഭ്രമണപഥത്തിലെത്തിക്കാൻ രൂപകൽപ്പന ചെയ്‌ത ലോങ് മാർച്ച് 10 ഹെവി-ലിഫ്റ്റ് റോക്കറ്റും ഇതിൽ ഉൾപ്പെടും.
റോബോട്ടിക് സാങ്കേതികവിദ്യയെ ആശ്രയിച്ചുള്ള മുൻ ദൗത്യങ്ങളിൽനിന്ന് വ്യത്യസ്തമായി, ‘ലാൻയു ലാൻഡർ’ ആയിരിക്കും ക്രൂ അംഗങ്ങളെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക. ഈ ലാൻഡർ ചന്ദ്രന്റെ ഭ്രമണപഥത്തിനും ഉപരിതലത്തിനും ഇടയിലുള്ള ഒരു പാലമായി പ്രവർത്തിക്കും, ബഹിരാകാശയാത്രികർക്ക് കഴിയാനുള്ള സ്ഥലമായും ഒരു പവർ സ്റ്റേഷനായും പ്രവർത്തിക്കുന്ന രൂപത്തിലായിരിക്കും ലാൻഡറിന്റെ രൂപകൽപന. കഴിഞ്ഞ ആഗസ്റ്റിൽ, ഹെബെയ് പ്രവിശ്യയിലെ പ്രത്യേകം സജീകരിച്ച സ്ഥലത്ത് എൻജിനീയർമാർ ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തിയതായും വിവരമുണ്ട്. ചന്ദ്രനിൽ കൂടുതൽ സമയം ചെലവഴിച്ച് റിസർച്ച് സ്റ്റേഷന്റെ പ്രവൃത്തികൾ നടത്താൻ ഉദ്ദേശിച്ചുള്ള സജ്ജീകരണങ്ങളാകും മിഷനിൽ ഉണ്ടാവുക എന്നാണ് വിവരം.
2035 ആകുമ്പോഴേക്കും ചൈനയും റഷ്യയും ചേർന്ന് ചന്ദ്രനിൽ ഒരു സ്ഥിരം സ്റ്റേഷൻ സ്ഥാപിക്കാനാണ് ശ്രമം. 2045 ആകുമ്പോഴേക്കും വിഭവ വികസനത്തിനുള്ള ഒരു കേന്ദ്രമായി പ്രവർത്തിക്കുന്ന രീതിയിലായിരിക്കും റിസർച്ച് സ്റ്റേഷൻ എന്ന് ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞർ പറയുന്നു. 2024 ജൂണിൽ ചൈന‘ചാങ് ഇ-6 ദൗത്യത്തിലൂടെ ചരിത്രത്തിലാദ്യമായി ചന്ദ്രന്റെ മറുവശത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു. വരാനിരിക്കുന്ന ‘ചാങ് ഇ-7, ചാങ് ഇ-8 ദൗത്യങ്ങൾ ചന്ദ്രനിൽ കൂടുതൽ പഠനം നടത്തുകയും ചെയ്യും. മനുഷ്യർ ചന്ദ്രനിലെത്തുമ്പോൾ അതിജീവിക്കാനും സ്ഥിരമായ ഒരു വാസസ്ഥലം നിർമിക്കാനും ആവശ്യമായ അവസ്ഥ ചന്ദ്രനിലുണ്ടോ എന്ന് പരിശോധിക്കുന്നതിനുകൂടി വേണ്ടികൂടിയാകും ഈ ദൗത്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

