ഒമാൻ ആകാശത്തിൽ അപൂർവ പ്രതിഭാസം; ഒറ്റ രാത്രിയിൽ തെളിഞ്ഞത് 332 വാൽനക്ഷത്രങ്ങൾ !
text_fieldsമസ്കത്ത്: ഒറ്റ രാത്രിയിൽ 332 പെർസീഡ് ഉൽക്കകൾ (വാൽനക്ഷത്രങ്ങൾ) ഒമാന്റെ ആകാശത്തിൽ അപൂർവ കാഴ്ചയായി. അമാവാസിയോട് അനുബന്ധിച്ച ചാന്ദ്രപ്രകാശമില്ലാത്ത ഇരുണ്ട ആകാശവും അനുകൂലമായ കാലാവസ്ഥയും നിരീക്ഷണത്തിന് സഹായമായെന്ന് ഒമാൻ ആസ്ട്രോണമിക്കൽ സൊസൈറ്റി ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ഇബ്രാഹിം മുഹമ്മദ് അൽ മഹ്‌റൂഖി പറഞ്ഞു.
ഏഴ് പേരടങ്ങുന്ന സംഘമാണ് ഈ അതുല്യ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചത്. അർധരാത്രിക്ക് ശേഷവും പുലർച്ചെക്ക് തൊട്ടുമുമ്പുമാണ് പെർസീഡ് ഉൽക്കാവർഷം നിരീക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത് ഉൽക്കകളുടെ പ്രഭവ കേന്ദ്രം (റേഡിയന്റ് പോയിന്റ്) ആകാശത്ത് കൂടുതൽ ഉയരത്തിൽ കാണപ്പെടുന്നതാണ് ഇതിന് കാരണം. പ്രകാശ മലിനീകരണമില്ലാത്ത അനുയോജ്യമായ സ്ഥലത്ത് വെച്ചാണ് നിരീക്ഷണം നടത്തിയത്.
രാത്രി 12 മുതൽ പുലർച്ചെ നാലു വരെ 297 ഉൽക്കകളാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ഇതിൽ 12 മുതൽ ഒന്നു വരെ 42 ഉൽക്കകളും, ഒന്നു മുതൽ രണ്ടു വരെ 62 ഉൽക്കകളും, രണ്ടു മുതൽ മൂന്നു വരെ 85 ഉൽക്കകളും മൂന്നു മുതൽ നാലു വരെ 108 ഉൽക്കകളും രേഖപ്പെടുത്തി. ഉൽക്കാവർഷത്തിന്റെ ശക്തി മനസ്സിലാക്കുകയാണ് നിരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം.
രേഖപ്പെടുത്തലിന്റെ അവസാന മണിക്കൂറിൽ 100-ലധികം ഉൽക്കകൾ കണ്ടത് നിരീക്ഷണത്തിനുണ്ടായിരുന്ന മികച്ച സാഹചര്യങ്ങളുടെയും ആകാശത്തിന്റെ താരതമ്യേന കുറഞ്ഞ പ്രകാശമലിനീകരണത്തിന്റെയും തെളിവാണെന്ന് അൽ മഹ്‌റൂഖി പറഞ്ഞു.
സ്വിഫ്റ്റ്-ടട്ടിൽ എന്ന ഭീമൻ വാൽനക്ഷത്രം സൂര്യനെ വലംവെച്ചു പോകുമ്പോൾ ബഹിരാകാശത്ത് അവശേഷിപ്പിക്കുന്ന പൊടിപടലങ്ങളും പാറക്കഷ്ണങ്ങളും നിറഞ്ഞ പാതയിലൂടെ ഭൂമി അതിന്റെ ഭ്രമണത്തിനിടെ എല്ലാ വർഷവും ആഗസ്റ്റ് മാസത്തിൽ കടന്നുപോകുന്നു. ഈ ചെറിയ ധൂളികണങ്ങൾ സെക്കൻഡിൽ കിലോമീറ്ററുകൾ വേഗത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഇടിച്ചുകയറുകയും വായുവുമായുള്ള ഘർഷണം കാരണം കത്തിയെരിയുകയും ചെയ്യുന്നതാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ പെർസീഡ് വാൽനക്ഷത്രങ്ങളായി നമുക്ക് തോന്നുന്നത്.
വർഷങ്ങളായി ശേഖരിക്കുന്ന വിവരങ്ങൾ വഴി, സ്വിഫ്റ്റ് ടട്ടിൽ എന്ന വാൽനക്ഷത്രം അവശേഷിപ്പിച്ച പൊടിയുടെയും അവശിഷ്ടങ്ങളുടെയും അളവും വിതരണവും പഠിക്കാനും ഭാവിയിൽ ശക്തമായ ഉൽക്കാവർഷം ഉണ്ടാകാൻ സാധ്യതയുള്ള കാലഘട്ടങ്ങൾ പ്രവചിക്കാനും സഹായിക്കുമെന്നാണ് ഗോള ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

