ഐ.സി.ബി.എഫ് ദിനാഘോഷം വെള്ളിയാഴ്ച
text_fieldsഐ.സി.ബി.എഫ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐ.സി.ബി.എഫ്) ദ്വിവത്സര ആഘോഷമായ 'ഐ.സി.ബി.എഫ് ദിനം -2026' വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അൽ വക്റയിലെ ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂളിൽ വൈകീട്ട് അഞ്ചു മുതൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ ഡോ. ശ്രീകർ റെഡ്ഢി മുഖ്യാഥിതിയായി പങ്കെടുക്കും.
ചടങ്ങിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ 19 വ്യക്തികളെ ആദരിക്കും. ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ അംബാസഡർമാർ, എംബസി പ്രതിനിധികൾ, ഖത്തർ തൊഴിൽ മന്ത്രാലയം, ഐ.എൽ.ഒ, വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും. പ്രശസ്ത ദക്ഷിണേന്ത്യൻ പിന്നണി ഗായകൻ അജയ് വാര്യരും ദിവ്യ രാമചന്ദ്രനും പങ്കെടുക്കുന്ന ലൈവ് ഓർക്കസ്ട്ര സംഗീതവിരുന്ന് ആഘോഷങ്ങളുടെ ആകർഷണമായിരിക്കും.
ഖത്തറിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവരുടെ ക്ഷേമം ലക്ഷ്യമിട്ട് 1984 -ൽ ആണ് ഇന്ത്യൻ എംബസിയുടെ മാർഗനിർദ്ദേശത്തിൽ ഐ.സി.ബി.എഫ് രൂപീകൃതമായത്. ആരോഗ്യപരിപാലനം, സാമൂഹിക ക്ഷേമം, വിദ്യാഭ്യാസം, യുവജന ശാക്തീകരണം, തൊഴിൽ സഹായം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സേവനങ്ങളാണ് സംഘടന കാഴ്ചവെച്ചിട്ടുള്ളത്.
എംബസി സേവനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി കോൺസുലാർ സേവനങ്ങൾ, അൽ ഖോർ, റാസ് ലഫാൻ, ദുഖാൻ, സനയ്യ, ഷഹാനിയ തുടങ്ങിയ സ്ഥലങ്ങളിൽ സ്പെഷൽ ക്യാമ്പുകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
ഭീമ തകാഫുൾ ഇൻഷുറൻസ്, ജയിൽ സന്ദർശനം, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായങ്ങൾ, തൊഴിലാളികളുടെയും ഗാർഹിക തൊഴിലാളികളുടെയും ക്ഷേമപ്രവർത്തനങ്ങൾ, വിദ്യാഭ്യസ സഹായങ്ങൾ, പ്രവാസി സംഘടനകളുമായും സർക്കാരുകളുമായും ബന്ധപ്പെട്ട സേവനങ്ങൾ തുടങ്ങിയ വിവിധ ക്ഷേമപദ്ധതികൾ ഐ.സി.ബി.എഫ് നടപ്പാക്കി വരുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഐ.സി.ബി.എഫ് കാഞ്ചാണി ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഷാനവാസ് ബാവ ,ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, സെക്രട്ടറി ജാഫർ തയ്യിൽ, ആശ്രയ ആൻഡ് മെഡിക്കൽ ക്യാമ്പ് കോഓഡിനേറ്റർ മിനി സിബി, ഇൻഷുറൻസ് കോഓഡിനേറ്റർ മണിഭാരതി, ജയിൽ വിസിറ്റ് ആൻഡ് ഡൊമസ്റ്റിക് വർക്കേഴ്സ് കോഓഡിനേറ്റർ നിലാംമ്പരി സുശാന്ത് എന്നിവർ പങ്കെടുത്തു.

