ഗഗൻയാൻ: നിർണായക പരീക്ഷണം വിജയം
text_fieldsബംഗളൂരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട നിർണായക പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐ.എസ്.ആർ.ഒ. തമിഴ്നാട്ടിലെ മഹേന്ദ്രപുരിയിലുള്ള ഐ.എസ്.ആർ.ഒയുടെ പ്രെപൽഷൻ കോംപ്ലക്സിലാണ് പ്രത്യേകം തയാറാക്കിയ സ്ഥലത്ത് പരീക്ഷണം നടത്തിത്. പൂർണമായും ക്രയോജനിക് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന എൽ.വി.എം -3 റോക്കറ്റാണ് ഗഗൻയാൻ പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കുക.
മൂന്ന് ഘട്ടങ്ങളിലായിട്ടാണ് റോക്കറ്റ് പേടകത്തെ ഭ്രമണപഥത്തിലേക്ക് ഉയർത്തുക. ഇതിൽ മൂന്നാം ഘട്ടത്തിൽ റോക്കറ്റിന്റെ ജ്വലനത്തിന് സഹായകമാകുന്ന സി.ഇ 20 ക്രയോജനിക് എൻജിന്റെ പ്രവർത്തനക്ഷമതയാണ് പരീക്ഷിക്കപ്പെട്ടത്. ഇതിനായി, പരീക്ഷണശാലയിൽ, റോക്കറ്റിന്റെ മൂന്നാംഘട്ട കുതിപ്പ് സമയത്തെ ഉയരത്തിനനുസൃതമായ ‘അന്തരീക്ഷം’ കൃത്രിമമായി സൃഷ്ടിക്കുകയായിരുന്നു. ഇഗ്നീഷൻ പരീക്ഷണം എന്നാണിതറിയപ്പെടുക. പ്രതീക്ഷിച്ചതുപോലെ, റോക്കറ്റിന്റെ ജ്വലനത്തിന് എൻജിൻ സഹായകമായി.
ക്രയോജനിക് സാങ്കേതിക വിദ്യയെ അതിന്റെ പൂർണതയിൽ ഉപയോഗപ്പെടുത്താനാണ് ഐ.എസ്.ആർ.ഒ ആഗ്രഹിക്കുന്നതെന്നും അതിന്റെ ഭാഗമായിക്കൂടിയായിരുന്നു പരീക്ഷണമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

