എഫ്.സി.സി കഥാസഞ്ചാരം സംഘടിപ്പിച്ചു
text_fieldsഎഫ്.സി.സി സംഘടിപ്പിച്ച ‘കാടിത് കണ്ടായോ കാന്താ’ കഥാസഞ്ചാരം പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: എഫ്.സി.സി ലൈബ്രറി വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ‘കാടിത് കണ്ടായോ കാന്താ’ എന്ന പേരിൽ കഥാസഞ്ചാരം സംഘടിപ്പിച്ചു. ദോഹയിലെ എട്ടു കഥാകൃത്തുക്കൾ തങ്ങളുടെ കഥകൾ അവതരിപ്പിച്ച പരിപാടി, സമകാലിക ചെറുകഥകളുടെ വൈവിധ്യവും ആഖ്യാനരീതികളും ചർച്ച ചെയ്യുന്നതിനും കഥകളിലൂടെ പുതിയ ചിന്തകൾ പങ്കുവെക്കുന്നതിനുമുള്ള വേദിയായി.
മുരളി വാളൂരാന്റെ മിണ്ടിയും മിണ്ടാതെയും രണ്ട് കുഞ്ഞുങ്ങൾ, ജയൻ മടിക്കൈയുടെ തീ പോലൊരു ചെക്കൻ, രാജേഷ് ഉണ്ണികൃഷ്ണന്റെ നിങ്ങൾ നിരീക്ഷണത്തിലാണ്, അമൽ ഫെർമിസിന്റെ പൊക്കിൾക്കൊടി ചുറ്റിവരിഞ്ഞ്, നെജിത പുന്നയൂർക്കുളത്തിന്റെ തനിയെ, ജിതിൻ ഗോപിനാഥന്റെ എങ്കിലും വേനൽമഴ പെയ്യാതിരിക്കട്ടെ, ബിനു ജോണിന്റെ തങ്കപ്പേട്ടന്റെ ബീഡിക്കെട്ട്, ആയിഷ ശിഹാനയുടെ മഴയോരത്ത് എന്നീ കഥകളാണ് അവതരിപ്പിച്ചത്.
കഥാകൃത്തുക്കളെയും അവരുടെ കഥകളെയും നസീഹ മജീദ് പരിചയപ്പെടുത്തി. തുടർന്ന് സ്മിത ആദർശ്, ഷൈജു ധമനി എന്നിവർ കഥാസ്വാദനവും നിരൂപണവും നിർവഹിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ശ്രീനാഥ് ശങ്കരൻകുട്ടി, റേഡിയോ മലയാളം സി.ഇ.ഒ. അൻവർ ഹുസൈൻ, സി.ആർ. മനോജ്, പി.ടി. യൂനുസ്, ഖത്തർ ഓതേഴ്സ് ഫോറം പ്രസിഡന്റ് കെ.സി. സാബു, അനിൽ പ്രകാശ്, ഷാഫി തുടങ്ങിയവർ പങ്കെടുത്തു. തൻസീം കുറ്റിയാടി മോഡറേറ്ററായിരുന്നു. എഫ്.സി.സി. ഡയറക്ടർ ഹബീബ് റഹ്മാൻ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. കൺവീനർ മജീദ് നാദാപുരം സ്വാഗതവും നൗഫിറ ഹുസൈൻ നന്ദിയും പറഞ്ഞു.
എഫ്.സി.സി. ലൈബ്രറിയിലേക്കുള്ള പുസ്തകം റഫീഖ് മെച്ചേരിയും നൗഫിറയും ചേർന്ന് ഏറ്റുവാങ്ങി. മധു, ഹരി, അപർണ, റനീഷ്, സലീല, സുനില, ലേഖ, ബഹിയത്, ഷംല ജാഫർ എന്നിവരും എഫ്.സി.സി പ്രതിനിധികളും നേതൃത്വം നൽകി.

