കൊച്ചിയിൽ ചരക്കുവിമാന സർവിസ് നാലായി; ദുബൈലേക്ക് പുതിയ സർവിസുമായി അഫ്കോം
text_fieldsകൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അഫ്കോം കാർഗോയുടെ പുതിയ ചരക്കുവിമാന സർവിസ് ആരംഭിച്ചപ്പോൾ
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഫ്കോം കാർഗോയുടെ പുതിയ ചരക്കുവിമാന സർവിസ് ആരംഭിച്ചു.
കൊച്ചിയിൽ നിന്ന് ദുബൈ വേൾഡ് സെൻട്രലിലേക്കുള്ള (ഡി.ഡബ്ല്യു.സി.) നേരിട്ടുള്ള സർവിസാണിത്. ഇതോടെ സിയാലിൽ നിന്ന് ആഴ്ചതോറും നടത്തുന്ന ചരക്കുവിമാന സർവിസുകളുടെ എണ്ണം നാലായി. ഇൻഡിഗോയും നാഷണലും ഫ്‌ളൈ ദുബൈയിയുമാണ് നിലവിൽ മറ്റ് സർവിസുകൾ നടത്തുന്നത്.
ആഴ്ചയിൽ രണ്ട് ദിവസമാണ് അഫ്കോമിന്റെ സർവിസ്. ചൊവ്വ, ശനി ദിവസങ്ങളിൽ നടത്തുന്ന സർവീസിന് 20 ടൺ വരെ ചരക്ക് വഹിക്കാൻ ശേഷിയുള്ള ബോയിങ് 737-800 വിഭാഗത്തിലുള്ള ചരക്കുവിമാനമാണ് ഉപയോഗിക്കുന്നത്.
പുതിയ സർവിസിന്റെ തുടക്കം കുറിച്ച് സിയാലിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, എക്സിക്യൂട്ടിവ് ഡയറക്ടർ ജയരാജൻ വി. ചീഫ് ഫിനാൻഷ്യൽ ഓഫിസർ സജി ഡാനിയൽ, കാർഗോ ഹെഡ് സതീഷ് കുമാർ പൈ, എന്നിവർക്കൊപ്പം അഫ്കോം കാർഗോ ചെയർമാൻ ദീപക് പരാശുരാമൻ, ഡയറക്ടർമാരായ കണ്ണൻ രാമകൃഷ്ണൻ, അംബ ശങ്കർ, ചീഫ് കൊമേഴ്‌സ്യൽ ഓഫിസർ സുനിൽ ചന്ദ്രശേഖർ എന്നിവരും ടി.ടി. ഗ്രൂപ്പ് (ജി.എസ്.എ.) വൈസ് പ്രസിഡന്റ് ആർ. വിക്രമും പങ്കെടുത്തു.

