നോർക്ക കെയർ പ്രീമിയം വർധന സർക്കാർ പുനഃപരിശോധിക്കണം
text_fieldsപ്രവാസികൾ ഏറെ പ്രതീക്ഷയോടെ സ്വീകരിച്ച 'നോർക്ക കെയർ' ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം കുത്തനെ കൂട്ടിയത് പ്രവാസി സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇൻഷുറൻസ് കമ്പനികളുമായുള്ള കരാറുകളോ മറ്റ് സാമ്പത്തിക ഘടകങ്ങളോ ആകാം ഇതിന് പിന്നിലെങ്കിലും, സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാകാത്ത വിധമുള്ള ഈ വർധനവ് സർക്കാർ പുനഃപരിശോധിക്കേണ്ടതുണ്ട്. യുദ്ധ ഭീതി, തൊഴിൽ നഷ്ടം, ബിസിനസ് മാന്ദ്യം, വർധിച്ച ജീവിതച്ചെലവ് തുടങ്ങിയ കടുത്ത പ്രതിസന്ധികളിലൂടെയാണ് പ്രവാസലോകം ഇന്ന് കടന്നുപോകുന്നത്.
ഈ സാഹചര്യത്തിൽ കുറഞ്ഞ ചെലവിലുള്ള ആരോഗ്യപരിരക്ഷ അവർക്ക് അനിവാര്യമാണ്. എന്നാൽ, പുതിയ നിരക്കുകൾ കാരണം അർഹരായവർക്ക് പദ്ധതിയിൽ തുടരാൻ കഴിയാതെ വന്നാൽ ഈ ജനക്ഷേമ പദ്ധതിയുടെ യഥാർഥ ലക്ഷ്യം തന്നെ ഇല്ലാതാകും. ജീവിതത്തിന്റെ നല്ലൊരു പങ്ക് വിദേശത്ത് അധ്വാനിച്ച്, പ്രായമായി നാട്ടിൽ തിരിച്ചെത്തിയ മുതിർന്ന പ്രവാസികളാണ് ഇതിനാൽ കൂടുതൽ പ്രയാസപ്പെടുന്നത്.
സ്ഥിരവരുമാനം കുറയുകയും ആരോഗ്യപ്രശ്നങ്ങൾ കൂടുകയും ചെയ്യുന്ന ഈ ഘട്ടത്തിലാണ് അവർക്ക് ഇൻഷുറൻസ് പരിരക്ഷ ഏറ്റവും കൂടുതൽ ആവശ്യമുള്ളത്.
പ്രായത്തിന്റെ അടിസ്ഥാനത്തിൽ പ്രീമിയം തുക ഉയരുമ്പോൾ അത് താങ്ങാൻ പലർക്കും സാധിക്കില്ല. പ്രവാസി റിട്ടേണീസ് ഐഡി കാർഡ് ഉൾപ്പെടെയുള്ള മികച്ച സംവിധാനങ്ങൾ ഒരുക്കിയ സർക്കാർ ഈ വിഷയത്തിലും അനുകൂല നിലപാട് സ്വീകരിക്കണം.
ഇൻഷുറൻസ് പരിരക്ഷ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി പ്രീമിയം നിരക്കുകൾ അടിയന്തരമായി പുനഃപരിശോധിക്കണം. പ്രത്യേകിച്ച് മുതിർന്ന പ്രവാസികൾക്കായി പ്രത്യേക സബ്സിഡിയോ കുറഞ്ഞ പ്രീമിയം സ്ലാബുകളോ ഏർപ്പെടുത്താനും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇളവുകൾ നൽകാനും ജനകീയ സർക്കാർ തയാ റാകണമെന്ന് അഭ്യർഥിക്കുന്നു.

