Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2,400ലധികം രാസസംയുക്തങ്ങൾ കേടുകൂടാതെ; ചൈനയിലെ ശവകുടീരത്തിൽ നിന്ന് 2,000 വർഷം പഴക്കമുള്ള ലഹരി പാനീയം കണ്ടെത്തി

text_fields
bookmark_border
വെങ്കലപാത്രത്തിൽ സൂക്ഷിച്ച നിലയായിരുന്നു പാനീയം
2,400ലധികം രാസസംയുക്തങ്ങൾ കേടുകൂടാതെ; ചൈനയിലെ ശവകുടീരത്തിൽ നിന്ന് 2,000  വർഷം പഴക്കമുള്ള ലഹരി പാനീയം കണ്ടെത്തി
cancel

ചരിത്രത്തെയും ഗവേഷകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ചൈനയിൽ നിന്നും അവിശ്വസനീയമായ ഒരു പുരാവസ്തു കണ്ടെത്തൽ. വെങ്കല പാത്രത്തിനുള്ളിൽ 2,000 വർഷത്തിലേറെയായി കേടുകൂടാതെ സൂക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് ഒരു പുരാതന മദ്യപാന ശീലത്തിന്റെ ശേഷിപ്പാണ്.

നിങ്ഷിയ ഹുയ് സ്വയംഭരണ പ്രദേശത്തെ ഷാൻജിയാബാവോ സെമിത്തേരിയിലെ ക്വിൻ കാലഘട്ടത്തിലെ ശവകുടീരത്തിൽ നിന്നാണ് ഈ അപൂർവ്വ കണ്ടെത്തൽ കിട്ടിയത്. ഏകദേശം 3.74 ലിറ്റർ വരുന്ന, ഇളം നീലകലർന്ന പച്ച നിറത്തിലുള്ള ദ്രവ്യമാണ് ഈ പാത്രത്തിൽ നിന്നും ഗവേഷകർ കണ്ടെടുത്തത്.

ശാസ്ത്രീയ വിശകലനത്തിൽ ഈ ദ്രാവകത്തിൽ നിന്നും 2,400ലധികം ജൈവ സംയുക്തങ്ങളും യീസ്റ്റ് അവശിഷ്ടങ്ങളും സ്റ്റാർച്ച് തരികളും കണ്ടെത്തുകയുണ്ടായി. ചോളം, ഗോതമ്പ് അല്ലെങ്കിൽ ബാർലി എന്നിവ ഉപയോഗിച്ച് ധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ ഒരു തരം ലഹരിപാനീയമാണിതെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. ഫ്രൂട്ട് വൈനുകളിൽ നിന്ന് വ്യത്യസ്തമായി ധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ പാനീയമാണെന്ന് വ്യക്തമാക്കുന്നു.

ചൈനയിലെ യുദ്ധകാലഘട്ടത്തിലെ മദ്യനിർമാണ രീതികളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തൽ. വടക്കുപടിഞ്ഞാറൻ ചൈനയിലെ നിങ്ഷിയ മേഖലയിലുള്ള ഷാൻജിയാബാവോ സെമിത്തേരിയിലെ 'എം39' ശവകുടീരത്തിൽ നിന്നാണ് ഈ പ്രത്യേക വെങ്കല പാത്രം കണ്ടെത്തിയത്. ബിസി 475 മുതൽ 221 വരെയുള്ള കാലഘട്ടത്തിലുള്ള 'യുദ്ധകാലഘട്ടത്തെ' സൂചിപ്പിക്കുന്ന 183 ശവകുടീരങ്ങൾ ഇവിടെയുണ്ട്. നോർത്ത് വെസ്റ്റ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ.

ജേണൽ ഓഫ് ആർക്കിയോളജിക്കൽ സയൻസ്: റിപ്പോർട്ട്സ് എന്ന പ്രസിദ്ധീകരണത്തിലാണ് പഠന വിവരങ്ങൾ വിശദീകരിച്ചിരിക്കുന്നത്. ചൈനയെ ഒരേ ഭരണത്തിന് കീഴിൽ ഒന്നിപ്പിച്ച ക്വിൻ ഭരണകൂടവുമായി ബന്ധപ്പെട്ടതാണ് ഈ ശവകുടീരം. വെളുത്തുള്ളിയുടെ ആകൃതിയുള്ള പ്രത്യേക വായ്ഭാഗത്തോടുകൂടിയ ഈ വെങ്കല പാത്രം മദ്യം സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്നതാണെന്ന് കരുതപ്പെടുന്നു.

രണ്ടായിരത്തിലേറെ വർഷങ്ങളായി ഈ ദ്രാവകം എങ്ങനെ ബാഷ്പീകരിക്കപ്പെടാതെ ഇത്രയും നാൾ നിന്നു എന്നത് ഗവേഷകരെപ്പോലും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. പാത്രത്തിന്റെ അകത്തുവശം തുണികൊണ്ടും പുറത്തുവശം പ്രത്യേക ജൈവക്കളിമണ്ണുകൊണ്ടും വളരെ കൃത്യമായി സീൽ ചെയ്തിട്ടുണ്ടായിരുന്നുവെന്ന് ഗവേഷകർ കണ്ടെത്തി.

ഈ പ്രത്യേക സീലിങ് രീതിയും, അവിടത്തെ വരണ്ട കാലാവസ്ഥയും ചേർന്നാണ് ദ്രാവകം ബാഷ്പീകരിക്കപ്പെടുകയോ മലിനമാവുകയോ ചെയ്യാതെ സംരക്ഷിച്ചത്. മിക്ക പുരാവസ്തു ഗവേഷണങ്ങളിലും പാത്രങ്ങളുടെ അടിത്തട്ടിൽ ഉണങ്ങിയ അവശിഷ്ടങ്ങൾ മാത്രമാണ് ലഭിക്കാറുള്ളത് എന്നതിനാൽ, ഇത്രയധികം ലിറ്റർ ദ്രാവകം കേടുകൂടാതെ ലഭിക്കുന്നത് അതീവ ദുർലഭമായ ഒരു സംഭവമാണ്.

ശവകുടീരത്തിനുള്ളിൽ നിന്നാണ് ഈ വെങ്കല കുപ്പി കണ്ടെത്തിയത് എന്നത്, മരണശേഷമുള്ള ആചാരങ്ങളുടെയോ ചടങ്ങുകളുടെയോ ഭാഗമായി ഇത് അവിടെ വെച്ചതാകാം എന്നതിന്റെ സൂചനയാണ്. പുരാതന ചൈനീസ് സമൂഹത്തിൽ മദ്യത്തിന് വലിയ സ്ഥാനമുണ്ടായിരുന്നു. ചടങ്ങുകളിലും വിരുന്നുകളിലും വഴിപാടുകളിലും മദ്യം ഉപയോഗിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 2,300-Year-Old Beer Discovered in Ancient Chinese Tomb
Next Story