നോർക്ക കെയർ പ്രീമിയം വർധന ഉടൻ പിൻവലിക്കണം -പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ്
text_fieldsദമാം: നോർക്ക കെയർ ഇൻഷുറൻസ് പോളിസി പുതുക്കുന്നതിന് ഏർപ്പെടുത്തിയ ഭീമമായ പ്രീമിയം വർധന പ്രവാസികളോടുള്ള വഞ്ചനയാണെന്നും വർധിപ്പിച്ച നിരക്ക് ഉടൻ പിൻവലിക്കണമെന്നും പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആവശ്യപ്പെട്ടു. നോർക്ക ഐ.ഡി കാർഡ് ഉടമയുടെ പ്രായം അടിസ്ഥാനമാക്കി കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും പ്രീമിയം കണക്കാക്കുന്ന രീതി തെറ്റാണ്.
കഴിഞ്ഞ വർഷം കുറഞ്ഞ നിരക്കിൽ നോർക്ക കെയർ എടുത്ത പലരും ഭീമമായി ഉയർന്ന പ്രീമിയം താങ്ങാനാവാതെ പ്രതിസന്ധിയിലാണ്. പ്രായക്കൂടുതൽ കാരണം സ്വകാര്യ ഇൻഷുറൻസുകളിലേക്ക് മടങ്ങാനോ മുമ്പുണ്ടായിരുന്ന സീനിയോറിറ്റി ആനുകൂല്യങ്ങൾ തിരികെ ലഭിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളത്. മുൻവർഷങ്ങളെ അപേക്ഷിച്ച് വിവിധ പ്രായപരിധിയിലുള്ളവർ അടക്കേണ്ട തുകയിൽ വൻവർധനയാണ് വരുത്തിയിട്ടുള്ളത്.
പോളിസിയിൽ മാതാപിതാക്കളെക്കൂടി ഉൾപ്പെടുത്തുമ്പോൾ നിരക്ക് വീണ്ടും കുതിച്ചുയരും. ഏറ്റവും കുറഞ്ഞ പരിരക്ഷയുള്ള പോളിസികൾക്ക് പോലും താങ്ങാനാവാത്ത തുകയാണ് പ്രവാസികൾ നൽകേണ്ടി വരുന്നത്.
പ്രവാസികളുടെ ക്ഷേമത്തിനായി നിലകൊള്ളേണ്ട സർക്കാർ സംവിധാനം ഇത്തരത്തിലുള്ള അമിതഭാരം അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.
സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്ന പ്രവാസികൾക്ക് ആശ്വാസമാകേണ്ട പദ്ധതി ബാധ്യതയായി മാറുന്ന ഈ സാഹചര്യം ഒഴിവാക്കണമെന്നും പഴയ നിരക്കിൽ പോളിസി പുതുക്കാൻ അവസരമൊരുക്കണമെന്നും പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആവശ്യപ്പെട്ടു.

