മാന്നാർ: കടപ്ര ഗ്രാമപഞ്ചായത്തിലെ പരുമല തിക്കപ്പുഴ താഴ്ചയിൽ സജികുമാർ-വൈജ ദമ്പതികൾക്കുള്ള 'കുടുംബത്തിന് ചോരാത്ത വീട്' പദ്ധതിയിലെ വീടിന്‍റെ നിർമാണം ആരംഭിച്ചു. മഴക്കാലമായാൽ വാസയോഗ്യമല്ലാതാവുന്ന വീട്ടിലാണ് ഇവർ വർഷങ്ങളായി താമസിച്ചുവരുന്നത്.
പ്രായമായ അമ്മയും അച്ഛനും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് ന്യൂയോർക്കിലെ കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് ബ്രൂക്ലിൻ ക്യൂൻസ് ലോങ് ഐലൻഡും സെന്‍റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയും സംയുക്തമായാണ് അഞ്ച് സെന്റിൽ വീട് യാഥാർഥ്യമാക്കുന്നത്.
ചോരാത്ത വീട് പദ്ധതിയിലെ 40ാമത്തെ വീടിന്റെ നിർമാണോദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. കെ.എ. കരീം അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. സോജിത്ത്, റോബിൻ പരുമല, ജനറൽ കൺവീനർ റോയി പുത്തൻപുരയ്ക്കൽ, പി.എൻ. ശെൽവരാജൻ, ഡോ. മധു പൗലോസ്, ശിവദാസ് യു. പണിക്കർ, ഡൊമിനിക് ജോസഫ്, സോജി താമരവേലിൽ, ബഷീർ പാലക്കീഴിൽ, സവിത മധു, സോളി എബി, മോഹൻ ചാമക്കാല, കെ.പി. ഗോപി, കെ. ശരത് കുമാർ എന്നിവർ സംസാരിച്ചു.