ചരിത്ര നേട്ടം കൈവരിച്ച് ആർട്ടിമിസ് -2; ഭൂമിയിൽനിന്ന് കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ; അപ്പോളോയുടെ റെക്കോഡ് തിരുത്തി
text_fieldsഹൂസ്റ്റൺ: ചരിത്ര നേട്ടം കൈവരിച്ച് ആർട്ടിമിസ് -2 സംഘം. ഭൂമിയിൽനിന്ന് കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോഡാണ് ദൗത്യസംഘം സ്വന്തമാക്കിയത്. അപ്പോളോ 13 സംഘത്തിന്‍റെ റെക്കോഡാണ് മറികടന്നത്.
പുതിയ ചന്ദ്രോദയത്തിനായി ഓറിയോണിലേറി വാനംനോക്കി പറന്ന ആ നാലുപേർക്ക് ചൊവ്വാഴ്ച നിർണായകദിനമാണ്. എല്ലാം ശരിയായാൽ പുലർച്ചെ ഇന്ത്യൻ സമയം അഞ്ചരക്ക് (ഈസ്റ്റേൺ ഡേ ടൈം (ഇ.ഡി.ടി) ഉച്ച 2.45) ആർട്ടിമിസ് -രണ്ട് ദൗത്യസംഘം മുൻകൂട്ടി നിശ്ചയിച്ച പോയന്റിൽ അഥവാ ‘ൈഫ്ല ബൈ’ എന്ന അപൂർവ മുഹൂർത്തത്തിന് സാക്ഷികളാകും. ഇതോടെ മനുഷ്യകുലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ യാത്രയെന്ന (4,06,173 കി.മീ) ബഹുമതി കൂടി ആർട്ടിമിസിന് സ്വന്തമാകും.
ചന്ദ്രന്റെ ഏറ്റവും അടുത്ത്, അതായത് 6000 കിലോമീറ്റർ അരികിലായി അവരെയും കൊണ്ട് ഓറിയോൺ പേടകമെത്തും. ഈ സമയം ചന്ദ്രൻ മറയിടുന്നതിനാൽ 40 മിനിറ്റോളം പേടകത്തിന് ഭൂമിയുമായി ആശയവിനിമയം സാധ്യമാകില്ല. റീഡ് വൈസ്മാൻ നയിക്കുന്ന ദൗത്യസംഘം ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നില്ല. പകരം, രണ്ടുവർഷം കഴിഞ്ഞ് പുറപ്പെടാനിരിക്കുന്ന ആർട്ടിമിസ് -നാല് ദൗത്യസംഘത്തിന് വഴിവെട്ടുന്ന വിധത്തിൽ നിർണായക വിവരങ്ങൾ അവർ കണ്ടറിയും.
ചരിത്രദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനെ വലംവെക്കുന്ന സഞ്ചാരികൾ, ആറ് മണിക്കൂറിലധികം സമയം ചന്ദ്രോപരിതലത്തിലെ സവിശേഷതകൾ വിശകലനം ചെയ്യും. നഗ്നനേത്രങ്ങളാൽ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ചന്ദ്രന്റെ വിദൂര ഭാഗങ്ങൾ നിരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ഈ സംഘം. നാസ ബഹിരാകാശ യാത്രികരായ റീഡ് വൈസ്‌മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവരും കനേഡിയൻ ബഹിരാകാശ യാത്രികനായ ജെറെമി ഹാൻസനുമാണ് സംഘത്തിലുള്ളത്. ചന്ദ്രന് ചുറ്റുമുള്ള പറക്കൽ ഏകദേശം ആറ് മണിക്കൂർ നീണ്ടുനിൽക്കും.
ഇതിനിടെ 40 മിനിറ്റോളം ഭൂമിയിൽ നിന്നു പേടകത്തിലേക്കും തിരിച്ചുമുള്ള ആശയവിനിമയം അസാധ്യമാകും. പേടകത്തിനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ മറ സൃഷ്ടിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതു ചന്ദ്രയാത്രയിൽ പതിവുള്ളതാണെന്നും ഇതിനെ നേരിടാനുള്ള എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും നാസ അറിയിച്ചു.
ലൂണാർ ഫ്ലൈബൈക്കു ശേഷം ദൗത്യസംഘം ഭൂമിയിലേക്കു മടക്ക യാത്ര തുടങ്ങും. ഏപ്രിൽ 10ന് രാത്രി ഒമ്പതോടെ പേടകം പസിഫിക് സമുദ്രത്തിൽ പതിക്കും. തുടർന്ന് യു.എസ് നേവിയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും പേടകത്തെയും യാത്രികരെയും വീണ്ടെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

