ചന്ദ്രയാൻ: ഭ്രമണപഥം താഴ്ത്തൽ വീണ്ടും വിജയം
text_fieldsബംഗളൂരു: രണ്ടാമത് ചാന്ദ്രഭ്രമണപഥം താഴ്ത്തലും വിജയമായതോടെ ‘ചന്ദ്രയാൻ-മൂന്ന്’ചന്ദ്രനിലേക്ക് കൂടുതൽ അടുത്തു. നിലവിലുള്ള പഥത്തിൽനിന്ന് താഴത്തേതിലേക്ക് പേടകത്തെ താഴ്ത്തുന്ന ദൗത്യം ബുധനാഴ്ചയാണ് നടത്തിയത്. ഐ.എസ്.ആർ.ഒയുടെ ബംഗളൂരുവിലെ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാന്റ് നെറ്റ്വർക്കാണ് (ഇസ്ട്രാക്) പേടകത്തെ കൂടുതൽ അടുപ്പിച്ചത്. ഇതോടെ പേടകം ചന്ദ്രന്റെ 1,437 കി.മീ. അരികിലെത്തി.
ചന്ദ്രനിൽനിന്ന് 174 കി.മീ. അടുത്തും 1437 കി.മീ. അകലെയുമുള്ള പഥത്തിലാണ് പേടകം ഇപ്പോഴുള്ളത്. അടുത്ത ഭ്രമണപഥം താഴ്ത്തൽ ആഗസ്റ്റ് 14ന് രാവിലെ 11.30നും 12.30നും ഇടയിലായിരിക്കും. അവസാനത്തേതും അഞ്ചാമത്തേതുമായ പഥം താഴ്ത്തൽ ആഗസ്റ്റ് 14നും നടക്കും. ചന്ദ്രനിൽനിന്ന് 100 കി.മീ. അകലെയും 30 കി.മീ. അടുത്തുമുള്ള ഒടുവിലത്തെ പഥത്തിൽ ആഗസ്റ്റ് 17നാണ് എത്തുക.

