മുംബൈക്കും കൊൽക്കത്തക്കും നാസയുടെ ഛിന്നഗ്രഹ മുന്നറിയിപ്പ്
text_fieldsവാഷിംങ്ടൺ: മുംബൈ, കൊൽക്കത്ത, ധാക്ക നഗരങ്ങൾക്ക് ഛിന്നഗ്രഹ ഭീഷണി മുന്നറിയിപ്പുമായി നാസ. അടുത്തിടെ കണ്ടെത്തിയ 2024 YR4 എന്ന ഛിന്നഗ്രഹത്തിന്റെ സഞ്ചാരദിശ നിരീക്ഷിച്ചുവരികയാണ് യു.എസ് ബഹിരാകാശ ഏജൻസിയായ നാസ. അതേസമയം, 2032ൽ ഛിന്നഗ്രഹം ഭൂമിയിൽ ഇടിക്കാനുള്ള സാധ്യത കുറഞ്ഞുവെന്ന ശുഭ വാർത്തയും നാസ പങ്കുവെക്കുന്നുണ്ട്. ഭൂമിയിൽ ഇടിക്കാനുള്ള സാധ്യത 1.5 ശതമാനമായി കുറഞ്ഞതായി നാസ ട്വീറ്റ് ചെയ്തു. ഛിന്നഗ്രഹം ഭൂമിയിൽ ഇടിക്കാനുള്ള സാധ്യത 3.1 ശതമാനമാണെന്നാണ് ബുധനാഴ്ച നാസ ട്വീറ്റ് ചെയ്തത്.
കിഴക്കൻ പസഫിക് സമുദ്രം, വടക്കൻ ദക്ഷിണ അമേരിക്ക, അറ്റ്ലാന്റിക് സമുദ്രം, ആഫ്രിക്ക, അറേബ്യൻ കടൽ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ ഛിന്നഗ്രഹത്തിന്റെ അപകടസാധ്യത മേഖല വ്യാപിച്ചിട്ടുണ്ടെന്നാണ് നാസ നൽകുന്ന വിവരം. ഇത് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഏഴ് നഗരങ്ങളായ മുംബൈ, കൊൽക്കത്ത, ധാക്ക, ബൊഗോട്ട, അബിജാൻ, ലാഗോസ്, കാർട്ടൂം എന്നിവക്ക് ഭീഷണിയാണെന്ന് നാസ റിപ്പോർട്ട് ചെയ്തിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഈ നഗരങ്ങളിലെ മൊത്തം ജനസംഖ്യ 11 കോടിയിലധികമാണ്. ഏപ്രിൽ വരെയാണ് ഛിന്നഗ്രഹം ദൂരദർശിനികളിൽ ദൃശ്യമാവുക. അതിനുശേഷം 2028 ജൂണിൽ ദൃശ്യം മങ്ങി വരും. തിളക്കത്തിൻറെ അടിസ്ഥാനത്തിൽ ഛിന്നഗ്രഹത്തിന്റെ വലിപ്പം 130 മുതൽ 300 അടി വരെ വീതിയുള്ളതാണെന്നാണ് ജ്യോതിശാസ്ത്രജ്ഞർ കണക്കാക്കുന്നത്.
ഭൂമിയുമായി കൂട്ടിയിടിച്ചില്ലെങ്കിൽ, എട്ട് മെഗാടൺ ടി.എൻ.ടിയുടെ ശക്തിയോടെ ഇത് വായുവിൽ പൊട്ടിത്തെറിക്കും. ഇതിന്‍റെ ആഘാതം ഹിരോഷിമയിൽ വർഷിച്ച അണുബോംബിനെക്കാൾ 500 മടങ്ങ് കൂടുതലായിരിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. ഈ ഛിന്നഗ്രഹത്തിന് ഭൂമിയിൽ മുഴുവനായി നാശം വിതക്കാൻ കഴിയില്ലെങ്കിലും ഒരു നഗരത്തെയാകെ ഇല്ലാതാക്കാൻ കഴിയുമെന്നാണ് ശാസ്തഞ്ജർ കരുതുന്നത്.
"ഭാവിയിൽ ഛിന്നഗ്രഹത്തിന്റെ ദിശ എന്തായിരിക്കുമെന്ന് കൃത്യതയോടെ പ്രവചിക്കുക പ്രയാസമാണ്. 2024 ഐ.ആർ.ഫോർ എന്ന ഛിന്നഗ്രഹത്തെ സംബന്ധിച്ച പുതിയ നിരീക്ഷണങ്ങളാണ് 2032ൽ ഉണ്ടാക്കാൻ സാധ്യതയുള്ള ആഘാതം എന്തായിരിക്കുമെന്ന് മനസ്സിലാക്കാൻ സഹായിച്ചത്. നിലവിലെ സാധ്യത 1.5 ശതമാനമാണ്. ഓരോ നിരീക്ഷണത്തിലും ഛിന്നഗ്രഹത്തിന്റെ പാതയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നുണ്ട്" -വ്യാഴാഴ്ച നാസ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

