അബൂദബി-അൽ ഐൻ റോഡിൽ ഗതാഗത നിയന്ത്രണം: വേഗപരിധി കുറച്ചു, ഇ12ൽ റോഡ് ഭാഗികമായി അടക്കും
text_fieldsഅബൂദബി: അബൂദബി–അൽ ഐൻ റോഡിലും (ഇ 22) ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലും (ഇ 12) ഗതാഗത നിയന്ത്രണങ്ങളും മാറ്റങ്ങളും ഏർപ്പെടുത്തിയതായി അബൂദബി മൊബിലിറ്റി അറിയിച്ചു. നിർമാണ-നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അബൂദബി–അൽ ഐൻ റോഡിൽ വാഹനങ്ങൾ തിരിച്ചുവിടുന്നതും വേഗപരിധി കുറക്കലുമാണ് നടപ്പാക്കുന്നത്.
2026 ഒക്ടോബർ 31 ശനിയാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയന്ത്രണങ്ങൾ 2027 ജനുവരി 30 ശനിയാഴ്ച പുലർച്ചെ അഞ്ചു മണി വരെ തുടരും. മാറ്റങ്ങൾ നിലവിൽ വരുന്നതോടെ അബൂദബി–അൽ ഐൻ റോഡിലെ നിർദിഷ്ട ഭാഗങ്ങളിൽ നിലവിലുള്ള മണിക്കൂറിൽ 160 കിലോമീറ്റർ എന്നത് യഥാക്രമം 140, 120 കിലോമീറ്ററുകളായി കുറച്ചിട്ടുണ്ട്.
കൂടാതെ, സഅദിയാത്ത് ദ്വീപിലേക്ക് പോകുന്ന ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ (ഇ12) വലതുവശത്തെ വരി ഭാഗികമായി അടച്ചിടും. ഒക്ടോബർ 30 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ നവംബർ രണ്ടിന് തിങ്കളാഴ്ച രാവിലെ ആറു മണി വരെയാണ് ഈ നിയന്ത്രണം. നിർദിഷ്ട സമയങ്ങളിൽ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ കൃത്യമായ ട്രാഫിക് സൂചനാ ബോർഡുകൾ പാലിക്കണമെന്നും, കുറച്ച വേഗപരിധി കർശനമായി പിന്തുടരണമെന്നും, സമയനഷ്ടം ഒഴിവാക്കാൻ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.

