ഒന്നും രണ്ടുമല്ല; 72 മണിക്കൂറിനുള്ളിൽ ഭൂമിക്കുനേരെ വരുന്നത് 10 ഉൽക്കകൾ!
text_fieldsബഹിരാകാശ വസ്തുക്കൾ ഭൂമിക്കുനേരെ വരികയെന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ മൂന്നു ദിവസത്തെ ഇടവേളയിൽ പത്ത് ഉല്‍ക്കകൾ നമ്മുടെ ദൃശ്യപരിധിയിലൂടെ കടന്നുപോകുകയെന്നത് അപൂർവമാണ്. വ്യാഴാഴ്ച തുടങ്ങി ശനിയാഴ്ച അവസാനിക്കുന്ന 72 മണിക്കൂറുകള്‍ക്കിടെയാണ് ഇത്രയും ഉൽക്കകൾ നമ്മുടെ ഭൂമിക്കരികെ എത്തുന്നത്. ബഹിരാകാശത്ത് എരിഞ്ഞ് തീര്‍ന്നില്ലെങ്കില്‍ ഇവ ഭൂമിയിലെത്താനുള്ള നേരിയ സാധ്യതയുമുണ്ട്. നാസയുടെ സെന്‍റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്ട് സ്റ്റഡീസാണ് ഭൂമിക്കുനേരെ കുതിക്കുന്ന ഉല്‍ക്കകളെ കണ്ടെത്തിയത്.
ഉല്‍ക്കകള്‍ പല വലുപ്പത്തിലുള്ളവയാണ്. നിയര്‍ എര്‍ത്ത് ഒബ്ജക്ട് അഥവ ഭൂമിക്ക് വളരെ അടുത്തെത്തിയേക്കാവുന്ന വസ്തു എന്ന നിലയിലാണ് ഒരോന്നിനെയും നാസ കണക്കുകൂട്ടുന്നത്. ഇവയില്‍ ചെറിയ ഉല്‍ക്കകളിലൊന്നായ 2015XX168 ഭൂമിയില്‍നിന്നും വെറും 2.3ദശലക്ഷം കിലോമീറ്റര്‍ മാറിയാണ് കഴിഞ്ഞദിവസം കടന്നു പോയത്. മറ്റൊരുല്‍ക്കയായ 2025XV ശനിയാഴ്ച ഭൂമിക്കടുത്തെത്തും.
ചന്ദ്രനില്‍നിന്ന് അല്‍പം മാറിയാണ് ഉല്‍ക്കകളുടെ സഞ്ചാരപാത എന്നാണ് നിലവില്‍ കണക്കുകൂട്ടിയിരിക്കുന്നത്, എന്നാല്‍ സെക്കന്‍റില്‍ ആറ് കിലോമീറ്റര്‍ മുതല്‍ 17 കിലോമീറ്റര്‍ വരെ വേഗതയിലാണ് ഉല്‍ക്കകള്‍ കുതിച്ചുകൊണ്ടിരിക്കുന്നത്. 170 മീറ്റര്‍ ആണ് ഏറ്റവും വലിയ ഉല്‍ക്കയുടെ വലിപ്പം മറ്റുള്ളവയ്ക്ക് 60 മുതല്‍ 120 മീറ്റര്‍ വരെ വലിപ്പമുണ്ട് ഏറ്റവും ചെറിയ ഉല്‍ക്കക്ക് ഏഴ് മീറ്ററോളം നീളമുണ്ട്. ഉല്‍ക്കകളുടെ വേഗത കൊണ്ടുതന്നെ ഇവ സഞ്ചാരപാത മാറി ഭൂമിയില്‍ പതിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഭൂരിഭാഗം ഉല്‍ക്കകളും ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്നാല്‍ കത്തിത്തീര്‍ന്നേക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. എന്നാല്‍ വലിയ ഉല്‍ക്കകളുടെ അവശിഷ്ടം ഭൂമിയില്‍ പതിക്കാനുള്ള സാധ്യത തള്ളിക്കളയുന്നുമില്ല. ഇവ ചെറിയതോതില്‍ അപകടമുണ്ടാക്കാന്‍ കെല്‍പ്പുള്ളവയാണ്. നിലവിലെ സഞ്ചാരപാത കണക്കുകൂട്ടിയതു പ്രകാരം ഇവയിലൊന്ന് ഭൂമിയുടെ വളരെ അടുത്തെത്താന്‍ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

