ഭൂമിയിലേക്ക് കുതിച്ചെത്തുന്ന ഛിന്നഗ്രഹത്തെ ആണവായുധം കൊണ്ട് തകർക്കാമോ? നിർണായക പരീക്ഷണവുമായി ശാസ്ത്രജ്ഞർ
text_fieldsഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുള്ള ഭീമൻ ഛിന്നഗ്രഹത്തെ ആണവായുധം ഉപയോഗിച്ച് തടയാനാകുമോ? പതിറ്റാണ്ടുകളായി ശാസ്ത്രലോകത്തും സയൻസ് ഫിക്ഷൻ സിനിമകളിലുമെല്ലാം ഉയരുന്ന ഈ ചോദ്യത്തിന് കൂടുതൽ വ്യക്തമായ ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ. അപകടകാരിയായ ഛിന്നഗ്രഹത്തെ ആണവ സ്ഫോടനത്തിലൂടെ തകർക്കുകയോ അതിന്റെ സഞ്ചാരപഥം മാറ്റുകയോ ചെയ്യാനുള്ള സാധ്യതയാണ് പുതിയ കമ്പ്യൂട്ടർ സിമുലേഷനുകളിലൂടെ പരിശോധിച്ചിരിക്കുന്നത്.
ഒരു ഫുട്ബാൾ മൈതാനത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം പോലും ഭൂമിയിലെ ഒരു നഗരത്തെ തകർക്കാൻ ശേഷിയുള്ളതാണെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. സൂര്യപ്രകാശം വളരെ കുറച്ചുമാത്രം പ്രതിഫലിപ്പിക്കുന്ന ഇരുണ്ട ഛിന്നഗ്രഹങ്ങളെ നേരത്തെ കണ്ടെത്തുക എളുപ്പവുമല്ല. ഇത്തരമൊരു ഛിന്നഗ്രഹത്തെ വളരെ വൈകിയാണ് തിരിച്ചറിയുന്നതെങ്കിൽ നിലവിലുള്ള മറ്റ് പ്രതിരോധ മാർഗങ്ങൾ പ്രയോഗിക്കാൻ ആവശ്യമായ സമയം ലഭിക്കണമെന്നില്ല. അത്തരമൊരു അടിയന്തര സാഹചര്യത്തിൽ അവസാന പ്രതിരോധ മാർഗമായി ആണവ സ്ഫോടനം ഉപയോഗിക്കാനാകുമോ എന്നതാണ് പുതിയ പഠനത്തിന്റെ ലക്ഷ്യം. അമേരിക്കയിലെ ലോറൻസ് ലിവർമോർ നാഷനൽ ലബോറട്ടറിയിലെ ആസ്ട്രോഫിസിസിസ്റ്റ് ഐസയ്യ സാന്റിസ്റ്റെവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരീക്ഷണം നടത്തിയത്. 160 മീറ്റർ വീതിയുള്ള ഒരു ഛിന്നഗ്രഹത്തിന് സമീപം ഒരു മെഗാടൺ ശേഷിയുള്ള ആണവായുധം പൊട്ടിത്തെറിച്ചാൽ എന്തു സംഭവിക്കുമെന്ന് അതിശക്തമായ കമ്പ്യൂട്ടർ സിമുലേഷനുകളിലൂടെ സംഘം പരിശോധിച്ചു.
പരീക്ഷണത്തിൽ ശ്രദ്ധേയമായ കണ്ടെത്തലുകളിലൊന്ന് ആണവായുധം ഛിന്നഗ്രഹത്തിൽ നേരിട്ട് പതിക്കേണ്ടതില്ല എന്നതാണ്. അതിന്റെ ഉപരിതലത്തിൽനിന്ന് ഏതാനും മീറ്റർ അകലെ സ്ഫോടനം നടത്തിയാലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് സിമുലേഷൻ സൂചിപ്പിക്കുന്നത്. ആണവ സ്ഫോടനത്തിൽനിന്ന് പുറത്തുവരുന്ന അതിശക്തമായ എക്സ്-റേ വികിരണമാണ് ഇവിടെ നിർണായകം. ആണവ സ്ഫോടനത്തിന്റെ ഊർജത്തിന്റെ 70 മുതൽ 80 ശതമാനം വരെ എക്സ്-റേ രൂപത്തിൽ പുറത്തുവരാമെന്ന് ഗവേഷകർ പറയുന്നു. ഈ വികിരണം ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തെ അതിവേഗം ചൂടാക്കുകയും അവിടെയുള്ള വസ്തുക്കളുടെ ഒരു ഭാഗം ബാഷ്പീകരിച്ച് പുറത്തേക്ക് തെറിപ്പിക്കുകയും ചെയ്യും.
ഉപരിതലത്തിൽനിന്ന് വസ്തുക്കൾ അതിവേഗം പുറത്തേക്ക് തെറിക്കുമ്പോൾ അതിന്റെ പ്രതിപ്രവർത്തനം ഛിന്നഗ്രഹത്തിന്റെ വേഗത്തിലും സഞ്ചാരദിശയിലും മാറ്റമുണ്ടാക്കാം. അതേസമയം സ്ഫോടനത്തിന്റെ ആഘാതത്തിൽ ഛിന്നഗ്രഹത്തിനുള്ളിലൂടെ ശക്തമായ ഷോക്ക് തരംഗങ്ങൾ കടന്നുപോവുകയും അത് പൊട്ടിപ്പിളരാൻ കാരണമാവുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

