ആയിരങ്ങൾക്ക് തുണയായി ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ്
text_fieldsസി.ഐ.സി ഏഷ്യൻ മെഡിക്കൽ ക്യാമ്പ് ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഢി ഉദ്ഘാടനം ചെയ്യുന്നു,
ദോഹ: ഖത്തറിന്റെ വിവിധപ്രദേശങ്ങളില്‍ നിന്ന് അതിരാവിലെ മുതല്‍ ഒഴുകിയെത്തിയ സാധാരണക്കാരായ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങി വിവിധ ഏഷ്യൻരാജ്യങ്ങളിലെ ആയിരങ്ങള്‍ക്ക് ആശ്വാസത്തിന്റെ ആശ്രയമൊരുക്കി ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ്. ദോഹ ഉമ്മുൽ സനീന്‍ ഹെല്‍ത്ത് സെന്ററില്‍ നടന്ന ക്യാമ്പ് ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഢി ഉദ്ഘാടനം നിർവഹിച്ചു. നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്കൻ അംബാസഡർമാരും എംബസി ഉദ്യോഗസ്ഥരും ഖത്തർ ആരോഗ്യമന്ത്രാലയം ഉന്നതോദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
സി.ഐ.സി പ്രസിഡന്റ് ആര്.എസ്. അബ്ദുല്‍ ജലീല്‍, ഐഡിസി പ്രസിഡന്റ് ഡോ. റിനി കെ. ഷൗക്കത്ത്, അഹ്മദ് അല്‍മാലികി (അസി. എക്സിക്യൂട്ടീവ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് എച്ച്.എം.സി), സിതാര ഖാന് അസര്ദ് (ശ്രീലങ്കന്‍ അംബാസഡര്‍), ജിതേന്ദ്ര ഗിരി (ഫസ്റ്റ് സെക്രട്ടറി, നേപ്പാള്‍ എംബസി), മശ്ഹൂദുല് കബീര്‍ (സീനിയര്‍ കൗണ്‍സിലര്‍, ബംഗ്ലാദേശ് എംബസി), ഡോ. ദിനേശ് കുമാര്‍ കൗള്‍ (അറ്റാഷെ – കൊമേഴ്സ്, ഇന്ത്യന്‍ എംബസി), ഡോ. മോഹന്‍ തോമസ് (പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ്, ഐഡിസി മുന്‍ പ്രസിഡന്റ്), ഡോ. ഹയാം അല്‍സാദ (റീജണല്‍ ഡയറക്ടര്‍, പിഎച്ച്സിസി), ഡോ. യൂസുഫ് അല്‍ റബീഅ (ആക്ടിങ് ഡയറക്ടര്‍, ഉമ്മുല്‍ സനീം ഹെല്‍ത്ത് സെന്റര്‍), ഡോ. അബ്ദുല്‍ വാഹിദ് അല്‍മുല്ല (ചെയര്മാന്, കാര്‍ഡിയാക് സര്‍ജറി, ഹാര്‍ട്ട് ഹോസ്പിറ്റല്‍), ഡോ. ഹിബ അദ്നാന് അബൂ ഹലാവ (ഹെഡ് ഓഫ് ഹെല്‍ത്ത് അവയര്‍നെസ്, പിഎച്ച്സിസി), ഡോ. അബ്ദുല്‍ റഷീദ് (ഹെഡ് ഓഫ് കാര്‍ഡിയാക് അനസ്തേഷ്യ ആന്‍ഡ് ഐസിയു, ഹാര്‍ട്ട് ഹോസ്പിറ്റല്‍), അഷ്റഫ് (എം.ഡി, വെല്‍കെയര്‍ ഫാര്‍മസി), വിവിധ അപെക്സ് ബോഡി പ്രസിഡന്റുമാരായ എ.പി. മണികണ്ഠൻ, ഷാനവാസ് ബാവ, താഹ മുഹമ്മദ്, പി.എം. ബാബുരാജ്, കെ.എസ്. പ്രസാദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സൗജന്യ മെഡിക്കല്‍ ക്യാമ്പിൽ എത്തിയവരുടെ തിരക്ക്
ഖത്തര്‍ ആരോഗ്യമന്ത്രാലയം, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പറേഷന്, ഹമദ് മെഡിക്കല്‍ കോര്പറേഷന് എന്നിവയുടെ മേല്‍ നോട്ടത്തില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്ബ് (ഐഡിസി) മായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ് വിവിധ വൈദ്യ സേവനങ്ങള്‍, മികച്ച സംഘാടനം, ആരോഗ്യരംഗത്തെ വിവിധ കൂട്ടായ്മകളുടെ പങ്കാളിത്തം, പ്രതിബദ്ധരായ സന്നദ്ധപ്രവര്‍ത്തകരുടെ നിസ്വാര്‍ഥ സേവനം തുടങ്ങി വേറിട്ട അനുഭവങ്ങളുടെ സംഗമവേദിയായി. യൂനിഖ്, വെല്‍കെയര്‍ ഫാര്‍മസി, ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന് ഖത്തർ, ഇന്ത്യന്‍ ഫിസിയോ തെറാപ്പി ഫോറം എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പൊതുജനങ്ങൾക്കായി വിദഗ്ധർ നയിച്ച ആരോഗ്യബോധവത്കരണ ക്ലാസുകൾ, രക്തദാനം, അവയവദാന രജിസ്ട്രേഷൻ, കൗൺസലിങ്, ഫിസിയോ തെറപ്പി, ഓഡിയോളജി, നേത്രപരിശോധന തുടങ്ങിയ സേവനങ്ങളും ക്യാമ്പിൽ ലഭ്യമായിരുന്നു. ഇരുപത് വര്‍ഷമായി വ്യവസ്ഥാപിതമായി സംഘടിപ്പിച്ചു വരുന്ന ക്യാമ്പ് ജി.സി.സിയിലെ തന്നെ ഏറ്റവും വലിയ ക്യാമ്പുകളിലൊന്നാണ്. നേരത്തെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയ 3400 ല്‍ പരം പേര്‍ക്കാണ് ഇത്തവണ ക്യാമ്പില്‍ മരുന്ന് അടക്കമുള്ള സൗജന്യസേവനങ്ങള്‍ ലഭ്യമാക്കിയത്.
ഡോ. സോണി സി. ദാസ് (ചര്‍മരോഗ വിദഗ്ധന്‍), ഡോ. കെ. കൃഷ്ണകുമാര്‍ (നെഫ്രോളജി സ്പെഷലിസ്റ്റ്, ഹമദ് ഹോസ്പിറ്റല്‍), ഡോ. കെ.പി. ഹേമ (ഗൈനക്കോളജിസ്റ്റ്, ആസ്റ്റര്‍ മിംസ്) തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. ക്യാമ്പ് ജനറൽ കൺവീനർ നൗഫൽ പാലേരി, കൺവീനർ മുഷ്താഖ് ഹുസൈൻ, ക്യാമ്പ് ഇൻ ചാർജ് ഡോ. ഷഫീഖ് താപ്പി എന്നിവർ നേതൃത്വം നൽകി.
പരസ്പരധാരണയും സൗഹൃദവും ശക്തിപ്പെടുത്തും -ഇന്ത്യന്‍ അംബാസഡര്‍
ദോഹ: സി.ഐ.സിയും ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് സാമൂഹ്യസേവനത്തിന്റെയും ആരോഗ്യ സംരക്ഷണത്തിനുള്ള പ്രതിബദ്ധയുടെയും മികച്ച മാതൃകയാണെന്നും വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള പരസ്പരധാരണയും സൗഹൃദവും കൂടൂതല്‍ ശക്തമാക്കാന്‍ സഹായിക്കുന്നതുമാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. കെ ശ്രീകര്‍ റെഡ്ഡി അഭിപ്രായപ്പെട്ടു.
ഏഷ്യൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തശേഷം ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഢി സംസാരിക്കുന്നു
ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും വലിയ ക്യാമ്പ്, പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. ഇന്ത്യൻ സംസ്കാരം സഹവർത്തിത്വത്തിന്റെയും ഉൾക്കൊള്ളലിന്റെയും സംസ്കാരമാണ്. ഉമ്മുസനീന് ഹെല്‍ത്ത് സെന്ററില്‍ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിസ്വാര്‍ത്ഥ സേവനമെന്ന ആശയം നമ്മുടെ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്യാമ്പിന്റെ വിജയത്തിനായി മാസങ്ങളായി പരിശ്രമിച്ച സി.ഐ.സി, ഐ.ഡി.സി അംഗങ്ങള്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും അംബാസഡര്‍ നന്ദി രേഖപ്പെടുത്തി.

