ഖുർആൻ കാലിഗ്രഫി മത്സരത്തിൽ തിളങ്ങി തമിഴ്നാട് വിദ്യാർഥിനി
text_fieldsജിദ്ദ: ജിദ്ദയിൽ നടന്ന വിശുദ്ധ ഖുർആൻ കാലിഗ്രാഫി പ്രദർശന മത്സരത്തിൽ തിളങ്ങി തമിഴ്നാട് വിദ്യാർഥിനി. കാരക്കൽ സ്വദേശിനിയായ ജിദ്ദയിലെ അഫ്രീൻ അബ്ദുൽ മജീദാണ് തന്റെ സർഗവൈഭവത്തിലൂടെ പ്രദർശനത്തിൽ പ്രശംസ നേടിയത്. ആദം ആർട്സ് സെന്ററിലാണ് പ്രദർശനം സംഘടിപ്പിച്ചത്.
അഫ്രീൻ അബ്ദുൽ മജീദ് വിവിധ ശൈലികളിൽ തയാറാക്കിയ അറബിക് കാലിഗ്രാഫി ബാനറുകളും ചിത്രങ്ങളും അറബ് സന്ദർശകരെ ഏറെ ആകർഷിച്ചു.
കൈയെഴുത്ത് കുറഞ്ഞുവരുന്ന ഈ ഡിജിറ്റൽ യുഗത്തിൽ, ആയിരം വർഷത്തിലേറെ പഴക്കമുള്ള പരമ്പരാഗത അറബിക് കൈയെഴുത്ത് കലയിൽ നേടിയ പ്രാവീണ്യം പരിഗണിച്ച് സംഘാടകർ അഫ്രീന് പ്രത്യേക സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. അൽ ബദ്രുൽ വദ്ദാഹ് ഓർഗനൈസേഷനാണ് പ്രദർശനം സംഘടിപ്പിച്ചത്. ചടങ്ങിൽ പ്രമുഖ സുഡാനീസ് ചിത്രകാരൻ സലാമ അൽ ഗറാവി, പ്രശസ്ത അറബിക് കാലിഗ്രഫി കലാകാരൻ ഉസ്മാൻ റഹ്മ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

