നാടന്‍ രുചികളുമായി സഫാരി തട്ടുകട പ്രമോഷന് തുടക്കം
text_fieldsമലയാളി രുചിക്കൂട്ടുകളുമായി സഫാരിയില്‍ ആരംഭിച്ച തട്ടുകട പ്രമോഷന് ഡെപ്യൂട്ടി ചെയര്മാന് ആൻഡ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃഖലയായ സഫാരിയില്‍ ബേക്കറി ആന്‍ഡ് ഹോട്ട്ഫുഡ് വിഭാഗത്തില്‍ മലയാളി രുചിക്കൂട്ടുകളുമായി തട്ടുകട പ്രമോഷന് ആരംഭിച്ചു. അബു ഹമൂറിലെ സഫാരി മാളിൽ നടന്ന ചടങ്ങിൽ സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്മാന് ആൻഡ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സഫാരി മാനേജ്മെന്റ് പ്രതിനിധികൾ ചടങ്ങില്‍ സന്നിഹിതരായിരുന്നു. നാടന്‍ രുചികളുടെ തനിമ നിലനിര്‍ത്തി ഗൃഹാതുര ഓർമകളെ തൊട്ടുണര്‍ത്തിക്കൊണ്ട് സഫാരിയുടെ ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തില്‍ ആരംഭിച്ച തട്ടുകട ഫെസ്റ്റിവലില്‍ ചായ, പരിപ്പുവട, ഇലയട, ഉഴുന്നുവട, പഴംപൊരി, ഉള്ളിവട, തുടങ്ങിയ പലഹാരങ്ങളും കുഞ്ഞന്‍ കോഴിക്കൂട്ട്, കാട പൊരിച്ചത്, കോഴി കുരുമുളകില്‍ പെരട്ടിയത്, കരിമീന്‍ ഇലയില്‍ പൊള്ളിച്ചത്, ആട്ടിന്‍ തല കുരുമുളകില്‍ കുറുക്കിയത് തുടങ്ങിയ നിരവധി തട്ടുകട പ്രമോഷനിൽ ഒരുക്കിയിട്ടുണ്ട്. കപ്പയും ചാളക്കറിയും, നത്തോലി പൊരിച്ചത്, കാട കനലില്‍ ചുട്ടത്, പോത്ത് കായ ഉലര്‍ത്തിയത്, ചക്കക്കുരു മാങ്ങാക്കറി, ആട്ടിന്കാല് കനലില്‍ ചുട്ടത്, എല്ലും കപ്പയും തുടങ്ങി നാവില്‍ ഓര്‍മ്മകളുടെ രുചിവൈവിധ്യങ്ങളൊരുക്കി 75 ല്‍ പരം ഭക്ഷ്യവിഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
സഫാരി ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് സെക്ഷനില്‍ കൂടാതെ അബൂ ഹമൂറിലെ സഫാരി മാളിലെ ഫുഡ് കോര്‍ട്ടില്‍ നാടന്‍ തട്ടുകടയും ഒരുക്കിയിട്ടുണ്ട്. പഴയകാല സിനിമാ പോസ്റ്ററുകളും, റേഡിയോ ഗാനങ്ങളും തുടങ്ങി തനത് തട്ടുകടകളെ അനുസ്മരിപ്പിക്കുന്ന രംഗ സജ്ജീകരണങ്ങളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലെയും തട്ടുകട വിഭവങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പ്രമോഷൻ ഒരുക്കിയിരിക്കുന്നത്. ഈ പ്രമോഷന് അബൂ ഹമൂറിലെ സഫാരി മാളിലും അല്ഖോറിലേയും ബര്‍വ വില്ലേജിലേയും സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ലഭ്യമായിരിക്കും.

