Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഇനിയെന്നു പറക്കും...

ഇനിയെന്നു പറക്കും ആർട്ടെമിസ്?

text_fields
bookmark_border
ഇനിയെന്നു പറക്കും ആർട്ടെമിസ്?
cancel
camera_alt

നാസയുടെ ആർട്ടെമിസ് ദൗത്യത്തിന്റെ ഭാവനാചിത്രം

ഗ്രീക്ക് പുരാണത്തിലെ ചന്ദ്രദേവതകളിൽ പ്രധാനിയും അപ്പോളോ ദേവന്റെ ഇരട്ട സഹോദരിയും സിയൂസിന്റെയും ലെറ്റോയുടെയും മകളുമാണ് ആർട്ടെമിസ്. പ്രകൃതിയുടെയും ജനനത്തിന്റെയും വേട്ടയുടെയും ദേവതയാണ്. യു.എസ് ബഹിരാകാശ ഗവേഷണ സംഘടനയായ നാസ പുതിയ ദൗത്യത്തിന് കണ്ടെത്തിയതും അപ്പോളോയുടെ സഹോദരിയുടെ പേരാണ്. നാസയുടെ മുൻ ബഹിരാകാശ ദൗത്യത്തിന് അപ്പോളോ എന്നായിരുന്നു പേര്. 1972 വരെ അപ്പോളോ ദൗത്യങ്ങൾ തുടർന്നിരുന്നു. ശീതയുദ്ധകാലത്ത് റഷ്യയോട് മത്സരിച്ച് ഒന്നിലേറെ തവണ യു.എസ് പൗരന്മാര്‍ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്. 1969 ജൂലൈയിൽ അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായി മനുഷ്യർ ആദ്യമായി ചന്ദ്രനിൽ ഇറങ്ങി.

അപ്പോളോ 11നെ തുടർന്ന് ചന്ദ്രനിലേക്ക് ആറ് യാത്രകൾകൂടി നടത്തി. അതിൽ അഞ്ചെണ്ണം വിജയകരമായി. ആകെ 12 പേർ ചന്ദ്രോപരിതലത്തിൽ നടന്നു. 1972 ഡിസംബർ ഏഴിനും 19നും ഇടയിൽ നടന്ന അപ്പോളോ 17 ആയിരുന്നു ചന്ദ്രനിലേക്കുള്ള അവസാനത്തെ മനുഷ്യദൗത്യം. എന്നാൽ, അപ്പോളോ 18 ദൗത്യം റദ്ദാക്കപ്പെട്ടു. പണമായിരുന്നു ഇതിനു തടസ്സകാരണം. ചന്ദ്രനിലെത്താനുള്ള ചെലവ് താങ്ങാനാകുമായിരുന്നില്ല. പിന്നീട് 50 വർഷത്തോളം ചന്ദ്രനിലേക്ക് മനുഷ്യർ പോയില്ല. വീണ്ടും മനുഷ്യനെ ചന്ദ്രനിലേക്കും ഒടുവിൽ ചൊവ്വയിലേക്കും തിരികെയും എത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ചുവടുവെപ്പെന്ന നിലയിൽ 322 അടിയുള്ള സ്പേസ് ലോഞ്ച് സിസ്റ്റം (എസ്.എൽ.എസ്) റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽനിന്ന് (കെ.എസ്.സി) ആഗസ്റ്റ് 29ന് കുതിച്ചുയരേണ്ടതായിരുന്നു. സെപ്റ്റംബർ മൂന്നിനും വിക്ഷേപണത്തിന് പദ്ധതിയിട്ടെങ്കിലും പ്രതീക്ഷകൾ ഫലവത്തായില്ല.

മിന്നൽ വില്ലൻ

ആഗസ്റ്റ് 28ന് രാത്രി ഓറഞ്ചും വെളുപ്പും നിറത്തിലുള്ള റോക്കറ്റിൽ ശീതീകരിച്ച 2.76 ദശലക്ഷം ലിറ്ററിലധികം ദ്രാവക ഹൈഡ്രജനും ഓക്സിജനും നിറക്കാനുള്ള പ്രവർത്തനങ്ങൾക്കിടെ ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ അനുഭവപ്പെട്ട മിന്നൽ, ഇന്ധനം നിറക്കുന്നത് ഒരു മണിക്കൂറോളം വൈകിപ്പിച്ചു. ഫ്ലോറിഡയുടെ ഈ ഭാഗത്ത് മിന്നൽ വേനൽക്കാലത്ത് പതിവാണ്. റോക്കറ്റ് സമീപത്തെ മൂന്ന് ഭീമാകാരമായ മിന്നൽ ഗോപുരങ്ങളാൽ സംരക്ഷിച്ചിരിക്കുകയായിരുന്നു.

ആദ്യ നീക്കം

അമേരിക്കൻ സമയം 29ന് രാവിലെ 8.33ന് (ഇന്ത്യൻ സമയം വൈകീട്ട് 6.03ന്) വിക്ഷേപണത്തിനായിരുന്നു പദ്ധതി. എന്നാൽ, സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലെ നാല് ആർ.എസ്-25 എൻജിനുകളിൽ ഒന്ന് താപനില വ്യതിയാനത്തെ തുടർന്ന് തകരാറിലായി. ഇതേ തുടർന്ന് ആദ്യ വിക്ഷേപണം റദ്ദാക്കി. പറന്നുയരുന്നതിന് അനുയോജ്യമായ താപനില പരിധിയിലേക്ക് എൻജിനുകളിൽ ഒന്നിനെ എത്തിക്കാനുള്ള പരീക്ഷണം വിജയിച്ചില്ലെന്ന് നാസ പറയുന്നു. റോക്കറ്റിന്റെ ടാങ്കുകളിലേക്ക് ദ്രാവക ഹൈഡ്രജനും ദ്രാവക ഓക്‌സിജനും നിറച്ചതോടെയാണ് എൻജിനീയർമാർ ഈ പ്രശ്‌നത്തെക്കുറിച്ച് ആദ്യം അറിഞ്ഞത്.

നാല് ആർ-25 എൻജിനുകളും ക്രയോജനിക് പ്രൊപ്പല്ലന്റ് ഉപയോഗിച്ച് കണ്ടീഷൻ ചെയ്യേണ്ടതുണ്ട്. റോക്കറ്റിന്റെ ജ്വലനത്തിനു മുമ്പ് നടത്തിയ പരിശോധനയിൽ റോക്കറ്റിന്റെ നാല് കോർ-സ്റ്റേജ് എൻജിനുകളിൽ ഒന്നിലെ ദ്രാവക ഹൈഡ്രജൻ വ്യൂഹങ്ങളിൽ ഒന്ന് വേണ്ടത്ര ശീതീകരിക്കപ്പെട്ടില്ല എന്നാണ് റിപ്പോർട്ട്. എൻജിൻ ബ്ലീഡ് പ്രക്രിയയാണ് താളം തെറ്റിയത്. ചെറിയ അളവിൽ ഇന്ധനം പുറത്തുവിടുന്നതിലൂടെ എൻജിനുകളെ കൃത്യമായ താപനിലയിലെത്തിക്കുന്ന പ്രക്രിയയാണ് എൻജിൻ ബ്ലീഡ്. കൗണ്ട്ഡൗൺ ഇടക്ക് നിർത്തി തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും എൻജിൻ മൂന്നിന്റെ പ്രവർത്തനം പ്രതീക്ഷിച്ച തലത്തിലെത്തിയില്ലെന്ന് നാസ പറയുന്നു. പുലർച്ച മൂന്നോടെ മറ്റൊരു പ്രശ്നംകൂടി കണ്ടെത്തി. ഹൈഡ്രജൻ നിറക്കുന്നതിനിടയിൽ റോക്കറ്റിന്റെ താപപ്രതിരോധ സംവിധാനത്തിൽ തകരാർ ശ്രദ്ധയിൽപ്പെട്ടു. ശീതീകരിച്ച പ്രൊപ്പല്ലന്റിന്റെ ഫലമാണെന്നും ഘടനപരമായ പ്രശ്നമല്ലെന്നും നാസ പിന്നീട് വെളിപ്പെടുത്തി. റോക്കറ്റ് ഫ്ലേഞ്ചുകളിലൊന്നിലെ വിള്ളലായിരുന്നു അത്. വിള്ളലിനുള്ളിൽ കുടുങ്ങിയ തണുത്തുറഞ്ഞ വായു മഞ്ഞുകട്ടയായി മാറിയിരുന്നു.

രണ്ടാം ശ്രമം

ഒരാഴ്ചയോളം നാസ എൻജിനീയർമാർ ഇത് ശരിയാക്കാനെടുത്തു. എന്നാൽ, സെപ്റ്റംബർ മൂന്നിന് രാത്രി വീണ്ടും വിക്ഷേപണം നടത്തുന്നതിന് മുന്നോടിയായി ഇന്ധനം നിറക്കുന്നതിനിടെ ഹൈഡ്രജൻ ചോർച്ച ഒന്നിലധികം തവണയുണ്ടായി. മൂന്നാം തവണയും ഇന്ധനചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ ദൗത്യം മാറ്റിവെക്കാൻ നാസ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ സമയം 11.47നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ, 8.47നുതന്നെ വിക്ഷേപണം മാറ്റിവെച്ചതായി നാസ അറിയിച്ചു.

ഓറിയോൺ

റോക്കറ്റിൽ പ്രത്യേകമായാണ് യാത്രികർക്കുള്ള പേടകമായ ഓറിയോൺ ഘടിപ്പിക്കപ്പെടുന്നത്. 21 ദിവസം വരെ യാത്രക്കാരുമായി ബഹിരാകാശത്ത് കഴിയാൻ ഓറിയോണിനു കഴിയും. ദൗത്യ നിർവഹണത്തിന് ശേഷം പസഫിക് സമുദ്രത്തിൽ ഇത് വീഴും. നാലുപേർക്ക് സഞ്ചരിക്കാവുന്ന ഓറിയോൺ പേടകത്തിൽ യാത്രക്കാർക്ക് പകരം മൂന്ന് ഡമ്മികൾ മാത്രമാണുള്ളത്. കാംപോസും ഹെൽഗയും സോഹാറും. ഈ ഡമ്മികളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ മനുഷ്യയാത്രക്ക് പേടകം സജ്ജമാണോ എന്ന് വ്യക്തമാക്കും. ഭൂമിയിലേക്ക് പേടകം തിരികെ പ്രവേശിക്കുമ്പോൾ അനുഭവിക്കേണ്ടി വരുക 2760 ഡിഗ്രി സെൽഷ്യസ് ചൂടാണ്. ഈ ചൂട് പേടകത്തിന് അതിജീവിക്കാനാകണം. പേടകത്തിലെ ഡമ്മികൾ ത്വരണം (acceleration), കമ്പനം (vibration), വികിരണം (radiation) എന്നിവയുടെ തോത് രേഖപ്പെടുത്തും. ചന്ദ്രോപരിതലത്തെ കുറിച്ച് പഠിക്കുന്നതിനായി ക്യൂബ്സാറ്റ്സ് എന്ന 10 ചെറിയ ഉപഗ്രഹങ്ങളെയും റോക്കറ്റ് വിന്യസിക്കും.

ഗേറ്റ് വേ

മനുഷ്യരെ ചന്ദ്രനിൽ ഇറക്കുക ആർട്ടെമിസ് ദൗത്യത്തിന്റെ ലക്ഷ്യമാണെങ്കിലും അതിൽ മാത്രം ഒതുങ്ങുന്നില്ല നാസയുടെ പദ്ധതി. സമീപ ഭാവിയിൽ ചൊവ്വയിലേക്ക് മനുഷ്യരെ കൊണ്ടുപോവുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ആദ്യ പടിമാത്രമാണിത്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ഗേറ്റ് വേ എന്ന ബഹിരാകാശ നിലയവും ചന്ദ്രോപരിതലത്തിലെ അടിത്തറയും ഉപയോഗിച്ച് ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യമാണ് പദ്ധതി. മാസങ്ങൾ എടുക്കുന്ന ചൊവ്വയിലേക്കുള്ള യാത്രക്കിടെ തങ്ങുന്നതിനുള്ള താൽക്കാലിക ഇടത്താവളമായും ഇന്ധനം നിറക്കാനുള്ള സ്റ്റേഷനായും ഗേറ്റ്‌വേ പ്രവർത്തിക്കും.

നിർമാണം അവസാനഘട്ടത്തിലേക്ക് അടുക്കുന്ന ചൈനയുടെ ടിയാൻഗോങ് ബഹിരാകാശനിലയവും ഇലോൺ മസ്കിന്റെ സ്പേസ് എക്സ് പോലുള്ള സ്വകാര്യ എതിരാളികളും ഉയർത്തുന്ന വെല്ലുവിളികളെ മറികടക്കുകയാണ് നാസ ലക്ഷ്യമിട്ടിരുന്നത്. ആർട്ടെമിസ് ഒന്നിന് 410 കോടി ഡോളർ (ഏകദേശം 32,788 കോടി രൂപ) ചെലവുവരുന്നതാണ്. ആർട്ടെമിസ്-2 ബഹിരാകാശ യാത്രികരെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കാനും ആർട്ടെമിസ്-3 2025ൽ മനുഷ്യരെ ചന്ദ്രനിൽ ഇറക്കാനും ലക്ഷ്യമിട്ടിരുന്നു. അപ്പോളോ ദൗത്യത്തിലെ ബഹിരാകാശ യാത്രികർ വെളുത്തവർഗക്കാരായ പുരുഷന്മാരായിരുന്നു. ആർട്ടെമിസ് ദൗത്യത്തിൽ ആദ്യത്തെ സ്ത്രീയെയും കറുത്തവർഗത്തിൽപെട്ട വ്യക്തിയെയും ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്. എന്തായാലും പദ്ധതിയിൽനിന്ന് നാസ പിന്നോട്ടില്ലെന്നാണ് സൂചന. അടുത്ത വിക്ഷേപണം ഒക്ടോബറിൽ നടക്കാനാണ് സാധ്യതയെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArtemisNASA's New Space Mission
News Summary - Artemis: NASA's New Space Mission
Next Story