മുമ്പ് കണ്ടിട്ടുള്ളതിൽ നിന്നും വ്യത്യസ്തം, ഓരോ 44 മിനിറ്റിലും സിഗ്നലുകൾ പുറത്തുവിടുന്ന 'നിഗൂഢ വസ്തു' ബഹിരാകാശത്ത്; അമ്പരന്ന് ശാസ്ത്രലോകം
text_fieldsബഹിരാകാശവുമായി ബന്ധപ്പെട്ട വാർത്തകൾ എന്നും ലോകം ഉറ്റുനോക്കുന്നതാണ്. ഇപ്പോൾ ശാസ്ത്രലോകം പുതിയ കണ്ടെത്തലുമായി വന്നിരിക്കുകയാണ്. ഓരോ 44 മിനിറ്റ് ഇടവിട്ട് രണ്ട് മിനിറ്റ് നേരത്തോളം എക്‌സ് റേ രശ്മികളും റേഡിയോ തരംഗങ്ങളും പുറത്തുവിടുന്ന നിഗൂഢ വസ്തുവിനെയായാണ് ബഹിരാകാശത്ത് കണ്ടെത്തിയിരിക്കുന്നത്. ഭൂമിയില്‍ നിന്ന് ഏകദേശം 15000 പ്രകാശ വര്‍ഷം അകലെ ക്ഷീരപഥത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. എ.എസ്.കെ.എ.പി.ജെ 1832-0911എന്ന് പേരിട്ടിരിക്കുന്ന വസ്തുവിനെ കണ്ടെത്തിയത് ഓസ്‌ട്രേലിയയിലെ സ്‌ക്വയർ കിലോമീറ്റർ അറേ പാത്ത്‌ഫൈൻഡറും നാസയുടെ ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററിയുമാണ്. മേയ് 28 ന് നേച്ചർ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
'ഈ വസ്തു നമ്മൾ മുമ്പ് കണ്ടിട്ടുള്ളതിൽ നിന്നും വ്യത്യസ്തമാണ്' ഓസ്‌ട്രേലിയയിലെ പെർത്തിലെ കർട്ടിൻ സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ ആൻഡി വാങ് പറഞ്ഞു .എ.എസ്.കെ.എ.പി.ജെ.1832-0911 ഒരു മാഗ്നെറ്റായിരിക്കാം (നിര്‍ജീവ നക്ഷത്രത്തിന്റെ കാന്തിക അവശിഷ്ടം) അല്ലെങ്കിൽ ഉയർന്ന കാന്തികതയുള്ള വെളുത്ത കുള്ളനെ ഉൾക്കൊള്ളുന്ന ബൈനറി സിസ്റ്റം ആയിരിക്കാം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ഇവ സാധ്യതകൾ മാത്രമായിരിക്കാം എന്നും വാങ് കൂട്ടിച്ചേർത്തു.
മിനിറ്റുകളോളം റേഡിയോ തരംഗങ്ങള്‍ പുറത്തുവിടുന്ന എൽ.പി.ടി അഥവാ ലോങ് പിരിയഡ് റേഡിയോ ട്രാന്‍സിയന്റ് വിഭാഗത്തില്‍ പെടുന്ന വസ്തുവാണിത്. അതിവേഗം കറങ്ങുന്ന ന്യൂട്രിയോണ്‍ നക്ഷത്രങ്ങളായ പള്‍സാറുകളില്‍ കാണപ്പെടുന്ന റേഡിയോ തരംഗങ്ങളേക്കാള്‍ ദൈര്‍ഘ്യമുണ്ട് ഇതിന്. കുറച്ചു മിനിറ്റുകളുടേയോ മണിക്കൂറുകളുടേയോ ഇടവേളകളില്‍ മാത്രമാണ് എൽ.പി.ടി എന്ന കോസ്മിക് വസ്തുക്കള്‍ റേഡിയോ തരംഗങ്ങള്‍ പുറത്തുവിടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ പത്തോളം എൽ.പി.ടി.കളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് എ.എസ്.കെ.എ.പി.ജെ1832-0911.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

