Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബയോ കമ്പ്യൂട്ടർ; ബാക്ടീരിയകളെ കൊണ്ട് കണക്ക് ചെയ്യിപ്പിച്ച് ഗവേഷകർ

text_fields
bookmark_border
ബയോ കമ്പ്യൂട്ടർ; ബാക്ടീരിയകളെ കൊണ്ട് കണക്ക് ചെയ്യിപ്പിച്ച് ഗവേഷകർ
cancel

കാനഡ: കമ്പ്യൂട്ടർ എന്നാൽ വേഗമുള്ള ചിപ്പും സർക്യൂട്ടുമാണ് എന്നാണ് നമ്മുടെ പൊതുവായ ധാരണ. ആ ധാരണയെ മാറ്റുന്ന ഒരു പരീക്ഷണവുമായി എത്തിയിരിക്കുകയാണ് കാനഡയിലെ മക്ഗിൽ സർവകലാശാലയിലെ ഗവേഷകർ. ജീവനുള്ള ബാക്ടീരിയകളെ ഉപയോഗിച്ച് സങ്കീർണമായ ഗണിത പ്രശ്നങ്ങൾ പരിഹരിക്കുന്ന ബയോ കമ്പ്യൂട്ടറാണ് ഇവർ വികസിപ്പിച്ചത്.

ഈ കമ്പ്യൂട്ടറിന്റെ പ്രവർത്തനം ഏറെ വ്യത്യസ്തമാണ്. ആദ്യം ഒരു ഗണിത പ്രശ്നത്തെ നിരവധി സാധ്യതകളുള്ള വഴികളുടെ ശൃംഖലയായി മാറ്റുന്നു. പിന്നീട് അതേ മാതൃകയിൽ ലബോറട്ടറിയിൽ ചെറിയ ചാനലുകൾ നിർമിക്കുന്നു. ഓരോ ചാനലും ഒരു സാധ്യമായ ഉത്തരമാണ്. ഓരോ തിരിവും ഒരു തീരുമാനമാണ്. ഈ ചാനലുകളിലൂടെ ബാക്ടീരിയകളെ കടത്തിവിടുമ്പോൾ അവ പെരുകി എല്ലാ വഴികളിലൂടെയും ഒരുമിച്ച് സഞ്ചരിക്കുന്നു. കാമറ വെച്ച് നോക്കിയാണ് ശരിയായ വഴി കണ്ടെത്തുന്നത്.

ബാക്ടീരിയകൾ പെരുകുന്തോറും പ്രോസസറുകളുടെ എണ്ണവും കൂടും എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരൊറ്റ ചിപ്പിന് പകരം ലക്ഷക്കണക്കിന് ചെറിയ പ്രോസസറുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നതിന് തുല്യമാണിതെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രഫ. ഡാൻ നിക്കോളാവു പറയുന്നു. സാധാരണ കമ്പ്യൂട്ടർ ഓരോ സാധ്യതയും ഓരോന്നായി പരിശോധിക്കുമ്പോൾ ഇവിടെ എല്ലാ സാധ്യതകളും ഒരേസമയം പരിശോധിക്കപ്പെടുന്നു.

പ്രോട്ടീൻ ഘടന മനസ്സിലാക്കാനും ജീവശാസ്ത്രത്തിലെ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കാനും എൻക്രിപ്ഷൻ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് തുടങ്ങിയ മേഖലകളിൽ പുതിയ സാധ്യതകൾ തുറക്കാനും ഈ സാങ്കേതികവിദ്യ ഉപകരിക്കുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു. നിലവിലെ എഐ ഡാറ്റയിൽ നിന്ന് പാറ്റേൺ കണ്ടെത്തുമ്പോൾ ഈ സംവിധാനം ഉത്തരം നേരിട്ട് തിരഞ്ഞ് കണ്ടെത്താൻ ശ്രമിക്കുന്നു എന്നതാണ് വ്യത്യാസം.

എന്നാൽ ഇത് നമ്മുടെ ലാപ്ടോപ്പിന് പകരമാകാൻ ഇനിയും ഏറെ സമയമെടുക്കും. ബാക്ടീരിയകൾ ചിലപ്പോൾ വഴിതെറ്റുന്നതും അമിതമായി പെരുകി ചാനലുകൾ നിറയുന്നതും പ്രധാന വെല്ലുവിളിയാണ്. താപനില നിയന്ത്രിച്ച് വളർച്ചയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ജീവനുള്ള സംവിധാനത്തെ പൂർണമായി നിയന്ത്രിക്കുക എളുപ്പമല്ല. വേഗതയിലും ചിപ്പിനേക്കാൾ ഏറെ പിന്നിലാണ് ബാക്ടീരിയ. എങ്കിലും കാനഡ, യൂറോപ്പ്, ബ്രിട്ടൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഗവേഷകർ രണ്ട് പതിറ്റാണ്ടായി നടത്തുന്ന ഈ പഠനം ഭാവിയിലെ കമ്പ്യൂട്ടിങ്ങിന് ജീവശാസ്ത്രവും വലിയ പങ്ക് വഹിക്കുമെന്ന് സൂചിപ്പിക്കുന്നു.

ദി മൈക്രോബയോളജിസ്റ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ വിശദീകരിക്കുന്നത്. സാധാരണ കമ്പ്യൂട്ടറുകൾക്ക് വലിയ കമ്പ്യൂട്ടിങ് ശേഷി വേണ്ടിവരുന്ന പ്രശ്നങ്ങളിൽ പോലും ഈ രീതി ഫലപ്രദമാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. എന്നാൽ ഇത് ഇപ്പോഴും പ്രാഥമിക പരീക്ഷണ ഘട്ടത്തിലാണ്. ഭാവിയിൽ ഇത് മെച്ചപ്പെടുത്തിയാൽ ശാസ്ത്ര ഗവേഷണത്തിലും സാങ്കേതിക മേഖലയിലും വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷ. സിലിക്കൺ ചിപ്പിന്റെ കാലം കഴിഞ്ഞിട്ടില്ല. പക്ഷേ, ഭാവിയിലെ കമ്പ്യൂട്ടർ പകുതി യന്ത്രവും പകുതി ജീവനുമാകുമെന്നത് ഇനി വെറും സങ്കൽപ്പമല്ലെന്ന് ഈ കണ്ടുപിടിത്തം തെളിയിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bio Computers Future Tech
Next Story