പെണ്ണൊപ്പ് ചാർത്തിയ ഉപഗ്രഹം ബഹിരാകാശത്തേക്ക്
text_fieldsപൂജപ്പുര എൽ.ബി.എസ് വനിത എൻജിനീയറിങ് കോളജ് വിദ്യാർഥിനികളും അധ്യാപകരും ഐ.എസ്.ആർ.ഒയുമായി ഒപ്പുവെച്ച ധാരണപത്രവുമായി
തിരുവനന്തപുരം: രാജ്യം ചന്ദ്രയാനിന്റെയും ആദിത്യയുടെയും വിജയപ്രഭയിൽ ജ്വലിച്ചുനിൽക്കെ പെൺപോരിമയുടെ ഗരിമയുമായി ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങുന്നു. പൂജപ്പുര എൽ.ബി.എസ് വനിത എൻജിനീയറിങ് കോളജിൽ നിന്നാണ് വീ സാറ്റ് അഥവാ വിമൻ എൻജിനീയേർഡ് സാറ്റലൈറ്റ് കുതിപ്പിന് സജ്ജമായത്. ഐ.എസ്.ആർ.ഒയുമായി ഒപ്പുവെച്ച ധാരണപത്രത്തിന്റെ അടിസ്ഥാനത്തിൽ നവംബറിലെ പി.എസ്.എൽ.വി ദൗത്യത്തിൽ ഉപഗ്രഹം വിക്ഷപിക്കും.
അസി. പ്രഫസർ ഡോ. ലിസി എബ്രഹാമിന്റ നേതൃത്വത്തിൽ സ്പേസ് ക്ലബ് അംഗങ്ങളായ വിദ്യാർഥിനികളാണ് മൂന്നുവർഷംകൊണ്ട് ഉപഗ്രഹം രൂപപ്പെടുത്തിയത്. ബഹിരാകാശത്തെയും ഭൗമോപരിതലത്തിലെയും അൾട്രാവയലറ്റ് വികിരണങ്ങളുടെ തീവ്രത അളക്കുകയും അത്തരം വികിരണങ്ങൾ കേരളത്തിലെ ഉഷ്ണതരംഗത്തെയും കാലാവസ്ഥവ്യതിയാനത്തെയും എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് മനസ്സിലാക്കുകയുമാണ് പ്രധാന ലക്ഷ്യം.
വിദ്യാർഥികൾ നിർമിക്കുന്ന കേരളത്തിലെ ആദ്യത്തെ ഉപഗ്രഹം എന്ന വിേശഷണത്തിനുപുറമെ പൂർണമായും വനിതകളുടെ മേൽനോട്ടത്തിൽ നിർമിക്കുന്ന രാജ്യത്തെ ആദ്യ ഉപഗ്രഹം എന്ന സവിശേഷതയും വീസാറ്റിനുണ്ട്. സ്പേസ് ക്ലബിന്റെ നേതൃത്വത്തിൽ കാമ്പസിൽ തന്നെ ഇതിന്റെ ഗ്രൗണ്ട് സ്റ്റേഷൻ സ്ഥാപിച്ചിട്ടുണ്ട്. പൂർണതോതിൽ പ്രവർത്തനസജ്ജമായ ഈ സ്പേസ് സ്റ്റേഷനിലായിരിക്കും പഠനപ്രവർത്തനങ്ങൾ.
പരിസ്ഥിതി ആഘാതം കുറക്കാൻ നടപടി സ്വീകരിക്കുന്നതിനും പരിസ്ഥിതി നയങ്ങൾ രൂപവത്കരിക്കുന്നതിലും സർക്കാറിന് സഹായകമാകുന്ന തരത്തിൽ വീസാറ്റ് പഠനവിധേയമാക്കും. സംസ്ഥാനത്ത് ഇത്തരമൊരു പഠനം ആദ്യമാണ്. അസി. പ്രഫസർമാരായ ഡോ. എം.ഡി. സുമിത്ര, ഡി. ദേവിക, ഡോ. ആർ. രശ്മി, ബി. ടെക് വിദ്യാർഥി ഷെറിൽ മറിയം ജോസ് എന്നിവരും വീ സാറ്റിന് പിന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

