സ്പേസ് കോളിംങ്......
text_fieldsവി. നാരായണന്
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമാണ്. ഏറെ ദീർഘവീക്ഷണത്തോടെയാണ് ഐ.എസ്.ആര്.ഒയുടെ പുതിയ ചെയർമാനായി ശാസ്ത്രജ്ഞന് വി. നാരായണന് സ്ഥാനമേറ്റെടുത്തത്. ഐ.എസ്.ആർ.ഒയുടെ തലപ്പത്തെത്തുമ്പോൾ വരുന്ന രണ്ടുവർഷം ഐ.എസ്.ആർ.ഒയുടെ പ്രവർത്തനങ്ങൾ ചിട്ടയോടെ മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന ആത്മവിശ്വാസവും വി. നാരായണന് കരുത്തേകുന്നു. റോക്കറ്റ്, ബഹിരാകാശ പേടകം എന്നിവയുടെ പ്രൊപ്പല്‍ഷന്‍ വിദഗ്ധൻകൂടിയായ ഒരാൾ ഈ സ്ഥാനത്തെത്തുമ്പോൾ ശാസ്ത്രലോകം ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യയുടെ കുതിച്ചുചാട്ടം കാത്തിരിക്കുന്നത്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗന്യാന് പദ്ധതി, തുടർ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-4, ഇന്ത്യക്ക് സ്വന്തമായി ബഹിരാകാശ നിലയം തുടങ്ങിയവക്ക് പുതിയ മാനംനൽകാൻ വി. നാരായണന്റെ നേതൃത്വത്തിലുള്ള ഐ.എസ്.ആർ.ഒ ടീമിന് കഴിയുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.
2026ല്‍തന്നെ ഗഗന്യാന് ദൗത്യം യാഥാർഥ്യമാകുമെന്ന ശുഭപ്രതീക്ഷ വി. നാരായണൻ പങ്കുവെക്കുന്നു. മനുഷ്യ ദൗത്യത്തിന് മുമ്പ് മനുഷ്യരില്ലാതെയുള്ള പരീക്ഷണങ്ങളുണ്ടാകും. ഇതിൽ ആദ്യത്തേത് ഈ വര്‍ഷംതന്നെ നടന്നേക്കുമെന്നും അദ്ദേഹം പറയുന്നു. വിക്ഷേപണ വാഹനത്തിന്റെ മൂന്ന് ഘട്ടങ്ങളുടെയും പരിശോധനകൾ നടന്നുകഴിഞ്ഞു. ക്രൂ എസ്കേപ് സിസ്റ്റവുമായി ബന്ധപ്പെട്ടും പരീക്ഷണങ്ങൾ നടന്നുകഴിഞ്ഞു. എന്നാൽ, തുടർപരീക്ഷണങ്ങൾ ഇനിയും വേണം. ലൈഫ് സപ്പോർട്ട് സിസ്റ്റം, മർദം നിയന്ത്രിക്കൽ, താപനില നിയന്ത്രണം, ഈർപ്പം നിയന്ത്രിക്കൽ തുടങ്ങി പരീക്ഷണ ഘട്ടങ്ങൾ നിരവധിയുണ്ട്. വിക്ഷേപണ വാഹനത്തിന് എന്തെങ്കിലും സംഭവിച്ചാൽ യാത്രികർക്ക് രക്ഷപ്പെടാനുള്ള ക്രൂ എസ്കേപ് സിസ്റ്റം വൈകാതെ പ്രവർത്തനക്ഷമമാകും.
ആദ്യ ദൗത്യങ്ങളിൽ മനുഷ്യരെ അയക്കാനാവില്ല. മൂന്ന് അൺക്രൂഡ് ദൗത്യങ്ങളാണ് ഇപ്പോൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ പരീക്ഷണ യാത്രകൾ വിജയകരമായാല്‍ അടുത്തഘട്ടം മനുഷ്യരുൾപ്പെടുന്ന ദൗത്യമാണ്. ഇതിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ പരിശീലന ഘട്ടങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു. മൂന്ന് യാത്രികരെയാകും ഗഗൻയാൻ ദൗത്യംവഴി ബഹിരാകാശത്തേക്ക് അയക്കുക. ഭൂമിയുടെ 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് ഗഗന്യാൻ എത്തിക്കുക. അത്യാധുനിക സംവിധാനങ്ങളുള്ള ബഹിരാകാശ പേടകത്തിലായിരിക്കും ക്രൂ ബഹിരാകാശത്തേക്ക് തിരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ജോയന്റ് പോളാര്‍ സാറ്റലൈറ്റ് സിസ്റ്റം, ജിയോ സിന്‍ക്രണസ് ലോഞ്ച് വെഹിക്കിള്‍ തുടങ്ങി നിരവധി ഐ.എസ്.ആര്.ഒ പദ്ധതികളിൽ നാരായണന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യ ക്രയോജനിക് എന്ജിന് സ്വതന്ത്രമായി വികസിപ്പിച്ചപ്പോള്‍ നാരായണൻ അതിന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു. നാരായണന്റെ നേതൃത്വത്തിലുള്ള ടീമാണ് ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ പേ ലോഡുകള്‍ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന എല്‍.വി.എം3 റോക്കറ്റിനായി ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സംവിധാനം തയാറാക്കിയത്. ചാന്ദ്രയാന്‍-2 ദൗത്യത്തിന്റെ പ്രൊപ്പല്‍ഷന്‍ സംവിധാനം രൂപകൽപന ചെയ്തതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഉപഗ്രഹ വിന്യാസത്തിലും മറ്റു വാണിജ്യ പ്രവര്‍ത്തനങ്ങളിലും സ്വകാര്യ കമ്പനികളുടെ പങ്ക് വിപുലീകരിക്കുന്നത് ബഹിരാകാശരംഗത്തെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സഹായകമാണെന്ന നിലപാടുകൂടി വി. നാരായണനുണ്ട്.
2018ല്‍ സത്യഭാമ സര്‍വകലാശാലയില്‍നിന്ന് ഓണററി ഡോക്ടറേറ്റ് നേടിയ വി. നാരായണൻ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. എയ്റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നാഷനല്‍ എയ്റോനോട്ടിക്കല്‍ പ്രൈസ്, ആസ്ട്രോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ ഗോള്‍ഡ് മെഡല്‍, എ.എസ്.ഐ അവാര്‍ഡ്, ശാസ്ത്രലോകത്തെ സംഭാവനക്ക് ഔട്ട്സ്റ്റാന്‍ഡിങ് അച്ചീവ്മെന്റ് അവാർഡ്, പെര്‍ഫോമന്‍സ് എക്സലന്‍സ് അവാര്‍ഡ് എന്നിവ അദ്ദേഹം സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

