കുട്ടിനോമ്പുത്സവത്തെ വരവേറ്റ് നാട്
text_fieldsറമദാനിലെ കുട്ടികളുടെ നോമ്പായ ഗരങ്കാവു ആഘോഷങ്ങളെ വരവേൽക്കുന്ന വിപണി.
സൂഖ് വാഖിഫിൽനിന്നുള്ള ദൃശ്യം •ചിത്രം: അഷ്കർ ഒരുമനയൂർ
ദോഹ: കുട്ടികളുടെ നോമ്പുത്സവമായ ഗരങ്കാവുവിനെ വരവേൽക്കാനൊരുങ്ങി ഖത്തർ. റമദാൻ 14 ആയ വെള്ളിയാഴ്ചയാണ് കുട്ടികളുടെ ഗരങ്കാവു ആഘോഷമെങ്കിലും ദിവസങ്ങൾക്കു മുമ്പുതന്നെ വിപണിയും നഗരവും സജീവമായി കഴിഞ്ഞു.
സ്വദേശികളും, താമസക്കാരായ അറബ് സമൂഹവും റമദാനിൽ ഏറെ ഉത്സാഹത്തോടെ വരവേൽക്കുന്ന ഗരങ്കാവുവിനായി സമ്മാനങ്ങളും മിഠായികളും ഉടുപ്പുകളുമായാണ് സൂഖ് വാഖിഫ് മുതൽ മാളുകളും കടകളും ഒരുങ്ങിയത്. കുട്ടികൾ നോമ്പെടുത്ത്, രാത്രിയിൽ വർണങ്ങളുള്ള പുത്തനുടുപ്പണിഞ്ഞ് സമ്മാനങ്ങൾ തേടി വീടുവീടാന്തരം കയറിയിറങ്ങുന്നതാണ് ‘ഗരങ്കാവു’വിന്റെ പ്രധാന ആകർഷണം. കുട്ടികളെ സന്തോഷിപ്പിക്കാനിറങ്ങുന്ന രക്ഷിതാക്കൾക്ക് ആവശ്യമായതെല്ലാം വിപണിയിൽ തയാറായി കഴിഞ്ഞു.
നോമ്പ് പത്തിലെത്തിയപ്പോൾതന്നെ രക്ഷിതാക്കളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ കുട്ടികൾക്ക് സമ്മാനങ്ങളും മധുരങ്ങളും വാങ്ങാനായി കടകളിൽ തിരക്കിലായിട്ടുണ്ട്. സൂഖുകൾ മുതൽ സൂപ്പർ മാർക്കറ്റുകളും വരെ ഗരങ്കാവു സമ്മാനപ്പൊതികളുമായി നേരത്തേ സജ്ജം.
നാടെങ്ങും ആഘോഷങ്ങൾ
പരമ്പരാഗതമായി വീടുകൾ കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങൾക്കു പുറമെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഗരങ്കാവു ആഘോഷങ്ങളുണ്ട്. ലുസൈൽ ബൊളെവാഡിൽ വെള്ളിയാഴ്ച രാത്രി എട്ട് മുതൽ പുലർച്ച ഒന്നുവരെയാണ് വിവിധ പരിപാടികൾ. സാംസ്കാരിക ഉത്സവമായാണ് ബൊളെവാഡ് കുട്ടിനോമ്പിനെ വരവേൽക്കുന്നത്. ദോഹ ഫയർസ്റ്റേഷനിൽ വ്യാഴാഴ്ച രാത്രി 8.30 മുതൽ 11.30 വരെ വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
പെയിന്റിങ്, മധുരവിതരണം, കുട്ടികളുടെ ബെസ്റ്റ് ഡ്രസ് മത്സരം, പാവകളി എന്നിവയുമായാണ് ഒരുങ്ങുന്നത്. ഖത്തർ നാഷനൽ ലൈബ്രറിയിൽ വ്യാഴാഴ്ച ഉച്ച മുതൽ വൈകീട്ട് നാലു വരെയും ഓൾഡ് ദോഹ പോർട്ടിൽ വെള്ളിയാഴ്ച വൈകീട്ട് ആറു മുതൽ രാത്രി 11 വരെയുയാണ് പരിപാടികൾ. മുശൈരിബും വെള്ളിയാഴ്ച വിവിധ പരിപാടികൾക്ക് വേദിയൊരുക്കും. ബർവ മദീനത്ന ലുലു ഹൈപ്പർമാർക്കറ്റിൽ വ്യാഴാഴ്ച രാത്രി 7.30 മുതലാണ് പരിപാടികൾ. പേൾ ഐലൻഡിൽ ഓട്ടിസം ഫ്രണ്ട്ലി ഗരങ്കാവുവിന് ബുധനാഴ്ച രാത്രിയിൽ വേദിയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.