ബഹുജനസംഗമം സംഘടിപ്പിച്ച് കെ.എൻ.എം ബുക്സ്
text_fieldsകെ.എൻ.എം. ബുക്സ് പ്രസിദ്ധീകരിച്ച ‘കേരള മുസ്‌ലിം നവോഥാനം’ രണ്ടാം വാല്യം ചടങ്ങിൽ സി.പി. ചെറിയമുഹമ്മദ്, എം.സി.എ. നാസറിന് നല്‍കി പ്രകാശനം നിര്‍വഹിക്കുന്നു
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ സമാപനദിനത്തിൽ കെ.എൻ.എം. ബുക്‌സ് സംഘടിപ്പിച്ച ബഹുജനസംഗമം ശ്രദ്ധേയമായി. എക്സ്പോ സെന്‍ററിന്‍റെ വിശാലമായ ബാൾറൂമിൽ നടന്ന പരിപാടിയിൽ വിവിധ പ്രഭാഷണങ്ങൾക്കും ചോദ്യോത്തരസെഷനും പുസ്തക പ്രകാശനങ്ങള്‍ക്കും സാക്ഷിയായി നിരവധി പ്രമുഖർ പങ്കെടുത്തു.
ഒരു ജനസഞ്ചയത്തെ, സമാനതകളില്ലാത്തവിധം നവോത്ഥാനത്തിന്‍റെയും പുരോഗതിയുടേയും പാതയിലേക്ക് കൈപിടിച്ചുയർത്തിയതിൽ കെ.എൻ.എം വലിയ പങ്കുവഹിച്ചുവെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് സംസ്ഥാന സിക്രട്ടറിയും പ്രസിദ്ധീകരണ വിഭാഗം ഡയരക്ടറുമായ എ. അസ്ഗർഅലി പറഞ്ഞു. ഇൻഫ്ലുവൻസറും മോട്ടിവേട്ടറുമായ വാഫി ശിഹാദ് (ഖത്തർ) ‘അൽഗോരിതം ഓഫ് ദ സോൾ’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു.
കെ.എൻ.എം. ബുക്സ് പ്രസിദ്ധീകരിച്ച ‘കേരള മുസ്‌ലിം നവോഥാനം’ രണ്ടാം വാല്യം ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമുഹമ്മദ്, മീഡിയവൺ മിഡിൽ ഈസ്റ്റ് ഹെഡ് എം.സി.എ. നാസറിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. എം.എം. അക്ബര്‍ രചിച്ച ‘ഖുര്‍ആന്‍ ആസ്വാദനം: സൂറത്തുല്‍ ഫാത്തിഹ’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം എ. അസ്ഗർഅലി, കെ.വി. ഷംസുദ്ദീന് നല്‍കി നിര്‍വഹിച്ചു.
ഡോ. മുസ്തഫ തന്‍വീര്‍ രചിച്ച ‘വജ്ബുര്‍നീ – റബ്ബിന്‍റെ സംതൃപ്തിയിലേക്ക്’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം അല്‍മനാര്‍ സെന്‍റര്‍ ഡയരക്ടര്‍ അബ്ദുസ്സലാം മോങ്ങം, ഫ്ലോറഗ്രൂപ്പ് സി.ഇ.ഒ. മുഹമ്മദ് റാഫിക്ക് നല്‍കി നിർവഹിച്ചു.
വിവിധ സെഷനുകളില്‍ പി.എ. ഹുസൈന്‍ ഫുജൈറ, ഹുസൈന്‍ കക്കാട്, ഐ.എസ്.എം സെക്രട്ടറി യാസര്‍ അറഫാത്ത്, മന്‍സൂര്‍ മദീനി, പി.എ. അബ്ദുന്നസീര്‍, അബ്ദുല്‍വാഹിദ് മയ്യേരി, മുജീബ് എക്സല്‍, ഫിറോസ് എളയേടത്ത് എന്നിവര്‍ സംബന്ധിച്ചു. കെ.വി. സുഹൈല്‍, അബ്ദുല്‍ വാരിസ്, ബാസിം നസീര്‍, അദ്നാന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

