ദേശീയ ദിനാഘോഷം: കെ.എം.സി.സി നിയമ സെമിനാർ നവംബർ 15ന്
text_fieldsദുബൈ: യു.എ.ഇ 55-ാം ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ നിയമ സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ 15ന്ഉച്ച ഒരുമണി മുതൽ ദുബൈ അബുഹൈൽ കെ.എം.സി.സി ഹാളിലാണ് സെമിനാർ. മുസ്ലിം ലീഗ് ദേശീയ നേതാവും രാജ്യസഭാംഗവും, സുപ്രീം കോടതി സീനിയർ അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്യും.
യു.എ.ഇ തൊഴിൽ, താമസ കുടിയേറ്റം, വാണിജ്യം, മുനിസിപ്പാലിറ്റി, പൊലീസ്, ഗതാഗതം, കോടതി, പബ്ലിക് പ്രോസിക്യഷൻ തുടങ്ങിയ വിവിധ സർക്കാർ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരും പ്രഗത്ഭരായ അഭിഭാഷകരും പങ്കെടുക്കും. അഭിഭാഷക വൃത്തിയിലും നിയമ സേവന മേഖലയിലും പ്രശസ്തരായവരെ ആദരിക്കും.
യു.എ.ഇ 2026 കുടുംബ വർഷമായി ആചരിക്കുന്നതിനാൽ, കുടുംബ നിയമങ്ങളെക്കുറിച്ച് സെമിനാറിൽ ചർച്ചയുണ്ടാകും. യു.എ.ഇയുടെ അരനൂറ്റാണ്ടു പിന്നിട്ട ചരിത്രത്തിലെ നിയമ വ്യവസ്ഥയിലുണ്ടായ നാൾവഴികൾ സെമിനാറിൽ ചർച്ചാ വിഷയമാകും. കൂടാതെ, സിവിൽ, ക്രിമിനൽ നിയമങ്ങൾ, വിവിധ വകുപ്പുകളിലെ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ, തൊഴിൽ നിയമങ്ങളിൽ വന്ന ഭേദഗതികൾ, ബിസിനസ് സംബന്ധമായ നിയമങ്ങൾ എന്നിവയെക്കുറിച്ച് സെമിനാറിൽ വിഷയാവതരണമുണ്ടാകും. പങ്കെടുക്കുന്നവർക്ക് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായുംഅഭിഭാഷകരുമായും മുഖാമുഖം സംസാരിക്കാൻ അവസരമുണ്ടാകും. ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ അനുമതിയോടെ ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മറ്റിയുടെ നിയമ വിഭാഗമാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
യു.എ.ഇയിലെ പ്രവാസികൾക്കായി ദുബൈ കെ.എം.സി.സി എല്ലാമാസവും പ്രമുഖ അഭിഭാഷകരെ പങ്കെടുപ്പിച്ച് അദാലത്ത് സംഘടിപ്പിച്ചു വരുന്നുണ്ട്. നിയമക്കുരുക്കിൽപെട്ട നിരവധി പ്രവാസികൾ ഈ സേവനം വിനിയോഗിക്കുന്നുണ്ട്.
സുപ്രധാന വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും പ്രഗത്ഭ അഭിഭാഷകരുമായും വിവിധ വിഷയങ്ങളെക്കുറിച്ചു സംവദിക്കാനുള്ള ഈ ജന സമ്പർക്ക പരിപാടി പ്രവാസികൾ ഉപയോഗപ്പെടുത്തണമെന്നു ചെയർമാൻ: അഡ്വ.ഇബ്രാഹിം ഖലീൽ, വൈസ് ചെയർമാൻ അഡ്വ: മുഹമ്മദ് സാജിദ്, കൺവീനർ അഡ്വ.യസിദ് എന്നിവർ അറിയിച്ചു.

