നോർക്ക കെയർ ഇൻഷുറൻസ് നിരക്ക് വർധന; പ്രതിഷേധവുമായി സംഘടനകൾ
text_fieldsനോർക്ക ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണം -ഓർമ ദുബൈ
ദുബൈ: നോർക്ക ഇൻഷുറൻസ് പദ്ധതിയിൽ വരുത്തിയ അന്യായ പ്രീമിയം വർധന ഉടൻ പിൻവലിക്കണമെന്ന് ഓർമ ദുബൈ ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമപദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കങ്ങളിൽ നിന്നും അധികാരികൾ പിന്മാറണമെന്ന് സംഘടന ഓർമിപ്പിച്ചു. ഇടതുപക്ഷ സർക്കാർ പ്രവാസികൾക്കായി കൊണ്ടുവന്ന ചികിത്സാസുരക്ഷാ പദ്ധതി സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാവുന്ന നിരക്കിൽത്തന്നെ നിലനിർത്തണം.
നിലവിലെ അനിയന്ത്രിതമായ നിരക്കുവർധന പ്രവാസികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്വകാര്യ ഇൻഷുറൻസ് ഉപേക്ഷിച്ച് നോർക്കയെ വിശ്വസിച്ച് ചേർന്നവർക്ക് ഈ നിരക്കുവർധന ഇരട്ടി പ്രഹരമായി മാറിയിരിക്കുന്നു. സ്വകാര്യ കമ്പനികൾക്ക് വേണ്ടി പ്രവാസി ക്ഷേമ പദ്ധതിയെ അട്ടിമറിക്കാനുള്ള യു.ഡി.എഫ് സർക്കാർ നീക്കങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും സംഘടന വ്യക്തമാക്കി. പ്രവാസികളെ സഹ്യായിക്കേണ്ട സർക്കാർ അവർക്കു ദുരിതം നൽകുന്ന നടപടികളുമായാണ് മുന്നോട്ടുപോകുന്നത്.
സാധാരണക്കാരായ പ്രവാസികളുടെ ജീവിതവും ആരോഗ്യവും ദുരിതത്തിലാക്കുന്ന ഈ നടപടി ഉടൻ തിരുത്തണമെന്നും, പ്രവാസികളുടെ ചികിത്സാസുരക്ഷ പൂർണമായി ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്നും ഓർമ ദുബൈ പ്രസിഡന്‍റ് അംബുജാക്ഷൻ, ജനറൽ സെക്രട്ടറി ഷിജു ബഷീർ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വരവിനേക്കാളേറെ െക്ലയിം തുക നൽകേണ്ടി വന്നത് തിരിച്ചടിയായെന്ന് അധികൃതർ
ദുബൈ: നോർക്ക ഇൻഷുറൻസിൽ പ്രീമിയം തുക വഴിയുള്ള വരവിനേക്കാളേറെ െക്ലയിം തുക നൽകേണ്ടി വന്നത് ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടിയായയെന്നും അതാണ് ഈ ഫീ വർധനവിന് കാരണമായതെന്നും വിലയിരുത്തപ്പെടുന്നു. 2026 ഒക്ടോബർ 22 വരെയുള്ള കണക്കുകൾ പ്രകാരം പ്രീമിയമായി മൊത്തം 145 കോടി ലഭിച്ചപ്പോൾ െക്ലയിം തുകയായി നൽകണ്ടേി വന്നത് 213 കോടി രൂപയാണെന്ന് നോർക്ക അധികൃതർ വ്യക്തമാക്കുന്നു.
41 മുതൽ 75 വരെയുള്ള പ്രായപരിധിയിലുള്ളവരാണ് കഴിഞ്ഞ തവണ കൂടുതൽ തുക െക്ലയിം ചെയ്തത്. മൊത്തം െക്ലയിം ചെയ്ത 213 കോടിയിൽ ഏകദേശം 127 കോടിയും ഈ പ്രായ പരിധിയിലുള്ളവർക്ക് വേണ്ടിയാണ് ചിലവഴിച്ചത്. അതുകൊണ്ടാണ് വയസ്സ് അടിസ്ഥാനത്തിൽ സ്ലാബുകൾ തിരിച്ചതെന്ന് നോർക്ക അധികൃതർ വ്യക്തമാക്കി.
കൂടാതെ ജി.എസ്.ടി കിഴിവ് ലഭിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, അത് നടപ്പായാൽ 18 ശതമാനം വരെ കിഴിവുണ്ടായേക്കുമെന്നും അധികൃതർ വ്യക്തമാക്കി. 28,727 അപേക്ഷകൾ തീർപ്പാക്കിയപ്പോൾ െക്ലയിം തള്ളിയത് 100 കേസുകളിൽ മാത്രമാണെന്നും ചൂണ്ടിക്കാട്ടുന്നു. 13 കോടി രൂപ ഇൻഷുറൻസ് തുകയായി കൊടുത്തപ്പോൾ നിരസിച്ച തുക 22 ലക്ഷമാണ്. 99.65 ശതമാനമാണ് െക്ലയിം സെന്‍റിൽമെന്‍റ്.
ഇൻഷുറൻസ് നിരക്ക് വർധന പിൻവലിക്കണം
ദുബൈ: പ്രവാസികളുടെയും കുടുംബങ്ങളുടെയും ചികിത്സാസുരക്ഷ ലക്ഷ്യമിട്ട് ആരംഭിച്ച നോർക്ക കെയർ ഇൻഷുറൻസിന്‍റെ പുതുക്കലിന് ഏർപ്പെടുത്തിയ പ്രായാടിസ്ഥാനത്തിലുള്ള പ്രീമിയം വർധന ഉടൻ പിൻവലിക്കണമെന്ന് പ്രവാസി ഇന്ത്യ യു.എ.ഇ ആവശ്യപ്പെട്ടു.
18 മുതൽ 70 വയസ്സ് വരെയുള്ളവർക്ക് പ്രായഭേദമന്യേ ഒരേ പ്രീമിയം എന്നതായിരുന്നു പദ്ധതിയുടെ സവിശേഷത. പ്രവാസികളുടെ ആരോഗ്യസുരക്ഷ ലാഭത്തേക്കാൾ പ്രധാനമാണെന്ന് സർക്കാർ തിരിച്ചറിയണം. ഈ വിഷയത്തിൽ പ്രവാസി സംഘടനകൾ ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്ന് പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡന്‍റ് അബ്ദുൽ ഹസീബ് ആവശ്യപ്പെട്ടു.

