ലിപികളുടെ ചരിത്രവുമായി മലയാളിയുടെ ഡോക്യുമെന്ററി; പ്രദർശനം ഇന്ന് റിയാദിൽ
text_fieldsമുസ്തഫ യൂസുഫ്
റിയാദ്: ക്രിസ്തുവിന് മുമ്പുള്ള അറേബ്യൻ ഉപഭൂഖണ്ഡത്തിലെ സംസ്കാരത്തെയും ലിപികളെയും കുറിച്ച് ഗവേഷണം നടത്തുന്ന മലയാളി പ്രവാസി യുവാവ് തയാറാക്കിയ ഡോക്യുമെന്ററി ഇന്ന്(വെള്ളിയാഴ്ച) റിയാദിൽ പ്രദർശിപ്പിക്കും.
തൃശ്ശൂർ ചെന്ത്രാപ്പിന്നി സ്വദേശി പള്ളിപ്പറമ്പിൽ മുസ്തഫ യൂസഫ് ഒരുക്കിയ ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രദർശിപ്പിക്കുന്നത്.
മലയാളത്തിലും അറബിയിലുമായി തയാറാക്കിയ ഈ ഡോക്യുമെന്ററി റിയാദിലെ ഷോല മാളിൽ നടക്കുന്ന കിയ റിയാദ് മെഗാ കലോത്സവത്തിൽ വെച്ച് വൈകുന്നേരം ആറ് മണിക്ക് പ്രദർശിപ്പിക്കും.
പ്രദർശനത്തിനെത്തുന്ന സന്ദർശകർക്കായി പുരാതന 'അൽ മുസ്നദ്' ലിപി പരിചയപ്പെടാനും എഴുതി പഠിക്കാനും, അക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചിരുന്ന മറ്റ് ലിപികളെക്കുറിച്ച് കൂടുതൽ അറിയാനും പ്രത്യേക പവലിയനും ഒരുക്കുന്നുണ്ട്.
സൗദി അറേബ്യയിൽ ആദ്യമായാണ് ഈ പുരാതന ലിപി പരിചയപ്പെടുത്തുന്നതിനായി ഇത്തരമൊരു പവലിയൻ ഒരുക്കുന്നത്. മലയാളം, ഇംഗ്ലീഷ്, അറബി എന്നീ ഭാഷകളിൽ തയ്യാറാക്കിയ വിവര ഫലകങ്ങളും, എഴുതി പരിശീലിക്കാൻ പാകത്തിലുള്ള അക്ഷരമാലയും പവലിയനിൽ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, റിയാദിലെ പ്രമുഖ മ്യൂസിയങ്ങൾ സന്ദർശിച്ച് പൗരാണിക ചരിത്രം പഠിക്കുന്നതിനായി റിയാദ് കേന്ദ്രീകരിച്ച് 'മുസിരിസ് ആർട്സ് ക്ലബ്' എന്ന പേരിൽ ഒരു കൂട്ടായ്മക്കും രൂപം നൽകിയിട്ടുണ്ട്.

