നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന; എതിർപ്പുമായി കെ.എം.സി.സിയും
text_fieldsദുബൈ: നോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയം കുത്തനെ വർധിപ്പിച്ച നടപടിക്കെതിരെ കെ.എം.സി.സിയും രംഗത്ത്. കോൺഗ്രസിന്‍റെ പ്രവാസ സംഘടനയായ ഇൻകാസിന് പിന്നാലെയാണ് മുസ്ലിം ലീഗിന്‍റെ പ്രവാസ സംഘടനയായ കെ.എം.സി.സിയും കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നത്. നീതീകരിക്കാനാവാത്ത വർധന ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കെ.എം.സി.സി, പ്രവാസി വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതിന് പരിഹാരം കാണണമെന്നും നിർദേശിച്ചിട്ടുണ്ട്.
നോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയം ഭീമമായ നിലയിൽ വർധിപ്പിച്ചത് ഒഴിവാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര, ട്രഷറർ പി.കെ. ഇസ്‌മായിൽ എന്നിവരാണ് ആവശ്യപ്പെട്ടത്. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്നതിന് പ്രായപരിധിയുടെ അടിസ്ഥാനത്തിൽ ഏഴ് കാറ്റഗറിയായി തിരിച്ചാണ് പ്രീമിയം തുക വർധിപ്പിച്ചിരിക്കുന്നത്. മൂന്നുമടങ്ങ് മുതൽ ഏഴുമടങ്ങ് വരെയാണ് വർധന. പ്രവാസി വകുപ്പിന്‍റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഇതിന് പരിഹാരമുണ്ടാക്കണമെന്ന് കെ.എം.സി.സി നേതാക്കൾ ആവശ്യപ്പെട്ടു.
പ്രീമിയം വർധന പിൻവലിക്കണം -ഗ്ലോബൽ കെ.എം.സി.സി വയനാട്
ദുബൈ: പ്രവാസികളുടെ ക്ഷേമവും ആരോഗ്യസുരക്ഷയും ലക്ഷ്യമിട്ട് ആരംഭിച്ച നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയത്തിൽ വരുത്തിയ വർധനവ് പിൻവലിക്കണമെന്ന് ഗ്ലോബൽ കെ.എം.സി.സി വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. 2025ൽ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയപ്പോൾ പ്രീമിയം വർധിപ്പിക്കില്ലെന്ന ഉറപ്പ് പദ്ധതിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി ഉയർത്തിക്കാട്ടിയിരുന്നു. എന്നാൽ, ആ ഉറപ്പിന് വിരുദ്ധമായി ഇപ്പോൾ പ്രീമിയത്തിൽ വലിയ വർധന വരുത്തിയിരിക്കുകയാണ്. സർക്കാർ അടിയന്തിര ഇടപെടൽ നടത്തി വർധന പിൻവലിക്കണമെന്നും പ്രവാസികൾക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്നും ജില്ല ഗ്ലോബൽ കെ.എം.സി.സി പ്രസിഡന്‍റ് മജീദ് മണിയോടൻ, ജനറൽ സെക്രട്ടറി പി.എ. ഗഫൂർ എന്നിവർ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
നാടിനും കുടുംബത്തിനും വേണ്ടി ജീവിതത്തിന്‍റെ നല്ലൊരു ഭാഗം വിദേശത്ത് അധ്വാനിക്കുന്ന പ്രവാസികൾക്ക് ആശ്വാസമാകേണ്ട ക്ഷേമപദ്ധതി തന്നെ അധിക സാമ്പത്തിക ബാധ്യതയായി മാറുന്നത് അംഗീകരിക്കാനാവില്ല. പ്രായഭേദമന്യേ പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ച പദ്ധതി അവരുടെ സാമ്പത്തിക പ്രയാസങ്ങൾ വർധിപ്പിക്കുന്നതിനല്ല, മറിച്ച് ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനും ചികിത്സാച്ചെലവുകളിൽ ആശ്വാസം നൽകുന്നതിനുമാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പി.സി.എഫ്
റാസൽഖൈമ: ഒരു വർഷത്തിനുള്ളിൽ നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം മൂന്നിരട്ടിയോളം വർധിപ്പിച്ച നടപടി പ്രവാസികളോടുള്ള കടുത്ത അനീതിയാണെന്ന് പി.സി.എഫ് റാസൽഖൈമ എമിറേറ്റ്സ് കമ്മിറ്റി ആരോപിച്ചു. വർധിപ്പിച്ച പ്രീമിയം അടിയന്തരമായി പിൻവലിച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രായഭേദമന്യേ എല്ലാവർക്കും ഒരേ പ്രീമിയം എന്ന വാഗ്ദാനത്തിൽനിന്ന് വ്യതിചലിച്ച് നടപ്പാക്കിയ നിരക്ക് വർധന അംഗീകരിക്കാനാവില്ല. സാധാരണക്കാരായ പ്രവാസികളുടെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കാതെയുള്ള ഈ തീരുമാനം വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. പ്രവാസികളുടെ ആരോഗ്യസുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികൾ അവർക്കുതന്നെ താങ്ങാനാകാത്ത ബാധ്യതയായി മാറുന്നത് അംഗീകരിക്കാനാവില്ല.
പ്രവാസികളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും നേരെയുള്ള ഇത്തരം നടപടികൾക്കെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകണമെന്നും കമ്മിറ്റി ആഹ്വാനം ചെയ്തു.
പി.സി.എഫ് റാസൽഖൈമ എമിറേറ്റ്സ് കമ്മിറ്റി പ്രസിഡന്‍റ് സുറാഖത്ത് പന്താവൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുജീബ് കൂലിയാട്ട് സ്വാഗതവും ട്രഷറർ മൊയ്‌തീൻ കോക്കൂർ നന്ദിയും പറഞ്ഞു. മുൻ നാഷനൽ സെക്രട്ടറി കെ.പി.എ. റഫീഖ് രാമപുരം യോഗം ഉദ്ഘാടനം ചെയ്തു. റഷീദ് കാരത്തൂർ, മുബാറക്ക്, എ.എ. റഹീം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
