സൗദി റോയൽ നേവിയുടെ പുതിയ കപ്പൽ 'കിങ് നിയോം' നീറ്റിലിറക്കി
text_fieldsറിയാദ്: ‘അൽ സറവാത്ത് പദ്ധതി’യുടെ രണ്ടാം ഘട്ടത്തിലെ രണ്ടാമത്തെ കപ്പലായ 'കിങ് നിയോം’സ്പെയിനിലെ സാൻ ഫെർണാണ്ടോ നഗരത്തിലുള്ള നവാന്തിയ ഷിപ്പ്യാർഡിൽ സൗദി റോയൽ നേവി നീറ്റിലിറക്കി. കപ്പലിന്റെ ബോഡി നിർമ്മാണവും കൂട്ടിച്ചേർക്കലുകളും പൂർത്തിയായതിനെ തുടർന്നാണിത്. എന്നാൽ കപ്പലിൽ ആയുധ-പോരാട്ട സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ഘടിപ്പിക്കുന്ന പ്രവർത്തികൾ സൗദിക്കുള്ളിൽ വെച്ച് ആണ് പൂർത്തിയാക്കുക.
അതിനുശേഷം സൗദിയിലെ കടലിൽ കപ്പലിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്ന ട്രയലുകൾ നടത്തുന്നതായിരിക്കും. പ്രാദേശിക പങ്കാളിത്തം വർധിപ്പിക്കുന്നതിനും സാങ്കേതിക വിദ്യകൾ സ്വന്തമാക്കുന്നതിനും സൈനിക-നാവിക വ്യവസായങ്ങൾ രാജ്യത്തിനുള്ളിൽ തന്നെ വികസിപ്പിച്ചെടുക്കുന്നതിനുമുള്ള സൗദിയുടെ ലക്ഷ്യങ്ങളെയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നത്.
നാവികസേനാ മേധാവി വൈസ് അഡ്മിറൽ മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽരീബി, സ്പെയിനിലെ സൗദി അറേബ്യൻ അംബാസഡർ പ്രിൻസ്സ് ഹൈഫ ബിൻത് അബ്ദുൽ അസീസ് ബിൻ അയാഫ് അൽ മുഖ്റിൽ, 'നവാന്തിയ' കമ്പനി ബോർഡ് ചെയർമാൻ റിക്കാർഡോ ഡൊമിംഗ്വസ് എന്നിവർക്കൊപ്പം സൗദി, സ്പാനിഷ് ഭാഗങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ഭരണനേതൃത്വത്തിൽ നിന്ന് സായുധ സേനയ്ക്ക് ലഭിക്കുന്ന പിന്തുണയുടെ ഫലമായാണ് റോയൽ നേവിയിൽ ഗുണപരമായ ഇത്തരം പുരോഗതികൾ ഉണ്ടാകുന്നതെന്ന് നാവികസേന മേധാവി വൈസ് അഡ്മിറൽ മുഹമ്മദ് അൽഗരീബി പറഞ്ഞു. ഈ പിന്തുണ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും പ്രവർത്തന സജ്ജതയും കാര്യക്ഷമതയും കൂട്ടുന്നതിനും സഹായിച്ചതായി അദ്ദേഹം സൂചിപ്പിച്ചു. സൗദിയും സ്പെയിനും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തെയും നാവിക ശേഷി വർധിപ്പിക്കുന്നതിലും സാങ്കേതിക വിജ്ഞാനവും വൈദഗ്ധ്യവും കൈമാറുന്നതിലും ഈ പങ്കാളിത്തം കൈവരിച്ച പുരോഗതിയെയും അദ്ദേഹം പ്രശംസിച്ചു. ലൊജിസ്റ്റിക് പിന്തുണ, നാവിക ജീവനക്കാരുടെ പരിശീലനം, കപ്പലുകൾ പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സ്വദേശി പ്രതിഭകൾക്ക് പരിശീലനം നൽകൽ എന്നിവയുൾപ്പെടെയുള്ള ഒരു സംയോജിത സംവിധാനത്തിലൂടെ നാവികസേനയുടെ ശേഷി വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മികച്ച പദ്ധതികളിലൊന്നാണ് 'അൽ സറവാത്ത് പദ്ധതി'യെന്ന് അദ്ദേഹം പറഞ്ഞു.
അൽ-സറവാത്ത് പദ്ധതി'യുടെ രണ്ടാം ഘട്ടത്തിൽ 'കോർവെറ്റ് അവാന്തി 2200' വിഭാഗത്തിൽപ്പെട്ട മൂന്ന് ബഹുമുഖ പോരാട്ട കപ്പലുകളാണ് ഉൾപ്പെടുന്നത്. 'അൽ-മദീന', 'നിയോം', 'അൽ-ഉല' എന്നിവയാണവ. റോയൽ സൗദി നേവിക്ക് അഞ്ച് പോരാട്ട കപ്പലുകൾ നിർമ്മിച്ച് നൽകിയ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ തുടർച്ചയാണിത്. ആകാശത്തുനിന്നും കടൽ ഉപരിതലത്തിൽ നിന്നും കടലിനടിയിൽ നിന്നുമുള്ള ഭീഷണികളെ നേരിടാൻ തക്കവണ്ണം പുരോഗമിച്ച പോരാട്ട ശേഷിയും അത്യാധുനിക സംവിധാനങ്ങളും ഈ പദ്ധതിയിലെ കപ്പലുകളുടെ പ്രത്യേകതയാണ്. ഇത് സൗദിയുടെ തന്ത്രപ്രധാനമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രധാന നാവിക പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നാവികസേനയുടെ സന്നദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

