പരീക്ഷാഭീതി അകറ്റി ലക്ഷ്യത്തിലേക്ക് ഉന്നംപിടിക്കാൻ ‘സ്കോർമാക്സ്’-2
text_fieldsദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ‘സ്കോർമാക്സ് 2026 – സീസൺ 2’ ക്ലാസിൽനിന്ന്
ദുബൈ: പത്താം ക്ലാസ് ബോർഡ് പരീക്ഷ പടിവാതിൽക്കൽ നിൽക്കേ വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകർന്ന് ദുബൈ കെ.എം.സി.സി എജ്യുക്കേഷൻ വിങ് സംഘടിപ്പിച്ച ‘സ്കോർമാക്സ് 2026 – സീസൺ 2’ ശ്രദ്ധേയമായി. സെറ്റ, കാർബൺ ഗുരുകുലം എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച പരീക്ഷാ മുന്നൊരുക്ക ശിൽപശാലയിൽ യു.എ.ഇയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു
സി.ബി.എസ്.ഇ, കേരള സിലബസ് (എസ്.എസ്.എൽ.സി) വിഭാഗങ്ങളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്കായി ഒരുക്കിയ പ്രോഗ്രാമിൽ ദുബൈ, ഷാർജ, അജ്മാൻ, അബൂദബി എമിറേറ്റുകളിലെ 36-ഓളം സ്കൂളുകളിൽ നിന്നുള്ള പഠിതാക്കൾ അണിനിരന്നു. പരീക്ഷകളെ ഭയത്തോടെയല്ല, തന്ത്രപരമായ ആസൂത്രണത്തോടെ എങ്ങനെ നേരിടാമെന്ന് അധ്യാപകർ വിശദീകരിച്ചു.
പരീക്ഷാ തയാറെടുപ്പുകൾക്ക് ഉപകരിക്കുന്ന റിവിഷൻ കിറ്റുകൾ ചടങ്ങിൽ സൗജന്യമായി വിതരണം ചെയ്തു. വിദ്യാർഥികൾക്കൊപ്പം മാതാപിതാക്കൾക്കായി പ്രത്യേക പാരന്റിങ് സെഷനും സംഘടിപ്പിച്ചിരുന്നു. 2026 ജനുവരി മൂന്നിന് നടന്ന ആദ്യ സീസണിന്റെ വൻ വിജയത്തിന് തുടർച്ചയായാണ് ഈ രണ്ടാം സീസൺ ഒരുക്കിയത്.
അബു വസീം, ഷഹീർ പറമ്പിൽ, ഷാന മർഫി, എൻ. നിംമ്ന, കെ. ഫാത്വിമ സിസ്നി, സീതൾ എക്സാവിയർ, തമന്ന തസ്നീം, റീന സലീം എന്നിവർ വിവിധ വിഷയങ്ങളിൽ സെഷനുകൾ കൈകാര്യം ചെയ്തു. എജ്യുക്കേഷൻ വിങ് ചെയർമാൻ കെ.പി. എ. സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റഈസ് തലശ്ശേരി ചടങ്ങിൽ സംബന്ധിച്ചു. ജലീൽ മഷ്ഹൂർ തങ്ങൾ, ജാഫർ മാസ്റ്റർ എന്നിവർ ആമുഖ പ്രഭാഷണം നടത്തി.
ഷിബു കാസിം, നൗഷാദ് മാഷ്, ഫൈസൽ മുഹ്സിൻ, കെ.എം. ഹംസ നടുവണ്ണൂർ, സഫിയ മൊയ്തീൻ, റാബിയ സത്താർ, ഖമറുന്നിസ, നിലോഫർ, സാജിത ഫൈസൽ, അബീന സിറാജുദ്ദീൻ, ഫാത്വിമ ജ്യുവൽ, ഡോ. ഹാഷിമ, ജുവൈരിയ്യ ടീച്ചർ, ഫാത്വിമ ഫൈസൽ, ഷഹാന എന്നിവർ നേതൃത്വം നൽകി. ജനറൽ കൺവീനർ സമദ് ചാമക്കാല സ്വാഗതവും അബ്ദുസമദ് എറണാകുളം നന്ദിയും പറഞ്ഞു.

