ബഹ്‌റൈൻ ടോപ് സിംഗറിനും, ‘അരങ്ങേറ്റം 2026’നും സംഘാടകസമിതികൾ നിലവിൽ വന്നു
text_fieldsപ്രതി ബഹ്‌റൈൻ ടോപ് സിംഗറിനും, ‘അരങ്ങേറ്റം 2026’നുമായുള്ള സംഘാടകസമിതി യോഗത്തിൽനിന്ന്
മനാമ: ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ബഹ്‌റൈൻ ടോപ് സിംഗർ’ സംഗീതമത്സരത്തിന്റെയും ‘അരങ്ങേറ്റം 2026’ കുട്ടികളുടെ നാടകമത്സരത്തിന്റെയും വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതികൾ രൂപീകരിച്ചു. ഇതിന്റെ ഭാഗമായി സൽമാനിയയിലെ പ്രതിഭ സെന്ററിൽ സംഘാടകസമിതി രൂപീകരണയോഗം ചേർന്നു.
പ്രതിഭ മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രതിഭ ജോയിന്റ് സെക്രട്ടറി നിരൺ സുബ്രഹ്മണ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രതിഭ പ്രസിഡന്റ് മഹേഷ് കെ.വി. അധ്യക്ഷത വഹിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി.കെ. ഇരു പരിപാടികളുടെയും സംഘാടകസമിതി പാനലുകൾ അവതരിപ്പിക്കുകയും മത്സരങ്ങളുടെ ലക്ഷ്യങ്ങളും നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശദീകരിക്കുകയും ചെയ്തു.
ചടങ്ങിൽ ‘ബഹ്‌റൈൻ ടോപ് സിംഗർ’ സംഗീതമത്സരത്തിന്റെ ഡിജിറ്റൽ ലോഗോ പ്രതിഭ മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ പ്രകാശനം ചെയ്തു. പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ ഷീബ രാജീവൻ, എൻ.കെ. വീരമണി, ലിവിൻ കുമാർ, കെ.എം. സതീഷ്, ഷീജ വീരമണി, രാജേഷ് ആറ്റടപ്പ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
‘ബഹ്‌റൈൻ ടോപ് സിംഗർ’ സംഘാടകസമിതി ചെയർമാനായി ഗിരീഷ് മോഹനനെയും വൈസ് ചെയർപേഴ്സണായി ഷീബ രാജീവനെയും ജനറൽ കൺവീനറായി ഷിജു പിണറായിയെയും സാമ്പത്തിക കൺവീനറായി നുബിൻ അൻസാരിയെയും തെരഞ്ഞെടുത്തു. ‘അരങ്ങേറ്റം 2026’ നാടകമത്സര സംഘാടകസമിതി ചെയർമാനായി എൻ.കെ. വീരമണിയെയും ജനറൽ കൺവീനറായി മിജോഷ് മോറാഴയെയും സാമ്പത്തിക കൺവീനറായി അനിൽ കെ.പി.യെയും തെരഞ്ഞെടുത്തു.
കുട്ടികളുടെ സർഗാത്മകതയ്ക്കും അഭിനയമികവിനും വേദിയൊരുക്കുന്ന ‘അരങ്ങേറ്റം 2026’ ഡിസംബർ 18ന് അരങ്ങേറും. സംഗീതപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ബഹ്‌റൈൻ ടോപ് സിംഗർ’ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. കലയും സംസ്കാരവും പുതുതലമുറയുടെ സർഗാത്മക വളർച്ചയും കൈകോർക്കുന്ന ഈ രണ്ട് പരിപാടികളും ബഹ്‌റൈനിലെ കലാസ്വാദകർക്ക് വേറിട്ട അനുഭവമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

