ഹാഷിം ഗ്രൂപ്പിന്‍റെ ഒമ്പതാമത്തെ ഔട്ട്ലെറ്റ് അജ്മാനിലെ അൽ ജർഫിൽ തുറന്നു
text_fieldsഅജ്മാനിലെ അൽ ജർഫ് ഇൻഡസ്ട്രിയൽ ഏരിയ 3ൽ പ്രവർത്തനമാരംഭിച്ച ഹാഷിം ഗ്രൂപ്പിന്‍റെ ഒമ്പതാമത്തെ ഔട്ട്ലെറ്റ് ഗ്രൂപ്പ് ചെയർമാൻ സി. മായിൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു. മാനേജിങ് ഡയറക്ടർമാരായ സി. അബ്ദുൽ റസാഖ്, സി. അബ്ദുൽ റഊഫ്, ഡയറക്ടർ സി. ഹംസ, ഡയറക്ടർ മുഹമ്മദ് ഷരീഫ്, ബദർ അൽ മാസ്മി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഫിനാൻസ് ഡയറക്ടർ അമീർ സി.എം.സി, മാനുഫാക്ചറിങ് ഡയറക്ടർ എ.കെ. ഫൈസൽ, ഡയറക്ടർ എം. മജീദ്, ചാക്കോ ഊളക്കാടൻ തുടങ്ങിയവർ സമീപം
അജ്മാൻ: യു.എ.ഇയിലെ പ്രമുഖ ഭക്ഷ്യോൽപ്പന്ന, റീട്ടെയിൽ, ജനറൽ ട്രേഡിങ് ശൃംഖലകളിലൊന്നായ ഹാഷിം ഗ്രൂപ്പിന്‍റെ ഒമ്പതാമത്തെ ഔട്ട്‌ലെറ്റായ ഹാഷിം മാർക്കറ്റ് അജ്മാനിലെ അൽ ജർഫ് ഇൻഡസ്ട്രിയൽ ഏരിയ 3-ൽ പ്രവർത്തനമാരംഭിച്ചു. ഗ്രൂപ്പിന്‍റെ യു.എ.ഇയിലുടനീളമുള്ള വളർച്ചയിലും വിപുലീകരണത്തിലും മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് പുതിയ ഹൈപ്പർമാർക്കറ്റിന്‍റെ ഉദ്ഘാടനം.
1979ൽ ഹാഷിം ജനറൽ ട്രേഡിങ് ആൻഡ് ഫ്ലോർ മിൽ എന്ന പേരിൽ തുടക്കം കുറിച്ച സ്ഥാപനം, പതിറ്റാണ്ടുകളുടെ പ്രവർത്തനത്തിലൂടെ ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, ഫ്ലോർ മില്ലുകൾ, ജനറൽ ട്രേഡിങ്, ഡിപ്പാർട്ട്മെന്‍റ് സ്റ്റോറുകൾ, നട്ട്സ് ആൻഡ് സ്‌പൈസസ് ഔട്ട്‌ലെറ്റുകൾ തുടങ്ങിയ മേഖലകളിൽ ശക്തമായ സാന്നിധ്യമുള്ള ബിസിനസ് ഗ്രൂപ്പായി വളരുകയായിരുന്നു.
ഹാഷിം ഗ്രൂപ്പ് ചെയർമാൻ സി. മായിൻകുട്ടി, മാനേജിങ് ഡയറക്ടർമാരായ സി. അബ്ദുൽ റസാഖ്, സി. അബ്ദുൽ റഊഫ്, ഡയറക്ടർ സി. ഹംസ, ഡയറക്ടർ മുഹമ്മദ് ഷരീഫ്, ബദർ അൽ മാസ്മി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹ്‌മദ് എം.പി , മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനുഫാക്ചറിങ് ഡയറക്ടർ എ.കെ. ഫൈസൽ, ഫിനാൻസ് ഡയറക്ടർ അമീർ സി.എം.സി, ഡയറക്ടർ എം. അബ്ദുൽ മജീദ്, ചാക്കോ ഊളക്കാടൻ തുടങ്ങിയ പ്രമുഖരും ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിൽ പങ്കെടുത്തു.
ഉപഭോക്താക്കൾക്ക് ആവശ്യമുള്ളതെല്ലാം ഒരിടത്ത് തന്നെ ലഭ്യമാക്കുന്ന രീതിയിലാണ് പുതിയ ഹൈപ്പർമാർക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഗുണമേന്മയുള്ള ഭക്ഷ്യോൽപന്നങ്ങൾ, പുതുതായി പൊടിച്ച സുഗന്ധവ്യഞ്ജനങ്ങൾ, പരമ്പരാഗത മസാലക്കൂട്ടുകൾ, റോസ്റ്ററി ഉൽപന്നങ്ങൾ, പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഉൽപന്നങ്ങളുടെ ഗുണമേന്മ, മിതമായ വില, ഉപഭോക്തൃസൗഹൃദ സേവനം എന്നിവയിലൂടെ വർഷങ്ങളായി ഹാഷിം ഗ്രൂപ്പ് വിപണിയിൽ വിശ്വാസ്യത നേടിയിട്ടുണ്ട്. 300ലധികം ഇനം സുഗന്ധവ്യഞ്ജനങ്ങളും അപൂർവ ഔഷധസസ്യങ്ങളും ഉൾപ്പെടുന്ന വിപുലമായ ഉൽപന്നശേഖരവും മസാല, ഫ്ലോർ മില്ലിങ് മേഖലകളിലെ വൈദഗ്ധ്യവും ഗ്രൂപ്പിന്‍റെ പ്രധാന സവിശേഷതകളാണ്.
ഒമ്പതാമത്തെ ഔട്ട്‌ലെറ്റിലെത്താൻ കഴിഞ്ഞത് ഗ്രൂപ്പിന്‍റെ വളർച്ചാപാതയിലെ സുപ്രധാന നേട്ടമാണെന്ന് ചെയർമാൻ സി. മായിൻകുട്ടി പറഞ്ഞു. 1979 മുതൽ ഉപഭോക്താക്കൾ നൽകിവരുന്ന വിശ്വാസവും പിന്തുണയുമാണ് ഈ വളർച്ചയുടെ അടിത്തറ. ഗുണമേന്മയുള്ള ഉൽപന്നങ്ങൾ, മികച്ച മൂല്യം, വിശ്വസനീയമായ സേവനം എന്നിവ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള പ്രതിബദ്ധത തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

