പ്രവാസി ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണം; ക്ഷേമ ബോർഡ് പുനഃസംഘടിപ്പിക്കണം
text_fieldsമസ്കത്ത്: പ്രവാസി ഇൻഷുറൻസ് പ്രീമിയം വർധന അടിയന്തരമായി പിൻവലിക്കണമെന്നും കേരള പ്രവാസി ക്ഷേമ ബോർഡ് ജനാധിപത്യപരമായും സുതാര്യമായും പുനഃസംഘടിപ്പിക്കണമെന്നും ഇൻകാസ് പ്രതിനിധി സന്തോഷ് പള്ളിക്കൽ ആവശ്യപ്പെട്ടു. പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഇൻഷുറൻസ് പ്രീമിയം വർധന സാധാരണ പ്രവാസികൾക്കും കുടുംബങ്ങൾക്കും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. വർധനയുടെ കാരണങ്ങൾ പരിശോധിച്ച് തീരുമാനം പിൻവലിക്കാനും എല്ലാവർക്കും താങ്ങാനാകുന്ന നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും സർക്കാർ നടപടി സ്വീകരിക്കണം.
കേരള പ്രവാസി ക്ഷേമ ബോർഡിന്റെ നിലവിലെ ഘടനയും അംഗനിയമന രീതിയും പുനഃപരിശോധിക്കണം. ബോർഡിൽ സി.പി.എം അനുഭാവികൾക്കും പാർട്ടിയുമായി ബന്ധമുള്ളവർക്കും അമിത പ്രാതിനിധ്യം ലഭിക്കുന്നുവെന്ന വിമർശനം ഗൗരവമായി പരിഗണിക്കണം. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ താൽപര്യങ്ങൾക്ക് വിധേയമാകാതെ മുഴുവൻ പ്രവാസികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജനാധിപത്യ സംവിധാനമായി ബോർഡ് മാറണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാഷ്ട്രീയ, സാമൂഹിക, പ്രവാസി സംഘടനകളിൽനിന്നുള്ള അർഹരായ പ്രതിനിധികൾക്ക് ബോർഡിൽ നീതിപൂർവമായ പ്രാതിനിധ്യം ഉറപ്പാക്കണം. അംഗനിയമനത്തിൽ രാഷ്ട്രീയ പക്ഷപാതം ഒഴിവാക്കി യോഗ്യത, പ്രവാസി സമൂഹത്തിലെ പ്രവർത്തനപരിചയം, പൊതുസേവന പ്രതിബദ്ധത, സുതാര്യത എന്നിവ മാനദണ്ഡമാക്കണം. പ്രവാസി സംഘടനാ പ്രതിനിധികളുമായി സർക്കാർ അടിയന്തര ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കുന്നതിനും ക്ഷേമ ബോർഡ് പുനഃസംഘടിപ്പിക്കുന്നതിനും മുഖ്യമന്ത്രി വി.ഡി. സതീശൻ ഇടപെടണമെന്നും സന്തോഷ് പള്ളിക്കൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസനത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും പ്രവാസികൾ നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ലെന്നും അവരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കുന്നത് ഔദാര്യമല്ല, സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

