എരിയാൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് നവം. 19ന്; പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsഎരിയാൽ കമ്മ്യൂണിറ്റി ഫോറം ഖത്തർ സംഘടിപ്പിക്കുന്ന എരിയാൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെയും കുടുംബസംഗമത്തിന്റെയും പോസ്റ്റർ പ്രകാശനം ചെയ്തപ്പോൾ
ദോഹ: എരിയാൽ കമ്മ്യൂണിറ്റി ഫോറം ഖത്തർ സംഘടിപ്പിക്കുന്ന എരിയാൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെയും കുടുംബസംഗമത്തിന്റെയും പോസ്റ്റർ പ്രകാശനം ചെയ്തു. റേഡിയോ സുനോയിൽ നടന്ന ചടങ്ങിൽ ആർ.ജെ അശ്വതി പ്രകാശനം നിർവഹിച്ചു. നവംബർ 19ന് രാത്രി 10 മുതൽ ഗറാഫയിലെ പേളിങ് ഇന്റർനാഷണൽ സ്കൂളിൽ പരിപാടി നടക്കും. ഖത്തറിലെ എരിയാൽ നിവാസികൾക്കിടയിലെ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനും വിവിധ പ്രദേശങ്ങളിലുള്ള നാട്ടുകാരെയും അവരുടെ കുടുംബാംഗങ്ങളെയും ഒരുമിപ്പിക്കുന്നതിനുമായാണ് ക്രിക്കറ്റ് ടൂർണമെന്റും കുടുംബസംഗമവും സംഘടിപ്പിക്കുന്നത്. കായിക മത്സരങ്ങൾക്കപ്പുറം പരസ്പര ബന്ധങ്ങൾ ദൃഢമാക്കാനും പുതിയ തലമുറക്ക് സൗഹൃദം വളർത്താനുമുള്ള അവസരമായിരിക്കും പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.
ടൂർണമെന്റിൽ നാല് ടീമുകളായി പരസ്പരം മാറ്റുരക്കും. മികച്ച താരങ്ങൾ അണിനിരക്കുന്ന ആവേശകരമായ പോരാട്ടങ്ങൾക്കാണ് വേദിയൊരുങ്ങുന്നത്. ക്രിക്കറ്റ് ആവേശത്തോടൊപ്പം സൗഹൃദവും ടീം സ്പിരിറ്റും നിറഞ്ഞ കായികമേള ഒരുക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായിവരികയാണ്. ക്രിക്കറ്റ് മത്സരങ്ങൾക്കൊപ്പം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധ വിനോദ പരിപാടികളും സൗഹൃദ സംഗമങ്ങളും ഒരുക്കുന്നുണ്ട്. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിൽ കുടുംബസംഗമം ക്രമീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പോസ്റ്റർ പ്രകാശന ചടങ്ങിൽ ഹാരിസ് എരിയാൽ, അബ്ദുൽ റഹിമാൻ എരിയാൽ, അൽത്താഫ് ചെരങ്കൈ, അൻവർ എരിയാൽ, സാദത്ത് കുളങ്കര, നുമാൻ തുടങ്ങിയവർ പങ്കെടുത്തു

