ബഹിരാകാശ നിലയത്തിൽ ആരോഗ്യ പരിശോധന നടത്തുന്നതെങ്ങനെ? വിവരങ്ങൾ പങ്കുവെച്ച് അനിൽ മേനോൻ
text_fieldsഅന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആരോഗ്യകരമായ വെല്ലുവിളി നേരിട്ടാൽ പരിശോധന നടത്തുന്നത് എങ്ങനെയെന്ന് ഒരു വേള ചിന്തിച്ചവരായിരിക്കും നമ്മൾ. ഭൂമിയിലുള്ള പോലെ ബൃഹത്തായ ആതുരാലയ സേവനങ്ങളോ മറ്റു സൗകര്യങ്ങളോ ബഹിരാകാശ നിലയത്തിലുണ്ടാകുമോ..? എന്നാൽ, അതേ കുറിച്ച് വ്യക്തമാക്കുന്ന വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മലയാളിയും നാസയുടെ ബഹിരാകാശ യാത്രികനുമായ ഡോ. അനിൽ മേനോൻ.
ബഹിരാകാശ നിലയത്തിൽ വെച്ച് നടത്തുന്ന അൾട്രാസൗണ്ട് പരിശോധനയുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് അദ്ദേഹം ഈ പ്രക്രിയ വിശദീകരിച്ചത്. ഭൂമിയിൽനിന്ന് തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളുള്ള ബഹിരാകാശത്ത്, യാത്രികരുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ അത്യാധുനിക സാങ്കേതികവിദ്യയും പരസ്പരമുള്ള സഹകരണവും എത്രത്തോളം പ്രധാനമാണെന്ന് ഈ വിവരങ്ങൾ വ്യക്തമാക്കുന്നു. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥ അഥവാ മൈക്രോഗ്രാവിറ്റി മനുഷ്യശരീരത്തിലെ സാധാരണ രക്തപ്രവാഹത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് അനിൽ മേനോൻ ചൂണ്ടിക്കാണിക്കുന്നു. ഇത് ബഹിരാകാശ യാത്രികരിൽ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കും. ഇതിനാൽ തന്നെ ബഹിരാകാശ നിലയത്തിൽ വെച്ചുള്ള നിരന്തരമായ ആരോഗ്യ പരിശോധനകൾ അനിവാര്യമായി മാറുന്നു. ഇങ്ങനെ അൾട്രാസൗണ്ട് പരിശോധനകൾ നടത്തുമ്പോൾ ബഹിരാകാശ യാത്രികർ തമ്മിലുള്ള കൂട്ടായ സഹകരണം ആവശ്യമാണ്. പരിശോധന നടത്തുമ്പോൾ ഒരാൾ അൾട്രാസൗണ്ട് ഉപകരണം ശരീരത്തിൽ പ്രയോഗിക്കുമ്പോൾ, മറ്റേയാൾ അതിന്റെ നിയന്ത്രണങ്ങൾ കൈകാര്യം ചെയ്യുകയാണ് പതിവ്.
ബഹിരാകാശ നിലയത്തിലെ യാത്രികർ മാത്രമല്ല, ഭൂമിയിലുള്ള ഒരു വിദഗ്ധ മെഡിക്കൽ സംഘവും ഈ പ്രക്രിയയിൽ തത്സമയം പങ്കാളികളാകുന്നുണ്ട്. ഭൂമിയിലിരുന്ന് നിർദേശങ്ങൾ നൽകുന്ന ഒരു റിമോട്ട് ഗൈഡും ഡോക്ടർമാരുടെ സംഘവും കൃത്യമായ ഫലങ്ങളാണ് ലഭിക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നു. ഇതോടൊപ്പം തന്നെ ലഭിക്കുന്ന ചിത്രങ്ങൾ ഉടൻ തന്നെ വിശകലനം ചെയ്യുകയും, കൂടുതൽ പരിശോധനകൾ ആവശ്യമാണെങ്കിൽ അതിനുള്ള നിർദേശങ്ങൾ തത്സമയം നൽകുകയും ചെയ്യുന്നു. ഭാവിയിൽ ചൊവ്വയിലേക്കും മറ്റുമുള്ള ദീർഘദൂര ബഹിരാകാശ ദൗത്യങ്ങളിൽ ഏർപ്പെടുന്ന യാത്രികരുടെ ആരോഗ്യം ഉറപ്പാക്കുന്നതിനും ഇത്തരം മെഡിക്കൽ സംവിധാനങ്ങൾ വലിയ പങ്കുവഹിക്കുമെന്ന് അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

