പ്രവാസി ക്ഷേമം ഔദാര്യമല്ല, നമ്മൾ ചോദിക്കുന്നത് നമ്മുടെ അവകാശമാണ് !
text_fieldsതൊഴിൽ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ, യുദ്ധസാഹചര്യങ്ങൾ മൂലമുണ്ടായ ജീവിതച്ചെലവിലെ വർധനവ്, ബിസിനസ് മേഖലയിലെ മാന്ദ്യം എന്നിവ കാരണം പ്രവാസികൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഈ യാഥാർഥ്യം നിലനിൽക്കുമ്പോൾ തന്നെ, പ്രവാസികൾക്കായി നടപ്പിലാക്കുന്ന നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വലിയ തോതിൽ വർധിപ്പിച്ച സർക്കാർ നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ല.
പ്രവാസികളുടെ കഠിനാധ്വാനവും അവർ നാട്ടിലേക്ക് അയക്കുന്ന വിദേശനാണ്യവുമാണ് നമ്മുടെ സമ്പദ്വ്യവസ്ഥയുടെ പ്രധാന കരുത്ത്. അതുകൊണ്ടുതന്നെ, പ്രതിസന്ധി ഘട്ടങ്ങളിൽ അവർക്ക് കൈത്താങ്ങാകേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്.
കഴിഞ്ഞ വർഷം ആരംഭിച്ച ഇൻഷുറൻസ് പദ്ധതിയിലെ പോരായ്മകളും, ലഭിച്ച പ്രീമിയം തുകയേക്കാൾ കൂടുതൽ തുക ക്ലെയിം നൽകേണ്ടി വന്നതുമാണ് പ്രീമിയം വർധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നതെങ്കിൽ, അതിനുള്ള പരിഹാരം പദ്ധതി സാധാരണക്കാരായ പ്രവാസികൾക്ക് അപ്രാപ്യമാക്കുകയല്ല. ആവശ്യമായ സർക്കാർ വിഹിതം അനുവദിച്ച്, എല്ലാവർക്കും താങ്ങാനാകുന്ന പ്രീമിയത്തിൽ പദ്ധതി തുടരാനുള്ള നടപടികളാണ് ഭരണകൂടം സ്വീകരിക്കേണ്ടത്.
മുഖ്യമന്ത്രി തന്നെയാണ് പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം വിവിധ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കുകയും മുൻ സർക്കാരിന്റെ കാലത്തെ കുടിശ്ശികകൾ തീർക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ പ്രവാസി പെൻഷന്റെ കാര്യത്തിൽ ഫലപ്രദമായ അത്തരം ഇടപെടലുകൾ ഉണ്ടായിട്ടില്ല. നിലവിൽ മൂന്നോ നാലോ മാസത്തെ പ്രവാസി പെൻഷൻ കുടിശ്ശികയുണ്ടെന്നാണ് അറിയുന്നത്. മറ്റ് ക്ഷേമപദ്ധതികൾക്കൊപ്പം പ്രവാസി ക്ഷേമത്തിനും സർക്കാർ അർഹമായ പരിഗണന നൽകണം.
നോർക്ക കെയർ പോലുള്ള സർക്കാർ ക്ഷേമപദ്ധതികളിൽ അംഗങ്ങളാകാൻ പ്രവാസികൾക്കിടയിൽ ബോധവൽകരണവും കാമ്പയിനുകളും നടത്തുന്ന പ്രവാസി സംഘടനകൾക്കും ഈ വിഷയത്തിൽ വലിയ ഉത്തരവാദിത്വമുണ്ട്. ആളുകളെ പദ്ധതികളിൽ അംഗങ്ങളാക്കുന്നതിൽ മാത്രം ഒതുങ്ങാതെ, പ്രവാസികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കാനും വീഴ്ചകൾക്കെതിരെ ശക്തമായി പ്രതികരിക്കാനും സർക്കാരിൽ സമ്മർദ്ദം ചെലുത്താനും സംഘടനകൾ മുന്നോട്ടുവരണം.

